ad
Deshabhimani

print edition ആധുനിക ശിക്ഷണം കേരളത്തിൽ; പോണ്ടിച്ചേരി അഗ്‌നിരക്ഷാസേനയിൽ പെൺ തീപ്പൊരികൾ

Fire and rescue.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 08, 2026, 01:53 AM | 1 min read

തൃശൂർ: കേരള അഗ്‌നിരക്ഷാ സേനയുടെ അത്യാധുനിക ശിക്ഷണം പൂർത്തിയാക്കി പോണ്ടിച്ചേരി ( പുതുച്ചേരി) അഗ്നിരക്ഷാസേനയിലേക്ക്‌ ആദ്യമായി 16 വനിതകൾ ചുവടുവയ്‌ക്കുന്നു. കേരളത്തിലെ അഗ്നിരക്ഷാസേനയുടെ ആദ്യ പെൺസേനയുൾപ്പടെയുള്ളവരാണ്‌ പോണ്ടിച്ചേരിയിലെ വനിതാ ഉദ്യോഗസ്ഥർക്ക്‌ പരിശീലനം നൽകിയത്‌.


വിയ്യൂരിലെ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ ആറുമാസത്തെ തീവ്രപരിശീലനം പൂർത്തിയാക്കിയ ഏഴാമത്‌ ഫയർവുമൺ ബാച്ച്‌ വെള്ളിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്ത് പോണ്ടിച്ചേരി അഗ്നിരക്ഷാസേനയുടെ ഭാഗമാവും.

വിയ്യൂർ അക്കാദമിയിലെ ദേശീയ നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ ഇതരസംസ്ഥാനങ്ങളിലെ സേനാംഗങ്ങളെയും കേരളത്തിലേക്ക് ആകർഷിക്കുകയാണ്‌.


പോണ്ടിച്ചേരി വനിതാസേനയെ ഇവിടേക്ക്‌ അയക്കാനും ഇതാണ്‌ കാരണമായത്‌.

അഗ്നിശമനം മുതൽ അതിസങ്കീർണമായ രക്ഷാപ്രവർത്തനങ്ങൾ വരെ സമഗ്രമായ സിലബസാണ് ആറുമാസം കൊണ്ട് പരിശീലിപ്പിച്ചത്. ജലാശയങ്ങളിലെയും കിണറുകളിലെയും രക്ഷാപ്രവർത്തനം, കെമിക്കൽ ദുരന്തങ്ങൾ നേരിടാനുള്ള പ്രാവീണ്യം, ശ്വസനസഹായികൾ ഉപയോഗിച്ച് പുകനിറഞ്ഞ മുറികളിൽ നടത്തുന്ന തിരച്ചിൽ, മലമുകളിൽ നിന്നുള്ള രക്ഷാപ്രവർത്തനം‍ തുടങ്ങി ഒട്ടേറെ പരിശീലന മുറകൾ പൂർത്തിയാക്കി.


ഫിസിക്കൽ ട്രെയിനിങ് ഉൾപ്പടെ ഇൻഡോർ, ഒ‍ൗട്ട്‌ ഡോർ പരീശീലനങ്ങളും കൃത്യതയോടെ പൂർത്തിയാക്കി. അത്യന്തം വെല്ലുവിളികൾ നിറഞ്ഞ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഇവർ ഇനി പുതുച്ചേരിയുടെ വിവിധ സ്റ്റേഷനുകളിൽ അഗ്നിശമന-രക്ഷാപ്രവർത്തനങ്ങളുടെ മുൻനിരയിലുണ്ടാകും. നേരത്തേ ലക്ഷദ്വീപിൽ നിന്നുള്ള പുരുഷസേനാംഗങ്ങളും വിയ്യൂരിൽ പരിശീലനം നേടിയിരുന്നു.


വെള്ളിയാഴ്ച രാവിലെ എട്ടിന്‌ അഗ്നിരക്ഷാ (അഡ്മിനിസ്ട്രേഷൻ) സേനാ ഡയറക്ടർ അരുൺ അൽഫോൺസ് സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. പുതുച്ചേരി ഫയർ സർവീസ് അസിസ്റ്റന്റ്‌ ഡിവിഷണൽ ഫയർ ഓഫീസർ ആർ റിതോഷ് ചന്ദ്ര സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home