ജന്തർ മന്തറിനെ പ്രതിഷേധ വേദി പട്ടികയിൽ നിന്ന് നീക്കം ചെയ്ത നടപടി: ഡൽഹി ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും

ന്യൂഡല്‍ഹി: ജന്തർ മന്തറിൽ പ്രതിഷേധ പ്രകടനങ്ങൾ തടഞ്ഞതിനെതിരെയുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തിങ്കളാഴ്ച അടിയന്തരമായി പരിഗണിക്കാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റിവെച്ചത്.
കഴിഞ്ഞദിവസമാണ് ഡൽഹിയിൽ പതിറ്റാണ്ടുകളായി സമരങ്ങളുടെ ചരിത്രമുള്ള ജന്തർമന്തർ പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. ജന്തർ മന്തറിന് പകരം ഡൽഹിയിലെ രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, കിഴക്കൻ ഡൽഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ പ്രതിഷേധവേദികളായി നിശ്ചയിച്ചത്. സമരങ്ങൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കും ഈ സ്ഥലങ്ങളിൽ അനുമതി നൽകും. പുതിയ വേദികളിൽ സമരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള പ്രത്യേക മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും പുറത്തിറക്കും.
പാർലമെന്റിനും പ്രധാന സർക്കാർ ഓഫീസുകൾക്കും സമീപമുള്ള ജന്തർ മന്തറിനെ ഔദ്യോഗിക സമരവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതോടെ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ നേരിട്ട് പ്രതിഷേധമെത്തിക്കാനുള്ള അവസരമാണ് പരിമിതപ്പെടുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്കുനേരെ പൊലീസ് നടപടികൾ ശക്തമായിരിക്കെയാണ് പുതിയ തീരുമാനം.








0 comments