ad
Deshabhimani

അദൃശ്യൻ ആര്‌ ? അന്ന്‌ സംഭവിച്ചത്‌ എന്ത്‌ ?

flight cancellation
avatar
ഡോ. ഗോപകുമാർ ചോലയിൽ

Published on Aug 07, 2026, 07:52 AM | 2 min read

തായ്‌ലൻഡിലെ ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക്‌ വന്ന എയർ ഇന്ത്യ വിമാനം ഡൽഹിയിൽ ഇറങ്ങാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ പെട്ടെന്ന്‌ ശക്തിയായി ഉലഞ്ഞു. പിന്നീട്‌ വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയെങ്കിലും നിരവധി യാത്രക്കാർക്കും വിമാനജീവനക്കാർക്കും പരിക്കേറ്റു. കഴിഞ്ഞദിവസം നടന്ന ഇ‍ൗ സംഭവത്തെപ്പറ്റി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്‌. തെളിഞ്ഞ ആകാശത്തിൽ എങ്ങനെയാണ്‌ ഇത്തരമൊരു അപകടകരമായ പ്രക്ഷുബ്ധത ഉണ്ടായത്‌. പുറത്താകട്ടെ, ഇടിമിന്നലോ ഭീമാകാരമായ മഴമേഘങ്ങളോ ഉണ്ടായിരുന്നില്ല. എന്നിട്ടും വിമാനം ഏതാനും നിമിഷങ്ങളിൽ അപകടകരമായി ഉലയുകയായിരുന്നു. ഇതിനുപിന്നിൽ ഒളിഞ്ഞിരിക്കുന്നത്‌ ‘സംശുദ്ധ’ വായുവിക്ഷോഭം (Clear Air Turbulence– CAT) എന്ന അദൃശ്യ അന്തരീക്ഷപ്രതിഭാസമാണ്. തെളിഞ്ഞ ആകാശത്തിൽ, ഒരു മുന്നറിയിപ്പും കൂടാതെ വിമാനത്തെ ശക്തമായി ഉലയ്ക്കാൻ കഴിയുന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.


അദൃശ്യപ്രക്ഷുബ്ധത


വിമാനയാത്രയിലെ പ്രക്ഷുബ്ധതയെ (Turbulence) സാധാരണയായി ഇടിമിന്നൽ മേഘങ്ങളുമായോ ശക്തമായ മഴയുമായോ ബന്ധപ്പെടുത്തി കാണാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ പൈലറ്റുകൾക്ക്‌ കാലാവസ്ഥാ റഡാറുകളുടെ സഹായത്തോടെ അപകടമേഖലകൾ തിരിച്ചറിഞ്ഞ്‌ അവ ഒഴിവാക്കാൻ കഴിയും. എന്നാൽ, സംശുദ്ധ വായുവിക്ഷോഭം അതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. ഉയർന്ന അന്തരീക്ഷത്തിൽ രൂപപ്പെടുന്ന അദൃശ്യ വായുചുഴികളാണ് ഇതിന് കാരണം. മഴയോ മേഘങ്ങളോപോലെ റഡാർ തിരിച്ചറിയുന്ന സൂചനകൾ ഇല്ലാത്തതിനാൽ, ആധുനിക വ്യോമഗതാഗതം നേരിടുന്ന ഏറ്റവും പ്രവചനപ്രയാസമുള്ള അന്തരീക്ഷ വെല്ലുവിളികളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്‌.

എന്നാൽ, ഈ അദൃശ്യപ്രക്ഷുബ്ധത എവിടെയാണ്‌ രൂപപ്പെടുന്നത്. എന്തുകൊണ്ടാണ്‌ മുൻകൂട്ടി കാണാൻ ദുഷ്കരമാകുന്നത്‌. കാലാവസ്ഥാവ്യതിയാനം ഇതിന്റെ സ്വഭാവത്തെ മാറ്റുന്നുണ്ടോ. പുതിയ ഗവേഷണങ്ങൾ എന്തുപറയുന്നു. ഇവയ്‌ക്കുള്ള ഉത്തരമാണ്‌ ഈ പ്രതിഭാസത്തിന്റെ ശാസ്ത്രത്തിലേക്ക്‌ നയിക്കുന്നത്‌.


