ad
Deshabhimani

print edition പാടുക മല്ലൂസിങ്‌... പാടൂ...

sing
avatar
വൈഷ്‌ണവ്‌ ബാബു

Published on Aug 16, 2026, 01:31 AM | 3 min read

‘പ്രമദവനം വീണ്ടും

ഋതുരാഗം ചൂടി

ശുഭസായാഹ്നം പോലെ...

തെളിദീപം കളിനിഴലിൽ

കൈക്കുമ്പിൾ നിറയുമ്പോൾ

എൻ...

പ്രമദവനം വീണ്ടും

ഋതുരാഗം ചൂടി’

ഓസ്‌ട്രേലിയയിലെ മെൽബണിൽ ടാക്സി കാറിന്റെ പിൻസീറ്റിലിരുന്ന് കണ്ണൂർക്കാരൻ പ്രഭാഷ്‌ മൂളിയ ഇ‍ൗ ‘രവീന്ദ്ര സംഗീതം’ ഡ്രൈവർ സരബ്‌ജിത്‌ സിങ്ങിന്റെ ജീവിതത്തെ ഇത്രമേൽ മാറ്റിമറിക്കുമെന്ന് അവർ കരുതിയിട്ടുണ്ടാകില്ല. ജോലിക്കായി മെൽബണിലെത്തിയ പ്രഭാഷും ഭാജിയെന്ന സരബ്‌ജിത്‌ സിങ്ങും തമ്മിലുള്ള സംഗീതയാത്ര അവിടെത്തുടങ്ങുന്നു. വൻകരകളെയും സംസ്കാരത്തെയും ഭേദിച്ച ആ സ‍ൗഹൃദം, ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധയാകർഷിച്ച ‘പർദേശി' സംഗീതക്കൂട്ടായ്‌മയുടെ രൂപീകരണത്തിലുമെത്തിച്ചു.


പഞ്ചാബി സ്വദേശി‍. വർഷങ്ങളായി മെൽബണിലാണ്‌ ഭാജി. അദ്ദേഹത്തിന്റെ അതിസുന്ദര ഗാനാലാപനം വൈറലാണ്‌. ‘പ്രമദവനത്തിന്റെ’ ഇ‍ൗണത്തോട്‌ ഇഷ്ടംതോന്നിയ ഭാജി പ്രഭാഷുമായി അടുത്തു. മെൽബണിൽ ജോലിചെയ്യുന്ന കോഴിക്കോട്ടുകാരൻ തബലിസ്റ്റ്‌ എ പി രഞ്ജൻദാസ്‌ ഒപ്പംചേർന്നതോടെ ഇടംവലം നോക്കാതെ ഭാജി മലയാളം പാട്ടുകൾ പഠിക്കാൻ തുടങ്ങി.


അർഥമറിയാതെ ഒരു പാട്ടും മനോഹരമായി പാടാനാകില്ലെന്നാണ്‌ ഭാജിയുടെ നിലപാട്‌. ആഴ്‌ചകളെടുത്ത്‌ അർഥവും ഉച്ചാരണവും പഠിച്ചു. ഹാർമോണിയത്തിൽ ഈണം വായിച്ച്‌, വേർതിരിച്ചെഴുതി ആവർത്തിച്ചാവർത്തിച്ച്‌ വായിച്ചു. ഒഴിവുവേളയിൽ കാറിലിരുന്നും പരിശീലിച്ചു. കഠിന ശ്രമത്തിനൊടുവിൽ എം എസ്‌ ബാബുരാജിന്റെയും ഉമ്പായിയുടെയും ജോൺസന്റെയും ജി ദേവരാജന്റെയും ഈണങ്ങൾ ഓരോന്നായി മലയാളികൾക്ക്‌ സമ്മാനിച്ചു. ‘പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ, ഒരു പുഷ്പം മാത്രമെൻ, പാടുക സൈഗാൾ പാടൂ, മധുരം ജീവാമൃത ബിന്ദു, ആയിരം പാദസരങ്ങൾ കിലുങ്ങി, ഇന്നലെ മയങ്ങുമ്പോൾ' തുടങ്ങിയ ഗാനങ്ങൾ റെക്കോഡ്‌ ചെയ്‌ത്‌ സമൂഹമാധ്യമങ്ങളിലൂടെ അവതരിപ്പിച്ചപ്പോൾ ലക്ഷങ്ങൾ ഏറ്റെടുത്തു. പഞ്ചാബി സിഖ് പശ്ചാത്തലത്തിൽനിന്ന് മലയാളത്തെ ഇത്രമേൽ ചേർത്തുപിടിച്ച ഭാജിയുടെ ജീവിതയാത്രയിലേക്ക്‌

