print edition പുനർജനി വീടുകളും ഗുണഭോക്താക്കളും എവിടെ: എം വി ഗോവിന്ദൻ

മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിയായ പുനർജനി കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാർ ഗൂഢാലോചനയ്ക്കെതിരെ പറവൂരിൽ എൽഡിഎഫ് സംഘടിപ്പിച്ച ബഹുജന പ്രതിഷേധസദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ : പുനർജനി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി വി ഡി സതീശനും അദ്ദേഹത്തെ രക്ഷിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കള്ളം പറയുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ. പുനർജനി കേസ് അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാർ ഗൂഢാലോചനക്കെതിരെ എൽഡിഎഫ് എറണാകുളം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ബഹുജന പ്രതിഷേധസദസ്സ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുനർജനിയിൽ വിജിലൻസ് കേസ് മാത്രമാണ് അവസാനിപ്പിച്ചത്. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. തട്ടിപ്പിന് കൃത്യമായ തെളിവുകളുണ്ട്. നിയമസഭ സെക്രട്ടറിയറ്റിന്റെ അംഗീകാരം വാങ്ങാതെയായിരുന്നു സതീശന്റെ വിദേശയാത്ര. പ്രകൃതിക്ഷോഭത്തിന് വിവിധ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിദേശയാത്രാ അനുമതി കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു. എന്നാൽ, അന്ന് എംഎൽഎയായിരുന്ന സതീശന് കേന്ദ്രസർക്കാർ അനുമതി നൽകിയോയെന്നും, നൽകിയിട്ടുണ്ടെങ്കിൽ അതെങ്ങനെ ലഭിച്ചെന്നും വ്യക്തമാക്കണം. ബിജെപി ഡീലിന്റെ അടിസ്ഥാനത്തിലാണോ ഇതെന്നും എം വി ഗോവിന്ദൻ ചോദിച്ചു.
വിദേശത്തുനിന്ന് പണം പിരിച്ചില്ലെന്നാണ് സതീശൻ പറഞ്ഞത്. ആ കളവ് നിയമസഭയിൽ എൽഡിഎഫ് എംഎൽഎമാർ പൊളിച്ചു. പണം ആവശ്യപ്പെടുന്ന വീഡിയോ വന്നതോടെ പറഞ്ഞത് നുണയെന്ന് സതീശൻ സമ്മതിച്ചു. വിദേശത്തുനിന്ന് നിയമവിരുദ്ധമായി പണം പിരിക്കുകയും ബിനാമി ഇടപാടുകളിലൂടെ ഇവിടെ എത്തിക്കുകയുമായിരുന്നു. ബന്ധപ്പെട്ട ഏജൻസികൾ അത് അന്വേഷിക്കണമെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ.
വ്യാപകമായി പണം പിരിക്കുകയും അത് സ്വന്തമായി മുക്കുകയുമായിരുന്നു. പുനർജനി പദ്ധതിയിൽ നിർമിച്ചെന്ന് സതീശൻ പറയുന്ന 216 വീടുകൾ എവിടെ, അവിടെ താമസിക്കുന്നതാര്, അവരുടെ പേരെന്താണ്, പിരിച്ച പണം എന്ത് ചെയ്‌തു, എവിടെ ചെലവാക്കി എന്നതെല്ലാം ബോധ്യപ്പെടുത്തണം. പകരം കള്ളക്കണക്ക് പറയാനാണ് ശ്രമിക്കുന്നത്. കേസെല്ലാം അവസാനിച്ചെന്ന് പുകമറസൃഷ്ടിക്കാനുള്ള ചെന്നിത്തലയുടെ പരിശ്രമം ശരിയല്ല. പുനർജനി തട്ടിപ്പിന് എതിരെയും കേസ് അട്ടിമറിക്കാനുള്ള സർക്കാർ നീക്കങ്ങൾക്ക് എതിരെയും അതിശക്തമായ പ്രക്ഷോഭത്തിന് എൽഡിഎഫ് നേതൃത്വം നൽകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments