ഓണക്കാലമാണ്, വിപണിയിൽ വ്യാജന്മാർ; ശ്രദ്ധ വേണം

എഐ പ്രതീകാത്മകചിത്രം
സ്വന്തം ലേഖിക
Published on Aug 07, 2026, 08:19 AM | 2 min read
കൊല്ലം : ഓണമാണ്, സദ്യയ്ക്ക് നല്ല പായസം വേണം. ഉപ്പേരി വറുത്തു കോരാനും പപ്പടം കാച്ചാനും വെളിച്ചെണ്ണയും വേണം. അതിനു വേണ്ടതോ നല്ല ശർക്കരയും വെളിച്ചെണ്ണയും. എന്നാൽ, ഓണ വിപണി സജീവമായതോടെ പലയിടങ്ങളിലും ഒഴുകുന്നത് മായമുള്ള ശർക്കരയും വെളിച്ചെണ്ണയും. ടാർട്ടസിൻ സൺസെറ്റ് യെല്ലോ, ബ്രില്ലിയന്റ് ബ്ലൂ, തുടങ്ങിയ കൃത്രിമ നിറങ്ങൾ ചേർത്ത ശർക്കരയാണ് വിപണി നിറയെ. അർബുദത്തിന് ഇടയാക്കുന്നതും കരളിനും വൃക്കയ്ക്കും ഗുരുതരമായ തകരാറുണ്ടാക്കുന്നതുമായ സിന്തറ്റിക് നിറങ്ങൾ ചേർത്തവയാണ് മിക്കതും. കൊല്ലം ജില്ലയിലെ കൊട്ടിയം, നെടുങ്ങോലം, കുളത്തൂപ്പുഴ, പാരിപ്പള്ളി, പടിഞ്ഞാറെ കല്ലട എന്നീ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച ശർക്കരയിലാണ് കൃത്രിമ നിറമുള്ളതായി കണ്ടെത്തിയത്. വ്യാജ വെളിച്ചെണ്ണ വ്യാജ വിലാസത്തിലാണ് വിപണിയിൽ വിറ്റഴിയുന്നത്.
" കേര ഡയമണ്ട്’എന്ന പേരിൽ നിലവാരമില്ലാത്ത വെളിച്ചെണ്ണ വിൽപ്പന നടത്തിയത് ശൂരനാടാണ്. ദേവി സ്റ്റോറിൽ നിന്ന് പരിശോധനയ്ക്ക് എടുത്ത കേരള ഡയമണ്ട് ബ്രാൻഡാണ് നിലവാരമില്ലാത്തതായി കണ്ടെത്തിയത്. അന്വേഷണത്തിൽ ഈ പാക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന ദാസ് ഓയിൽ ഇൻഡസ്ട്രീസ്, യൂണിറ്റ് നമ്പർ 1/77, പാലക്കാട് എന്ന വിലാസവും വ്യാജമാണെന്ന് തെളിഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
ചാക്കിൽ ലേബൽ വിവരങ്ങൾ ഇല്ലാതെയാണ് ശർക്കര വിൽപ്പന. അതിനാൽ ഉൽപ്പാദകരെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. വിൽപ്പന തകൃതിയായി നടക്കുന്ന ഓണക്കാലത്താണ് ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം വ്യാജ സാധനങ്ങൾ ജില്ലയിലേക്ക് ഒഴുകുന്നത്. നല്ല തിളങ്ങുന്ന നിറമുള്ള വടിവൊത്ത ആകൃതിയുള്ള ശർക്കര തേടിയെത്തുന്ന ഉപഭോക്താക്കളാണ് മായമുള്ള ശർക്കര കൂടുതലും ഇവിടേക്ക് എത്താനുള്ള പ്രധാന കാരണമെന്ന് വ്യാപാരികളും ഭക്ഷ്യസുരക്ഷാ അധികൃതരും പറയുന്നു. പഴനി, സേലം, കോയമ്പത്തൂർ, ഗുണ്ടൽപ്പേട്ട് തുടങ്ങി കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ പലഭാഗങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ശർക്കര എത്തുന്നത്. കരിമ്പിൻ പാടങ്ങളോട് ചേർന്നുള്ള സ്ഥലങ്ങളിലാണ് ഉൽപ്പാദനം. ഉണ്ണിയപ്പം, എള്ളുണ്ട, കടലമിഠായി, നെയ്യപ്പം തുടങ്ങി ശർക്കര ചേർക്കുന്ന ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കാൻ നിറം നോക്കിയാണ് ഉപയോക്താക്കൾ വാങ്ങുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. ഇതുതന്നെയാണ് മായം ചേർക്കാൻ ഉൽപ്പാദകരെ പ്രേരിപ്പിക്കുന്നതെന്നും അവർ പറയുന്നു.
ഇരുണ്ട മണ്ണിന്റെ നിറം
സാധാരണയായി ഇരുണ്ട മണ്ണിന്റെ നിറമാണ് ശർക്കരയ്‌ക്ക്. മായം അടങ്ങിയിട്ടുണ്ടെങ്കിൽ വെള്ളയോ മഞ്ഞയോ ഇളംനിറമോ ആയിരിക്കും. ശർക്കരയുടെ ഉപരിതലം വല്ലാതെ തിളങ്ങുന്നുണ്ടെങ്കിലും മായം അടങ്ങിയിട്ടുണ്ട്.
പരിശോധിക്കാം
ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിൽ ശർക്കര ഇടുക. വെള്ളത്തിന്റെ നിറം കുറച്ചുകഴിയുമ്പോൾ വല്ലാതെ മാറിയിട്ടുണ്ടൈങ്കിൽ മായം ചേർത്തതാണെന്ന് ഉറപ്പിക്കാം. ഉപ്പ് ചുവയോ കയ്പോ ഉണ്ടെങ്കിൽ രാസവസ്തുക്കൾ കലർന്നതാണ്. കൈയിൽ ശർക്കര ഉരസിനോക്കുമ്പോൾ എണ്ണമയം തോന്നിയാൽ മിനുസത്തിനും തിളക്കത്തിനുമായി മായം കലർത്തിയെന്നും മനസ്സിലാക്കാം.
ബില്ല് ഇല്ലാത്ത സാധനങ്ങൾ വിൽക്കരുത്
ബില്ല് ഇല്ലാത്തതും ലേബൽ വിവരം ഇല്ലാത്തതും പരിചയമില്ലാത്തതുമായ വെളിച്ചെണ്ണയും ശർക്കരയുമടക്കമുള്ള സാധനങ്ങൾ വിൽക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ശരിയായ വാറന്റി ബില്ലും ലേബലും ഇല്ലെങ്കിൽ വിൽപ്പന നടത്തുന്ന കടക്കാർ മാത്രമാകും പ്രതികൾ. ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ചാക്കുകളിൽ ഉൽപ്പാദകരുടെ പേര് വിവരവും ലൈസൻസ് നമ്പരും രേഖപ്പെടുത്തിയിരിക്കണം.









0 comments