സംഗീതമേ ജീവിതം


​1979-ൽ പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയിലാണ്‌ ഭാജിയുടെ ജനനം. ചെറു പ്രായത്തിലേ സംഗീതത്തോട്‌ അഭിനിവേശം. മൂത്ത മകനെന്ന നിലയിലുള്ള ഉത്തരവാദിത്വം വെല്ലുവിളിയായെങ്കിലും അതിനെയും ഭാജി അതിജീവിച്ചു. ജോലിയോടൊപ്പം പഠനവും തുടർന്നു. ജീവിതത്തിലെ കഠിനസാഹചര്യങ്ങളിലും സംഗീതത്തെ ജീവസ്സുറ്റതാക്കി. ഓസ്ട്രേലിയയിലേക്ക് വരുംമുമ്പ്‌ പത്തുവർഷത്തോളം പഞ്ചാബിൽ അക്കൗണ്ടന്റായിരുന്നു. അപ്പോൾ സുഹൃത്തുക്കൾവഴി സംഗീതക്കൂട്ടായ്‌മയുടെ ഭാഗമായി. കെനിയ, ടാൻസാനിയ, കാനഡ എന്നിവിടങ്ങളിൽ പരിപാടിയവതരിപ്പിച്ചു. ഹിന്ദി, ഉർദു, പഞ്ചാബി പാട്ടുകളാണ്‌ അന്ന്‌ പാടിയത്‌. അക്കൗണ്ടിങ്ങിൽ ഉപരിപഠനത്തിനാണ്‌ 2011ൽ ഓസ്ട്രേലിയയിലേക്ക് ചേക്കേറുന്നത്‌. ആ മേഖലയിലെ ജോലി സാധ്യത മങ്ങിയതോടെയാണ്‌ ഭാജി ടാക്‌സി രംഗത്തേക്ക്‌ തിരിഞ്ഞത്‌. ‘ഇ‍ൗ ജോലികൾക്കിടെ പാടാൻ സമയം കിട്ടുന്നത്‌ മറ്റെന്തിനേക്കാളും വിലമതിക്കുന്നു’വെന്ന്‌ ഭാജി പറയുന്നു. ഭാര്യ രാജ്‌വീർ കൗറും മക്കളായ അവ്‌നൂറും മാഹിയും മലയാളം പാട്ടുകൾക്ക്‌ പിന്തുണയേകി മെൽബണിലുണ്ട്‌.

