പതിച്ചത് 8,000 കിലോയുള്ള ഗർഡർ; അരൂർ അപകടത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി പൊതുമരാമത്ത് വകുപ്പ്

ആലപ്പുഴ: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്നതിന്റെ ഭാഗമായുള്ള കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ തകർന്ന് പിക്കപ്പ് വാനിലേക്ക് വീണ് ഡ്രൈവർ മരിച്ച അപകടത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി പൊതുമരാമത്ത് വകുപ്പ്. അപകടത്തിൽ പിക്കപ്പ് വാന്‍ ഡ്രൈവറായ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. പുലർച്ചെ മൂന്നോടെയാണ് അപകടം.
8,000 കിലോ ഭാരമുള്ള ഗർഡർ ആണ് പതിച്ചത്. സ്ഥിരം ഡ്രൈവർ വരാത്തതിനാൽ രാജേഷ് വാഹനം ഓടിക്കാൻ എത്തിയതെന്ന് ഉടമ പറഞ്ഞു. മൂന്നര മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
മുൻപും സമാന രീതിയിൽ ഗർഡർ തകർന്നിരുന്നു. ദേശീയപാതയിൽ നിലവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ചേർത്തല ഭാഗത്തുനിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങൾ അരൂക്കുറ്റി വഴി അരൂർക്ഷേത്രത്തിന്റെ ഭാഗത്തുകൂടി എറണാകുളത്തേക്ക് വഴി തിരിച്ചു വിട്ടു. എറണാകുളത്തുനിന്നുള്ള വാഹനങ്ങൾ അരൂരിൽനിന്ന് ചേർത്തല വഴി തിരിച്ചുവിട്ടു.









0 comments