പുനലൂരിൽ ട്രെയിൻ തട്ടി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പുനലൂർ : പുനലൂരിൽ ട്രെയിൻ തട്ടി ഇരുകാലുമറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തേക്കർ ചേരിക്കോണം ഈട്ടിവിളവീട്ടിൽ അജി (39)യാണ് മരിച്ചത്. ബുധൻ രാത്രി എട്ടിന് കൊല്ലം- ചെങ്കോട്ട റെയിൽപാതയിൽ പുനലൂർ പത്തേക്കർ ഭാഗത്തായിരുന്നു അപകടം. പുനലൂരിൽനിന്ന് കൊല്ലത്തേക്കുപോയ മെമു ട്രെയിനാണ് തട്ടിയത്.
കൈകാലുകൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പരിക്കേറ്റ് ട്രാക്കിന് വശത്തായി കിടന്ന അജിയെ ഉടൻതന്നെ പ്രദേശവാസികൾ പുനലൂർ താലൂക്കാശുപത്രിയിലും ഗുരുതരമായ പരിക്കുള്ളതിനാൽ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയ്ക്ക് മരിച്ചു. പുനലൂർ പൊലീസ് മറ്റു നടപടികൾ സ്വീകരിച്ചു. ഭാര്യ: സന്ധ്യ. ആറു മക്കളുണ്ട്. ചൊവ്വാഴ്ച ആര്യങ്കാവിലും ട്രെയിൻ തട്ടി ആര്യങ്കാവ് സ്വദേശി രാജേഷ് ഗോപിയുടെ കാൽ അറ്റുപോയിരുന്നു.










0 comments