ബിഹാറിൽ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും തടഞ്ഞുനിര്‍ത്തി ആക്രമിച്ചു; മൂന്ന് പേർ അറസ്റ്റിൽ

പട്ന: ബിഹാറിൽ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ബിഹാറിലെ ജമുയിയിൽ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് വ്യാപക പ്രതിഷേധമാണുയർന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ ബിഹാർ പൊലീസ്, ജാമുയി പൊലീസിന് നിർദേശം നൽകിയിരുന്നു. പത്താംക്ലാസ്സില്‍ പഠിക്കുന്നവരാണ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയും ആണ്‍കുട്ടിയും
ഒരു സംഘം ആളുകൾ ഇരുവരെയും തടഞ്ഞുവെക്കുന്നതും, മുഖം മൂടിയ ഒരാൾ പെൺകുട്ടിയെ ബലമായി വലിച്ചിഴച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പെൺകുട്ടി നിലവിളിച്ചുകൊണ്ട് എതിർക്കുന്നതും ഒപ്പമുള്ള യുവാവ് രക്ഷിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
ഇരുവരും അവിടെനിന്ന് രക്ഷപ്പെട്ടെങ്കിലും, സ്കൂട്ടറിൽ പോകുന്നതിനിടെ സംഘം വീണ്ടും ഇവരെ തടയുകയും തർക്കമുണ്ടാകുകയും ചെയ്തു. ഇരുവരും അപേക്ഷിച്ച ശേഷമാണ് അക്രമികൾ ഇവരെ പോകാൻ അനുവദിച്ചത്. രാത്രിയിലാണ് സംഭവം നടക്കുന്നത്. എക്സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതോടെ, സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ ബിഹാർ പൊലീസ് ജാമുയി പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. സദാചാര ഗുണ്ടായിസത്തിനെതിരെയും പീഡനത്തിനെതിരെയും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.









0 comments