ബിഹാറിൽ ഭർതൃമാതാവിനെ മരുമകളും കാമുകനും ചേർന്ന് അടിച്ചുകൊന്നു

പട്ന: ബിഹാറിൽ ഭർതൃമാതാവിനെ മരുമകളും കാമുകനും ചേർന്ന് അടിച്ചുകൊന്നു. ബിഹാറിലെ പൂർണിയ ജില്ലയിലാണ് സംഭവം. 69 കാരിയായ രംല ദേവിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മരുമകൾ ഗുഡ്ഡി കുമാരി, കാമുകൻ ഋഷി കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 25 ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ രണ്ട് വർഷമായി ഗുഡ്ഡി കുമാരിയും ഋഷി കുമാറും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവദിവസം രാത്രി മുറിയിൽ ഇരുവരെയും രംല ദേവി ഒരുമിച്ച് കാണുകയായിരുന്നു. ബന്ധം പുറത്തറിയുമെന്ന ഭയത്താൽ പ്രതികൾ മുളയുടെ വേര് കൊണ്ട് നിർമിച്ച ഭാരമേറിയ വടി ഉപയോഗിച്ച് രംല ദേവിയുടെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
കൊലപാതകത്തിൽ നിന്ന് രക്ഷപ്പെടാൻ ഭൂമിതർക്കത്തിന്റെ പേരിൽ അയൽവാസിയായ നിതീഷ് കുമാറും അമ്മയും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ഗുഡ്ഡി കുമാരി പൊലീസിനോട് പറഞ്ഞു. രംല ദേവിയുടെ മകൻ അബോധ് പാസ്വാനും പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അയൽവാസികളെ അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗുഡ്ഡിയും ഋഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച വടി പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.








0 comments