കർഷക സമരം ശക്തമാക്കാൻ സംയുക്ത കിസാൻ മോർച്ച: നവംബർ 26ന് ഡൽഹിയിൽ വൻ പ്രക്ഷോഭം

ന്യൂഡൽഹി: രാജ്യത്ത് കർഷക സമരം വീണ്ടും ശക്തമാക്കാൻ തീരുമാനം. വരുന്ന നവംബർ 26ന് ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) അറിയിച്ചു. ചരിത്രപരമായ ഡൽഹി കർഷക സമരത്തിന്റെ ആറാം വാർഷിക ദിനത്തിലാണ് ഈ പ്രതിഷേധ നടപടി.
ഒക്ടോബർ 12ന് ഹരിയാനയിലെ കർണാലിൽ ചേർന്ന എസ്‌കെഎം നാഷണൽ കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. 17 സംസ്ഥാനങ്ങളിൽ നിന്നായി 142 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. എസ്ഐആറുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർഥികൾക്കും യുവജനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ച് ഒക്ടോബർ 23ന് രാജ്യത്തുടനീളമുള്ള എല്ലാ ജില്ലാ/താലൂക്ക് കേന്ദ്രങ്ങളിലും ബഹുജന പ്രകടനങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനമായി.
ഡൽഹിയിൽ വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർക്ക് നേരെ നടന്ന അടിച്ചമർത്തലുകളെയും പൊലീസ് നടപടികളെയും എസ്‌കെഎം ശക്തമായി അപലപിച്ചു. സമാധാനപരമായ പ്രതിഷേധങ്ങൾ തടയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, സമരക്കാരെ സംരക്ഷിക്കാൻ കർഷകർ മുന്നോട്ടുവരുമെന്നും നേതൃത്വം വ്യക്തമാക്കി. രാജ്യതലസ്ഥാനത്ത് നടന്ന അക്രമങ്ങളിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കാത്തതിനെ യോഗം വിമർശിച്ചു. ക്രമസമാധാന തകർച്ച തടയാൻ കർശന നടപടി വേണമെന്നും ജനാധിപത്യ സംരക്ഷണത്തിനായി ജനങ്ങൾ ഒന്നിക്കണമെന്നും എസ്‌കെഎം ആഹ്വാനം ചെയ്തു.
മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം നിർമ്മിക്കുക, വോട്ടർപട്ടിക പുതുക്കൽ ഉടനടി നിർത്തിവെക്കുക, വോട്ടവകാശം നഷ്ടപ്പെട്ട 13.41 കോടി പൗരന്മാരുടെ അവകാശം പുനഃസ്ഥാപിക്കുക, ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, ആത്മഹത്യ ചെയ്ത കർഷക കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, വൈദ്യുതി സ്വകാര്യവത്കരണവും വിത്ത് ബിൽ 2025ഉം ഉപേക്ഷിക്കുക, സ്വതന്ത്ര വ്യാപാര കരാറുകൾ ഒഴിവാക്കുക, കർഷകർക്കും ആദിവാസികൾക്കും ഭൂമിയുടെ അവകാശം ഉറപ്പാക്കുക, ലേബർ കോഡുകൾ റദ്ദാക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, കർഷകർക്ക് പെൻഷനും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നത് വരെ ദീർഘകാല ബഹുദിന സമരങ്ങൾക്ക് സജ്ജമാകാൻ രാജ്യത്തെ കർഷകരോട് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു.








0 comments