ad
Deshabhimani

വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; കാസർകോട് ഡോക്ടർക്ക് നഷ്ടമായത് 1.19 കോടി

digitel arrest neeleswaram shamshad

പിടിയിലായ ഷംസാദ് (ഇടത്), പ്രതീകാത്മക ചിത്രം (വലത്)

വെബ് ഡെസ്ക്

Published on Sep 21, 2026, 05:19 PM | 2 min read

നീലേശ്വരം: കാസർകോട് നീലേശ്വരത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. 80 കാരനായ ഡോക്ടർക്ക് 1.19 കോടി രൂപയാണ് നഷ്ടമായത്. സംഭവത്തിൽ മലപ്പുറം മേലാറ്റൂർ എടയറ്റൂർ ചുരക്കത്ത് ഷംസാദിനെ പൊലീസ് പിടികൂടി. ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി ഷംസാദ് തുക തട്ടിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.


കാസർകോട് ജില്ലാ പൊലീസ് മേധാവി പി നിധിൻരാജ് സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ രാജീവൻ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ്. 2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയുള്ള കാലയളവിലാണ് നീലേശ്വരം സ്വദേശിയായ ഡോക്ടറെ ഫോണിലൂടെയും വാട്സ്ആപ്പ് വീഡിയോ കോളിലൂടെയും ബന്ധപ്പെട്ട പ്രതികൾ മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തിയത്.


മണി ലോണ്ടറിങ് കേസിൽ ഡോക്ടർ ഉൾപ്പെട്ടിട്ടുണ്ടെന്നും “ഡിജിറ്റൽ അറസ്റ്റ്” ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിനും റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കുമായി പണം കൈമാറണമെന്നു വിശ്വസിപ്പിച്ചാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി ആകെ 1,19,35,000 രൂപ പ്രതികൾ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് അയപ്പിച്ചത്. തുടർന്ന് കാസർകോട് സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


അന്വേഷണത്തിൽ പരാതിക്കാരന്റെ നീലേശ്വരത്തെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്ന് 2025 ഡിസംബർ 17ന് തട്ടിയെടുത്ത 46,25,000 നാഗാലാൻഡിലെ പുരാന ബസാർ ശാഖയിലുള്ള ആക്സിസ് ബാങ്കിന്റെ ലെയർ-1 അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. ഇതേ ദിവസം പ്രസ്തുത തുകയിൽനിന്ന് 9,60,000 രൂപ രണ്ട് ഇടപാടുകളിലായി പ്രതിയായ ഷംസാദിൻ്റെ പേരിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മഞ്ചേരി ശാഖയിലെ അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ 9 ലക്ഷം രൂപ ചെക്ക് മുഖേന പിൻവലിച്ച് ചെലവഴിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഷംസാദിനെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. 2026 സെപ്റ്റംബർ 17ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച് കേരള പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home