മലയാളിയോടുള്ള ആത്മബന്ധവും പർദേശി ബാൻഡും


​2023ൽ പ്രഭാഷ് രാജപ്പൻ എന്ന കണ്ണൂരുകാരൻ ഓസ്ട്രേലിയയിലെത്തിയപ്പോഴാണ്‌ ഒരുദിവസം ഭാജിയുടെ ടാക്‌സി ബുക്ക് ചെയ്‌തത്‌. രണ്ട് മാസത്തിനിടെ മറ്റ് നിരവധി യാത്രകൾക്കും ഭാജിയുടെ ടാക്‌സിയെടുത്തു. എപ്പോഴോ ഒരു യാത്രാവേളയിൽ പ്രഭാഷ്‌ അതിമനോഹരമായി മലയാളം പാട്ട് മൂളി. ആ ഇ‍ൗണമാണ്‌ ഭാജിയെ മലയാളത്തിലേക്ക്‌ ആകർഷിച്ചത്‌. അതിന്റെ അർഥംകൂടി പ്രഭാഷ്‌ പങ്കുവച്ചതോടെ ഭാജി മലയാളം പാട്ട്‌ പാഠണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. യാത്ര പിൻസീറ്റിൽനിന്ന് മുന്നിലേക്ക്‌ മാറിയത് സംഗീതത്തിന്റെ മറ്റൊരു മാന്ത്രികത. ഇരുവരുംചേർന്ന്‌ ഒരു ബാൻഡ് രൂപീകരിക്കാൻ പദ്ധതിയിട്ടു. പ്രഭാഷ് മലയാളികളുടെ വാട്സാപ് ഗ്രൂപ്പിൽ തബലിസ്റ്റിനെ തേടി സന്ദേശമയച്ചു. തബലിസ്റ്റും ഗിത്താറിസ്റ്റും ഫോട്ടോഗ്രാഫറുമായ രഞ്ജൻ കൂട്ടായ്‌മയുടെ ഭാഗമായി. ഇതാണ്‌ മലയാളത്തിലേക്കുള്ള ഭാജിയുടെ പ്രവേശനകവാടം. ആദ്യഘട്ടത്തിൽ ‘മൽഹാർ മെൽബൺ’ എന്ന ഗ്രൂപ്പിന്റെ ഭാഗമായാണ്‌ പാടിയത്‌. പിന്നീട്‌ മൂന്നുപേരും ചേർന്ന്‌ ‘പർദേശി’ രൂപീകരിച്ചു. ജോൺസൺ ആൻഡ്‌ ജോൺസണിലെ ഫീൽഡ്‌ സർവീസ്‌ എൻജിനിയറാണ്‌ പ്രഭാഷ്‌. രഞ്ജൻ ഐടി എൻജിനിയർ.

വരികളിലെ കാവ്യഭംഗി

മലയാളത്തിൽ കർണാടക സംഗീതത്തിന്റെ സ്വാധീനമാണ് ഭാജിയെ ആകർഷിച്ചത്. ഹിന്ദുസ്ഥാനി പാരമ്പര്യമുള്ള അദ്ദേഹത്തിന് അത് പുതിയ അനുഭവമായിരുന്നു. മെലഡികൾക്കും ഗസലുകൾക്കും ഇണങ്ങുന്നതാണ്‌ ഭാജിയുടെ ശബ്ദമെ‍ന്ന്‌ നിർദേശിച്ചത്‌ പ്രഭാഷും രഞ്ജനുമാണ്‌. തുടർന്ന്‌ ഭാഷ, ഉച്ചാരണം, ഗാനത്തിന്റെ വൈകാരികതലം എന്നിവ പഠിപ്പിച്ചു. അദ്ദേഹം പാടുന്നത്‌ റെക്കോഡ്‌ ചെയ്‌ത്‌ പ്രഭാഷ്‌ ഫെയ്‌സ്ബുക്കിൽ അപ്‌ലോഡ് ചെയ്‌തു. അതിന്‌ വലിയ പ്രതികരണം കിട്ടി. ‘മലയാള സമൂഹം അളവറ്റ സ്‌നേഹത്തോടും ആദരവോടും എന്നെ സ്വാഗതം ചെയ്‌തു’ എന്നാണ്‌ ഇ‍ൗ നിമിഷത്തെ ഭാജി വർണിച്ചത്‌. ഈണങ്ങളുടെ സൗന്ദര്യം, വരികളിലെ കാവ്യഭംഗി, ജനങ്ങളുടെ പ്രോത്സാഹനം എന്നിവയാണ്‌ മലയാളത്തിന്റെ ഭാഗമാക്കിയതെന്നും അദ്ദേഹം പറയുന്നു. ഗസലുകൾ, ഖവാലി, ശാസ്‌ത്രീയ സംഗീതം എന്നിവയോടാണ്‌ പ്രിയം. ‘പഴയകാല രചനകൾ തലമുറകളോളം അർഥവത്തായി നിലനിൽക്കുന്ന ഈണങ്ങളും വരികളുമുള്ളവയാണ്. ആ കാലാതീതമായ ഗാനങ്ങളാണ് എന്നിലെ സംഗീത വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്‌’ –ഭാജി പറഞ്ഞു.

ആലിംഗനങ്ങളിൽ മുഴുക‍ീ...

ആയിരം പാദസരങ്ങൾ കിലുങ്ങി

ആലുവാപ്പുഴ പിന്നെയുമൊഴുകി

ആരും കാണാതെ ഓളവും തീരവും

ആലിംഗനങ്ങളിൽ മുഴുകീ... മുഴുകീ...

