ad
Deshabhimani

ഇറാൻ യുദ്ധം തിരിച്ചടിക്കുന്നു; യുഎസ് ഇന്ധന വിപണിയിൽ വൻ പ്രതിസന്ധി, ഡീസൽ വില റെക്കോര്‍ഡ് ഉയരത്തിൽ

us diesel prices surge
വെബ് ഡെസ്ക്

Published on Sep 21, 2026, 05:28 PM | 3 min read

വാഷിങ്ടൺ: ലോകത്തിന് മുഴുവൻ ഇന്ധന പ്രതിസന്ധിയുടെ കെടുതികൾ സമ്മാനിച്ച ഇറാൻ യുദ്ധവും ഇതിന്റെ ഭാഗമായ ഹോര്‍മുസ് കടലിടുക്കിലെ ഉപരോധങ്ങളും അമേരിക്കയ്ക്ക് സ്വന്തം രാജ്യത്തും തിരിച്ചടിയാവുന്നു. ആഭ്യന്തര വിപണിയിൽ ഡീസൽ വില സര്‍വ്വകാല റെക്കോര്‍ഡുകൾ ഭേദിച്ച് ഉയര്‍ന്നു. യുഎസിൽ ചരക്കു വാഹനങ്ങൾക്ക് പുറമെ കൃഷി, നിര്‍മാണ മേഖല, ശൈത്യകാലത്തെ നേരിടാനുളള ചൂടുപകരണങ്ങൾ എന്നവയ്ക്കെല്ലാം ഡീസലാണ് മുഖ്യ ആശ്രയം.


രാജ്യത്തിനകത്ത് ജനങ്ങൾ ഡീസൽ ദൗര്‍ബല്യം മൂലം കെടുതികൾ അനുഭവിക്കുമ്പോഴും ഈ രംഗത്തെ കുത്തക കമ്പനികൾ ലാഭം വര്‍ധിപ്പിക്കുന്ന സാഹചര്യവും നിലനിൽനിൽക്കുന്നു. പ്രതിസന്ധി പരിഗണിച്ച് ഡീസൽ കയറ്റുമതി തടയണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗം ജോൺ തൂൺ രംഗത്തെത്തി.


വര്‍ധന 78 ശതമാനത്തിലധികം


സെപ്തംബ‍‍ര്‍ 14 ലെ കണക്കുകൾ പ്രകാരം ദേശീയ തലത്തിൽ സ്റ്റേറ്റുകളിലെ ശരാശരി ഡീസൽ വില ഗാലന് 6.28 ഡോളറാണ്. ഇസ്രയേൽ സമ്മര്‍ദ്ദത്തിന് വഴങ്ങി ഡൊണൾഡ് ട്രംപിന്റെ ഇറാൻ ആക്രമണ പദ്ധതിക്ക് മുൻപ് 2026 ജനുവരിയിൽ ഡീസൽ വില ഗാലന് വെറും 3.52 ഡോളറായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇനിയും ഉയരാമെന്നാണ് എനർജി മാർക്കറ്റ് വിദഗ്ധർ ചൂണ്ടികാട്ടുന്നത്.


ആറുമാസത്തിൽ ഏറെയായി തുടരുന്ന യുദ്ധവും ഹോര്‍മുസ് കടലിടുക്കിൽ എണ്ണ കപ്പലുകളുടെ നീക്കം തടസപ്പെട്ടതുമാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. ലോകത്തിലെ രണ്ടാമത്തെ വലിയ ഡീസൽ കയറ്റുമതി രാജ്യമാണ് റഷ്യ. ഉപരോധവും ഉക്രെയ്ൻ യുദ്ധത്തിലെ അടിയന്തരാവശ്യങ്ങളും മുൻനിര്‍ത്തി അവരും ഡീസൽ കയറ്റുമതി നിര്‍ത്തി വെച്ചിരിക്കയാണ്. ഈ നിരോധനം 2026 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.


കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ യു എസിൽ ഡീസൽ വേര്‍തിരിക്കുന്ന ഒരു റിഫൈനറി മാത്രമാണ് നിലവിൽ വന്നത്. എന്നാൽ വിപണിയിലെ ഈ പ്രതിസന്ധി നിലവിൽ യു എസ് കമ്പനികൾ ലാഭവിഹിതമാക്കി മാറ്റുന്നു. ക്രൂഡ് ഓയിലിൽ നിന്നും ഡീസൽ വേര്‍തിരിക്കുന്ന സ്വകാര്യ കുത്തകകൾ അവസരം മുതലാക്കി തങ്ങളുടെ ലാഭവിഹിതം (Crack Spreads) 100 ശതമാനമാക്കി ഉയര്‍ത്തിയതായി കണക്കുകൾ പറയുന്നു.


തിരിച്ചടി കര്‍ഷകര്‍ക്കും

സാധാരണക്കാര്‍ക്കും


ട്രംപിന്റെ ജനപ്രീതി എക്കാലത്തെയും പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കയാണ്. ഡീസൽ വിലക്കയറ്റം മൂലം കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. വിളകളുടെ ഉൽപാദന ചെലവിൽ 63 ശതമാനം അതായത് 1.4 ബില്യൺ ഡോളറിലധികം വര്‍ധന ഉണ്ടായതായി യു എസ് സാമ്പത്തിക സ്ഥിതിതിവിവര കണക്കുകൾ വിശകലനം ചെയ്യുന്ന സ്ഥാപനങ്ങൾ വിലയിരുത്തുന്നു. ഇല്ലിനോയിസ്, അയോവ, മിനസോട്ട സംസ്ഥാനങ്ങളിലെ കര്‍ഷകരെയാണ് ഇത് കൂടുതൽ ബാധിച്ചത്.

us economic destruction

ഇതോടൊപ്പം ചരക്കു നീക്കം ചെലവേറിയതായി. പണപ്പെരുപ്പം ഉയര്‍ന്നു. ഇത് വിലക്കയറ്റത്തിന്റെ രൂപത്തിലും തിരിച്ചടിക്കുന്നു. തണുപ്പ് കൂടിയ യു എസിന്റെ വടക്കു കിഴക്കൻ മേഖലകളിൽ വീടുകൾ ചൂടാക്കാൻ ഉപയോഗിക്കുന്ന ഹീറ്റിങ് ഓയിലിന് 30 ശതമാനം വില വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ശൈത്യകാലം ഇനിയും ചെലവേറിയതാവും എന്നാണ് റിപ്പോര്‍ടുകൾ. ഇന്ധന ശേഖരം തന്നെ പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ടുകൾ ഉണ്ട്. ഇനി, യുദ്ധം പെട്ടെന്ന് തീര്‍ന്നാലും വിലക്കയറ്റം തുടരുന്ന സാഹചര്യമാവും എന്നും വിലയിരുത്തപ്പെടുന്നു.



ആസൂത്രണത്തിലെ പിഴവുകൾ

കോര്‍പ്പറേറ്റ് തന്ത്രങ്ങൾ


ഇതിന്റെ മറുപുറം അമേരിക്ക ലോകത്ത ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉൽപാദക രാജ്യങ്ങളിൽ ഒന്നാണ്. എന്നാൽ ക്രൂഡ് നേരിട്ട് ഉപയോഗപ്പെടുത്താൻ കഴിയില്ല. എണ്ണ കുഴിച്ചെടുക്കുമ്പോഴും അവ സംസ്കരിക്കാനുള്ള സംവിധാനങ്ങൾ പരിമിതമാണ്. റിഫൈനറികൾ പലതും നഷ്ടം കാരണം അടച്ചു പൂട്ടിയ സാഹചര്യവും ഉണ്ടായി. ഉയര്‍ന്ന സൾഫര്‍ അടങ്ങിയ ഡീസലിനെതിരായ നിയമങ്ങളും കമ്പനികളെ തളര്‍ത്തി. ഇതോടൊപ്പം പാരമ്പര്യേതരവും ജൈവ മാര്‍ഗ്ഗത്തിലുള്ളതുമായി ഡീസലിനും ഇന്ധനങ്ങൾക്കും വലിയ സബ്സിഡി നൽകി. രാജ്യത്ത് ഉൽപാദിപ്പിക്കുന്നതിനെക്കാൾ പുറത്ത് നിന്നും വാങ്ങിക്കുന്നത് റിസ്ക് ഇല്ലാത്ത വഴി എന്ന നിലയ്ക്ക് സ്വീകരിക്കപ്പെട്ടു.


