രണ്ടാമത്തെ കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ല; കൊലപാതകം

puthukkad
വെബ് ഡെസ്ക്

Published on Jun 29, 2025, 05:04 PM | 2 min read

തൃശൂര്‍: പുതുക്കാട് നവജാതശിശുക്കളെ കമിതാക്കൾ ചേർന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആദ്യത്തെ കുഞ്ഞിന്റേത് മാത്രമാണ് സ്വാഭാവിക മരണമെന്നും രണ്ടാമത്തെ കുഞ്ഞിനെ കൊന്നതാണെന്നും അമ്മ മൊഴി നൽകിയതായി റിപ്പോർട്ട്. ആദ്യത്തെ കുഞ്ഞ് ജനനസമയത്ത് പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിച്ച് മരിച്ചതാണെന്നാണ് യുവതി മൊഴി നല്‍കിയിട്ടുള്ളതെന്ന് തൃശൂര്‍ റൂറൽ എസ്പി ബി കൃഷ്ണകുമാര്‍ വ്യക്തമാക്കി. ലഭിച്ച മൊഴിയുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ രണ്ടാമത്തേത് സ്വാഭാവിക മരണമല്ലെന്നും പൊലീസ് പറഞ്ഞു.


രണ്ടാമത്തെ കുഞ്ഞിന്റെ മരണം അസ്വാഭാവിക മരണമാണെന്ന് സംശയമുള്ളതായി നേരത്തെ തന്നെ എസ് പി പറഞ്ഞിരുന്നു. രണ്ടാമത്തെ കുഞ്ഞും പ്രസവത്തോടെ മരിച്ചെന്നായിരുന്നു അനീഷ ആദ്യം മൊഴി നൽകിയത്. ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിരുന്നില്ല. ഇരുവർക്കും രണ്ട് തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്. അനീഷ ഒഴിവാക്കിയാൽ അസ്ഥി കാണിച്ച് ഭീഷണിപ്പെടുത്താമെന്ന് കരുതിയാണ് അവ സൂക്ഷിച്ചതെന്ന് ഭവിനും മൊഴി നൽകിയിട്ടുണ്ട്.


കാമുകന്‍ പൊലീസിന് മുന്നില്‍ ഹാജരാക്കിയ അസ്ഥികള്‍ കുട്ടികളുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോറന്‍സിക് സര്‍ജന്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് അസ്ഥികള്‍ കുട്ടികളുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഡിഎന്‍എ പരിശോധന നടത്തും.


സംഭവത്തില്‍ അസ്ഥി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ഭവിന്‍ (25), കാമുകി അനീഷ (22) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ആണ്‍കുഞ്ഞുങ്ങളാണ് മരിച്ചത്. പ്രസവിച്ച് നാലുദിവസങ്ങള്‍ക്കുള്ളിലാണ് കുഴിച്ചിട്ടതെന്ന് പൊലീസ് പറയുന്നു.


ഫെയ്‌സ്ബുക്കിലൂടെയാണ് വെള്ളിക്കുളങ്ങര സ്വദേശി ഭവിനും അനീഷയും പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയമായി മാറി. 2021 നവംബര്‍ 6നായിരുന്നു ആദ്യ പ്രസവം. യുവതിയുടെ വീട്ടിലെ ശുചിമുറിയിലായിരുന്നു പ്രസവം. കുട്ടി പ്രസവത്തോടെ മരിച്ചുവെന്നും, തുടര്‍ന്ന് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു എന്നുമാണ് അനീഷ പൊലീസിനോട് പറഞ്ഞത്. ഇക്കാര്യം കാമുകനോട് പറഞ്ഞപ്പോള്‍, ദോഷം തീരുന്നതിന് കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അനീഷ കുഞ്ഞിന്റെ അസ്ഥി പെറുക്കി ഭവിനെ ഏല്‍പ്പിച്ചു.


രണ്ടു വര്‍ഷത്തിന് ശേഷം അനീഷ വീണ്ടും ഗര്‍ഭിണിയായി. 2024 ഏപ്രിലിൽ വീട്ടിലെ മുറിയിലായിരുന്നു രണ്ടാമത്തെ പ്രസവം. പ്രസത്തിന് ശേഷം കുഞ്ഞ് കരഞ്ഞപ്പോള്‍, അയല്‍വാസികള്‍ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമെന്ന ആശങ്കയില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നല്‍കിയെന്നാണ് സൂചന. തുടര്‍ന്ന് ഈ മൃതദേഹവും കുഴിച്ചിട്ടു. പിന്നീട് ഈ കുഞ്ഞിന്റെ അസ്ഥിയും പെറുക്കിയെടുത്ത് ദോഷ പരിഹാര കര്‍മ്മങ്ങള്‍ക്കായി ഭവിനെ ഏല്‍പ്പിച്ചു. അസ്ഥിക്കഷണങ്ങളെല്ലാം ഒരു സഞ്ചിയിലാക്കിയാണ് യുവാവ് വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home