ഭാജി അവസാനം പാടിയ മലയാളം പാട്ടിതാണ്‌. ഉച്ചരി‍ക്കാൻ പ്രയാസമുള്ള ഭാഷയെന്ന പ്രതിസന്ധി മറികടന്നു. എന്നാലും ‘ഴ’ വഴങ്ങുന്നില്ല. ദിവസവും പുതിയ മലയാളം പാട്ടുകൾ പഠിച്ചുകൊണ്ടിരിക്കുന്നു. അവ വരുംദിവസങ്ങളിൽ പോസ്റ്റ്ചെയ്യും.


‘സംഗീതത്തിന്റെ ശൈലിയേക്കാൾ പ്രധാനം അതിന്റെ വൈകാരിക ആഴമാണ്‌. സ്റ്റുഡിയോ റെക്കോഡിങ്ങുകളേക്കാൾ തത്സമയ പ്രകടനങ്ങളാണ് ഇഷ്ടം. മലയാളം ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു തത്സമയ സംഗീതപരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കപ്പെട്ടാൽ പങ്കെടുക്കും. സ്റ്റേജിൽ പാടുമ്പോൾ ആസ്വാദകരുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കും. അത് ഓൺലൈനിൽ സാധ്യമല്ല. മലയാളി സമൂഹത്തിൽനിന്ന് ലഭിച്ച സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി പ്രകടിപ്പിക്കാനുമുള്ള അവസരമായിരിക്കുമത്‌’– ഭാജി പറഞ്ഞു.

അതിരുകളില്ലാത്ത സ്വപ്നങ്ങൾ

പാട്ടുകൾക്കും സംഗീതത്തിനുമപ്പുറം മലയാളം പഠിക്കണമെന്നും ആഗ്രഹമുണ്ട്‌. മലയാളികളുടെ സ്‌നേഹവും ചേർത്തുപിടിക്കലുമാണ്‌ അതിനു കാരണം. ‘ആസ്വാദകരോട് നന്ദിയുണ്ട്‌. മലയാളം എന്റെ മാതൃഭാഷയല്ലാതായിട്ടുകൂടി ആലാപനത്തിലെ വികാരം അനുഭവിക്കാൻ കഴിഞ്ഞെന്ന് മാതൃഭാഷക്കാരായ മലയാളികൾ പറയുന്നതിൽ വലിയ സന്തോഷമുണ്ട്‌’– -ഭാജി പറഞ്ഞു. കേരളത്തിലെ ഭക്ഷണത്തോടും വസ്‌ത്രരീതിയോടും അദ്ദേഹത്തിന്‌ ‍പ്രിയമുണ്ട്‌. ‘കേരളം സന്ദർശിക്കാൻ ആഗ്രഹമുണ്ട്‌. തെങ്ങുകൾ നിറഞ്ഞ കടൽത്തീരങ്ങൾ വളരെ ഇഷ്ടം. കേരളം ‘ദൈവത്തിന്റെ സ്വന്തം നാട്' എന്നാണ് അറിയപ്പെടുന്നതെന്ന്‌ കേട്ടിട്ടുണ്ട്. കുടുംബത്തോടൊപ്പം കേരളം സന്ദർശിക്കുന്നതിനെക്കുറിച്ച് പ്രഭാഷിനോട്‌ സംസാരിച്ചിട്ടുണ്ട്‌. വിവിധ ഭാഷകളെയും സംസ്‌കാരങ്ങളെയും പാരമ്പര്യങ്ങളെയും സംഗീതത്തിലൂടെ ബന്ധിപ്പിക്കണം. ഹൃദയങ്ങളെ ഒന്നിപ്പിക്കാൻ കഴിവുള്ള സാർവത്രികമായ ഭാഷയാണ് സംഗീതം. ലോകത്തെ എല്ലാ മനുഷ്യരും ഒന്നാണെന്ന്‌ ഇതിലും മനോഹരമായി തെളിയിക്കാൻ മറ്റെന്തിനാണ്‌ കഴിയുക’ –എല്ലാ അതിർവരമ്പുകളെയും ‘പാട്ടിലാക്കി’ക്കൊണ്ട്‌ ഭാജി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home