പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമായി: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : നാട്ടിലെ സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, പാർക്കുകൾ തുടങ്ങി എല്ലാ പൊതുഇടങ്ങളും ഇപ്പോൾ ഭിന്നശേഷി സൗഹൃദമായി മാറിക്കഴിഞ്ഞെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ സ്‌കൂട്ടറിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിതരണ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ വിവിധ പദ്ധതികളാണ് ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കി വരുന്നത്. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി സുശക്തി എന്ന പേരിൽ ഭിന്നശേഷി സ്വയം സഹായ സംഘം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിവിധ സഹായോപകരണങ്ങൾ സൗജന്യമായി നൽകുന്നതിലൂടെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് തടസരഹിത സാമൂഹിക ജീവിതം ഉറപ്പാക്കുന്നതിന് സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
പ്ലാൻ ഫണ്ട് വിനിയോഗിച്ച് ശുഭയാത്ര പദ്ധതിയിൽ ഉൾപ്പെടുത്തി 48 സൈഡ് വീൽ സ്‌കൂട്ടർ, പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള ധന സഹായപദ്ധതിയായ ഹസ്തദാനത്തിലൂടെ ആറ് കുട്ടികൾക്ക് 20000 രൂപ വീതം നിക്ഷേപം, ശ്രവൺ പദ്ധതിയിൽ ഉൾപ്പെടുത്തി 43 പേർക്ക് കേൾവി സഹായ ഉപകരണം എന്നിവയാണ് ക്യാമ്പിലൂടെ വിതരണം ചെയ്തത്. ജനുവരി 19 മുതൽ 21 വരെ സവിശേഷ എന്ന പേരിൽ ഭിന്നശേഷി കാർണിവൽ നടത്തും. ടാഗോർ ഹാൾ പ്രധാന വേദിയാകുന്ന ഭിന്നശേഷി കാർണിവലിൽ തൊഴിൽ മേള, കായിക മത്സരങ്ങൾ, ചലച്ചിത്രമേള, ഫുഡ് ഫെസ്റ്റിവൽ, ഓപ്പൺ ഫോറം തുടങ്ങി ഒട്ടേറെ കലാപരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.









0 comments