ad
Deshabhimani

സംഘപരിവാർ വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണം: മന്ത്രി വി ശിവൻകുട്ടി

V Sivankutty
വെബ് ഡെസ്ക്

Published on Dec 23, 2025, 04:39 PM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സംഘപരിവാർ അഴിച്ചുവിടുന്ന വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും എതിരെ പൊതുസമൂഹം അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി. പാലക്കാട് കഞ്ചിക്കോട് അട്ടപ്പളത്ത് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണൻ ബാഗേലിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണ്. ബംഗ്ലാദേശി എന്ന് വിളിച്ചാക്ഷേപിച്ചാണ് രാം നാരായണനെ മർദ്ദിച്ചു കൊന്നതെന്നാണ് പുറത്ത് വരുന്ന വിവരം. സംഘപരിവാർ രാജ്യമാകെ പടർത്തിക്കൊണ്ടിരിക്കുന്ന വർഗീയ വിദ്വേഷത്തിന്റെ ഇരയാണ് രാം നാരായണനെന്നും മന്ത്രി പറഞ്ഞു.


ആൾക്കൂട്ടക്കൊലയ്ക്ക് പിന്നിലെ സംഘപരിവാർ ബന്ധം മറനീക്കി പുറത്തുവന്നു. അതോടൊപ്പം സമാധാനത്തിന്റെ വെള്ളരിപ്രാവ് ചമയുന്ന കോൺഗ്രസിന്റെ പങ്കും വെളിച്ചത്തായിരിക്കുന്നു. ഈ കേസിൽ ഉൾപ്പെട്ട പ്രതികളുടെ പശ്ചാത്തലം പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും. പ്രതികളായ എ അനു, സി പ്രസാദ്, സി മുരളി, കെ ബിബിൻ എന്നിവർ സജീവ ആർഎസ്‌എസ് പ്രവർത്തകരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്ക് വേണ്ടി ഇവർ പരസ്യമായി രംഗത്തുണ്ടായിരുന്നു.


ഇതിൽ അനു എന്ന ആർഎസ്എസ് ക്രിമിനൽ 15 കേസുകളിൽ പ്രതിയാണ്. വാളയാർ സ്റ്റേഷനിൽ പത്തും കസബ സ്റ്റേഷനിൽ അഞ്ചും ക്രിമിനൽ കേസുകൾ ഇയാളുടെ പേരിലുണ്ട്. സിഐടിയു പ്രവർത്തകനായ സ്റ്റീഫനെയും ഡിവൈഎഫ്ഐ പ്രവർത്തകനായ വിനോദിനെയും വെട്ടിയ കേസിലെ പ്രതികളാണ് അനുവും സി മുരളിയും. കെ ബിബിൻ പാലക്കാട് നോർത്ത് സ്റ്റേഷനിൽ രണ്ട് കേസിലും വാളയാറിൽ ഒരു കേസിലും പ്രതിയാണ്. സി പ്രസാദിന്റെ പേരിൽ വാളയാർ സ്റ്റേഷനിൽ രണ്ട് കേസുകളും നിലവിലുണ്ട്.


അതിക്രൂരമായ മർദ്ദനത്തിൽ ഐഎൻടിയുസി നീലംപതി ലോഡിങ് യൂണിറ്റിലെ എം രാജേഷും പങ്കാളിയാണ്. ആർഎസ്എസ് ക്രിമിനൽ സംഘത്തോടൊപ്പം കോൺഗ്രസ് പ്രവർത്തകരും മുൻ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഈ അക്രമത്തിൽ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വന്നിരുന്നു. കേസ് ഗൗരവമായപ്പോൾ അത് ഡിലീറ്റ് ചെയ്‌തു.


പ്രസാദും കോൺഗ്രസിന്റെ വാർഡ് പ്രസിഡന്റായ ഉദയകുമാറും ചേർന്ന് ആംബുലൻസിൽ വെച്ചും, ആശുപത്രിയിൽ കൊണ്ട് ചെന്ന് ഇറക്കുമ്പോഴും രാം നാരായണനെ മർദ്ദിച്ചതായി വിവരമുണ്ട്. ഇതിന് ആശുപത്രി ജീവനക്കാർ സാക്ഷികളാണ്. പാലക്കാട് പുതുശ്ശേരിയിൽ ക്രിസ്മസ് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണവും ഇതിനോട് ചേർത്തു വായിക്കേണ്ടതുണ്ട്. ആഘോഷങ്ങളെ പോലും വർഗീയമായി കണ്ട് അക്രമം അഴിച്ചുവിടുന്ന പ്രവണത കേരളത്തിന് അപമാനകരമാണെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.


ഇത്തരം അക്രമങ്ങൾക്കെതിരെയും വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയും സമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധവും പ്രതിരോധവും ഉയർന്നു വരേണ്ടതുണ്ട്. കേരളത്തിന്റെ മതേതര മനസിനെ തകർക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടണം. ഇരയുടെ കുടുംബത്തിനൊപ്പം സംസ്ഥാന സർക്കാർ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി. പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തു. കുറ്റക്കാർ ഏത് രാഷ്ട്രീയക്കാരായാലും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാം നാരായണന്റെ മൃതദേഹം ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ നിന്ന് റായ്പൂരിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് അർഹമായ ധനസഹായം സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home