ജാതി അധിക്ഷേപവും വധ ഭീഷണിയും; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

കൊല്ലം : എഴുകോണിൽ ഗൃഹനാഥനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയുംചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. കരീപ്ര തളവൂർക്കോണം നിഷാദ് മൻസിലിൽ നിഷാദ് അസീസിനെതിരെയാണ് എഴുകോൺ പൊലീസ് കേസെടുത്തത്. പഴങ്ങാലം സ്വദേശി ശിവപ്രസാദിനെയാണ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. രണ്ട് തവണയാണ് അധിക്ഷേപമുണ്ടായത്.
ജൂൺ ആറിന് തളവൂർക്കോണം സിഎംഎ ക്ലബ്ബിനു സമീപം മെറ്റൽ നീക്കുന്ന ജോലി ചെയ്യുമ്പോഴാണ് ആദ്യ സംഭവം. മെറ്റൽ നീക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ജാതിപ്പേര് വിളിച്ച് അസഭ്യം പറഞ്ഞു. തുടർന്ന് ജൂലൈ 30ന് സുഹൃത്തിനൊപ്പം ശിവപ്രസാദ് എഴുകോൺ സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന നിഷാദ് വീണ്ടും അധിക്ഷേപിച്ചു. എന്തിനാടാ മധ്യസ്ഥതയ്ക്ക് വന്നതെന്നും വീട്ടിൽ കയറി വെട്ടിക്കൊന്ന് കളയുമെന്നുമായിരുന്നു നിഷാദിന്റെ ഭീഷണി. എസ്ഐയുടെയും മറ്റു പൊലീസുകാരുടെയും സാന്നിധ്യത്തിലായിരുന്നു ജാതി അധിക്ഷേപവും കൊലവിളിയും. പൊതു സ്ഥലത്ത് വീണ്ടും അപമാനിക്കപ്പെട്ടതിനെ തുടർന്ന് ശിവപ്രസാദ് പട്ടികജാതി നിയമപ്രകാരം പൊലീസിൽ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തളവൂർക്കോണം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു നിഷാദ്. ബിജെപിയെ സഹായിക്കുന്ന സമീപനമാണ് തെരഞ്ഞെടുപ്പിൽ സ്വീകരിച്ചത്. യുഡിഎഫ് അധികാരത്തിൽ വന്നശേഷം പലപ്പോഴും നിഷാദ് സ്റ്റേഷനിലെത്തി വെല്ലുവിളി നടത്തുന്നതായി പൊലീസുകാര്‍ക്കിടയിലും സംസാരമുണ്ട്. എസ്ഐ ഉൾപ്പെടെ പൊലീസുകാരെ സ്ഥലം മാറ്റുമെന്നതാണ് ഭീഷണി.









0 comments