പാൽമെയ്റാസ് കോപ്പ ലിബർട്ടഡോറസ് ചാമ്പ്യന്‍മാര്‍; നാലാം കിരീടനേട്ടം, പരാജയപ്പെടുത്തിയത് അർജന്റീനൻ ക്ലബ്ബിനെ

photo credit: SE Palmeiras Facebook
മോണ്ടെവിഡിയോ: കോപ്പ ലിബർട്ടഡോറസ് ഫുട്ബോളിൽ ബ്രസീലിയൻ ക്ലബ് പാൽമെയ്റാസിന് കിരീടം. ഫൈനലിൽ അർജന്റീനൻ ക്ലബ് എസ്റ്റുഡിയാന്റസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് നേട്ടം. ഉറുഗ്വേയിലെ സെന്റിനാരിയോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പരാഗ്വേ താരം റാമോൺ സോസയാണ് വിജയഗോൾ നേടിയത്. 52–ാം മിനിറ്റിലായിരുന്നു ഗോൾ.
ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ബ്രസീലിയൻ ക്ലബ്ലിന്റെ വിജയഗോൾ പിറന്നത്. ആർതർ ഗബ്രിയേലിന്റെ ക്രോസ് കൊളംബിയൻ താരം ജോൺ ആരിയാസ് മറിച്ചുനൽകിയത് സോസ വലയിലെത്തിച്ചു. സമനില നേടാൻ എസ്റ്റുഡിയാന്റസ് നടത്തിയ ശ്രമങ്ങൾ പാൽമെയ്റാസ് ഗോൾകീപ്പർ കാർലോസ് മിഗ്വേലിന്റെ മികച്ച സേവുകളിൽ തട്ടിവീണു.
പാൽമെയ്റാസിന്റെ നാലാം ലിബർട്ടഡോറസ് കിരീടമാണിത്. 1999, 2020, 2021 വർഷങ്ങളിലാണ് പാൽമെയ്റാസ് ഇതിനുമുമ്പ് കിരീടം നേടിയത്. തുടർച്ചയായ എട്ടാം വർഷമാണ് ബ്രസീലിയൻ ക്ലബ് കോപ്പ ലിബർട്ടഡോറസിൽ കിരീടം നേടുന്നത്. ഇതോടെ ബ്രസീലിയൻ ക്ലബ്ബുകളുടെ കിരീടനേട്ടം 26 ആയി. അർജന്റീനൻ ക്ലബ്ബുകൾക്ക് 25 കിരീടങ്ങളാണുള്ളത്. കഴിഞ്ഞ ഏഴ് സീസണുകളിൽ പാൽമെയ്റാസിന്റെ മൂന്നാം കിരീടനേട്ടമാണിത്. 2019 മുതൽ തുടർച്ചയായ എട്ടാം തവണയാണ് ബ്രസീലിയൻ ക്ലബ് കോപ്പ ലിബർട്ടഡോറസ് കിരീടം നേടുന്നത്.
കിരീടനേട്ടത്തോടെ ഡിസംബർ ഒമ്പതിന് ഖത്തറിൽ ആരംഭിക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന് പാൽമെയ്റാസ് യോഗ്യത നേടി. പരിശീലകൻ അബേൽ ഫെരേരയുടെ കീഴിൽ പാൽമെയ്റാസ് നേടുന്ന 12–ാം കിരീടമാണിത്.








0 comments