flight turbulence


വായുപ്രവാഹങ്ങളുടെ കളി


സാധാരണയായി അന്തരീക്ഷത്തിലെ ട്രോപോപോസിന് (Tropopause) സമീപമുള്ള ഉയർന്ന ട്രോപോസ്ഫിയറിലാണ് (Upper Troposphere) സംശുദ്ധ വായുവിക്ഷോഭം രൂപപ്പെടുന്നത്.(ട്രോപോസ്ഫിയറിനെയും സ്ട്രാറ്റോസ്ഫിയറിനെയും വേർതിരിക്കുന്ന ഭാഗമാണ് ട്രോപോപോസ്) ഭൂമിയുടെ ഉപരിതലത്തിൽനിന്ന് ഏകദേശം 10–12 കിലോമീറ്റർ ഉയരത്തിലൂടെയാണ് ദീർഘദൂര വാണിജ്യ വിമാനങ്ങൾ സാധാരണയായി സഞ്ചരിക്കുന്നത്. ഇതേ ഉയരങ്ങളിലൂടെയാണ്‌ മണിക്കൂറിൽ 300–400 കിലോമീറ്ററിലധികം വേഗത്തിൽ പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ വീശുന്ന വായുപ്രവാഹങ്ങളും (Jet Streams) കടന്നുപോകുന്നത്.


എന്നാൽ, ഇ‍ൗ പ്രവാഹങ്ങൾ ഒരേവേഗത്തിലും ഒരേദിശയിലും ഒഴുകുന്ന വായുപ്രവാഹങ്ങളല്ല. അവയുടെ അരികുകളിൽ വളരെ ചെറിയ അകലത്തിനുള്ളിൽത്തന്നെ കാറ്റിന്റെ വേഗത്തിലും ദിശയിലും വലിയ വ്യത്യാസങ്ങൾ രൂപപ്പെടാം. ഇതിനെ കാറ്റിന്റെ ലംബപ്രവേഗ വ്യതിയാനം എന്നു പറയും. ഈ വ്യതിയാനം ശക്തമാകുമ്പോൾ സമീപസ്ഥമായ വായുപാളികൾ അസ്ഥിരമാവുകയും ചെറുതും വലുതുമായ വായുചുഴികൾ രൂപപ്പെടുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ ഈ പ്രക്രിയ കെൽവിൻ–ഹെൽംഹോൾട്സ് അസ്ഥിരത (Kelvin–Helmholtz Instability) എന്നറിയപ്പെടുന്ന ദ്രവഗതിശാസ്ത്ര പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുറത്തുനിന്ന്‌ ആകാശം ശാന്തമായി തോന്നുമ്പോഴും വിമാനത്തിന്‌ പെട്ടെന്ന് ശക്തമായ കുലുക്കം അനുഭവപ്പെടുന്നതിന്റെ പ്രധാന കാരണം ഇതാണ്.


flight turbulence


മലനിരകൾക്കുമുകളിലൂടെ ശക്തമായ കാറ്റ്‌ വീശുമ്പോൾ രൂപപ്പെടുന്ന ഗുരുത്വതരംഗങ്ങൾ (Mountain Waves), റോസ്സ്ബി തരംഗങ്ങളിലെ (Rossby Waves) വ്യതിയാനങ്ങൾ, ഉയർന്ന അന്തരീക്ഷത്തിലെ മറ്റു ചലനാത്മക അസ്ഥിരതകളും സംശുദ്ധ വായുവിക്ഷോഭത്തിന്‌ കാരണമാകാറുണ്ട്‌. ആഗോളതാപനം ഇ‍ൗ അന്തരീക്ഷപ്രതിഭാസത്തിന്റെ ആവൃത്തിയും തീവ്രതയും വർധിപ്പിക്കുന്നുണ്ടെന്നാണ്‌ നിഗമനം.


പൂർണ കൃത്യതയോടെ മുൻകൂട്ടി ഇ‍ൗ പ്രതിഭാസം പ്രവചിക്കുന്നത് ഇന്നും അന്തരീക്ഷശാസ്ത്രത്തിലെ ദുഷ്കരമായ വെല്ലുവിളികളിലൊന്നാണ്. ഇത് റഡാറിൽ നേരിട്ട് ദൃശ്യമാകുന്ന പ്രതിഭാസമല്ല. അതിനാൽ ഒരൊറ്റ ഉപകരണം ഉപയോഗിച്ച് ഇത്‌ കണ്ടെത്താനാകില്ല. വിവിധ സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ സംയോജിപ്പിച്ചാണ്‌ ഇന്ന്‌ വിമാനക്കമ്പനികളും കാലാവസ്ഥാകേന്ദ്രങ്ങളും അപകടസാധ്യത വിലയിരുത്തുന്നത്. അതിന്‌ പരിമിതികളുമുണ്ട്‌. അടുത്ത തലമുറ മുന്നറിയിപ്പുസംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളും പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home