Oil Surge and Supply Crunch


നിലവിലുള്ള റിഫൈനറികൾക്ക് ആഭ്യന്തര വിപണി അത്ര പ്രിയകരമല്ല. ഡിമാന്റ് വര്‍ധിച്ചതോടെ യൂറോപ്യൻ രാജ്യങ്ങളിൽ ഉയര്‍ന്ന വിലയ്ക്ക് കയറ്റി അയക്കുന്നതിനാണ് മുൻതൂക്കം. നിലവിൽ അമേരിക്കയിലുള്ള റിഫൈനറികൾ അവയുടെ പരമാവധി ശേഷിയുടെ 98%-ലും പ്രവർത്തിക്കുന്നു എന്നാണ് കണക്കുകൾ. എന്നാൽ അവരുടെ ആഭ്യന്തര ഉപയോഗത്തിന് ആവശ്യത്തിന് ലഭിക്കുന്നില്ല. റിഫൈനറികളുടെ എണ്ണക്കുറവ്, പരിസ്ഥിതി നിയമങ്ങൾ, വിദേശങ്ങളിലേക്കുള്ള ഇന്ധന കയറ്റുമതി, ആഗോള യുദ്ധ അന്തരീക്ഷം ഇവയെല്ലാം ചേര്‍ന്നാണ് തിരിച്ചടി രൂക്ഷമാക്കിയിരിക്കുന്നത്. ഇവ മൊത്തം ക്രൂഡ് വിപണിയിൽ താമസിയാതെ പ്രതിഫലിച്ചേക്കാം. ഇത് ഇതര രാജ്യങ്ങളിലും വിലക്കയറ്റമായി പടരാം.


വെനസ്വേലയെ കോളനീകരിച്ചിട്ടും


ലോകത്തിൽ ഏറ്റവും അധികം എണ്ണ ശേഖരമുള്ള വെനസ്വേലയെ ഭരണാധികാരികളെ ബന്ദികളാക്കിയ ശേഷം കാൽക്കീഴിൽ കൊണ്ടു വന്നു. പക്ഷേ ഈ എണ്ണ വേര്‍തിരിച്ചെടുക്കുക എളുപ്പമല്ല. ഏറ്റവും അധികം സൾഫര്‍ അടങ്ങിയ ഹെവി ക്രൂഡ് (Heavy/Extra-Heavy Crude) ആണ് അവരുടേത്. വര്‍ഷങ്ങൾ നീണ്ട ഉപരോധത്തിലൂടെയാണ് യു എസ് വെനസ്വേലയെ ദുര്‍ബലമാക്കി തീര്‍ത്തത്. ഇത് അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും ഖനന വ്യവസായ മേഖലകളെയും തളര്‍ത്തി. പഴയതുപോലെ വൻതോതിൽ എണ്ണ ഉത്പാദിപ്പിക്കണമെങ്കിൽ കോടിക്കണക്കിന് ഡോളറിന്റെ പുതിയ നിക്ഷേപവും വർഷങ്ങളുടെ അധ്വാനവും ആവശ്യമാവും. രാഷ്ട്രീയമായും സാമ്പത്തികമായും പ്രയോജനം ഉദ്ദേശിച്ചാണ് വെനസ്വേലയെ കോളനിയാക്കാൻ നീക്കം നടത്തിയത്. പക്ഷേ ഇതിനായി നടത്തിയ അതിക്രമങ്ങളും തിരിച്ചടിക്കുന്ന സാഹചര്യമാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home