നിപാ കണ്ടെത്തല്‍ ഇനി എളുപ്പം ; ‘സ്യൂഡോ വൈറിയോൺ’ സാങ്കേതികവിദ്യയുമായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

ആന്‍സ് ട്രീസ ജോസഫ്
Published on Sep 07, 2025, 01:15 AM | 1 min read
തിരുവനന്തപുരം
നിപാ പ്രതിരോധത്തില്‍ പുതുചരിത്രമെഴുതാന്‍ കേരളത്തിന്റെ ‘സ്യൂഡോ വൈറിയോണുമായി’ തോന്നയ്ക്കലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‍ഡ് വൈറോളജി. നിപാ വൈറസ് മനുഷ്യരിലേക്ക് കയറുന്നതിന്റെ ഉറവിടം കണ്ടെത്തി പ്രതിരോധമാര്‍ഗം സ്വീകരിക്കുന്നതാണ് പുതിയ രീതി. നിലവില്‍ കേരളത്തിൽ എവിടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇത് വരുന്നതോടെ നിപാ ബാധിതപ്രദേശത്ത് മനുഷ്യരിലോ മൃഗങ്ങളിലോ നിപാ പ്രതിവസ്‌തു (ആന്റിബോഡി) ഉണ്ടെങ്കില്‍ കണ്ടെത്തും. രോഗനിര്‍ണയ കിറ്റും തയ്യാറാക്കും.
മനുഷ്യര്‍ക്കും ഓരോ ജീവിവര്‍ഗത്തിനും പ്രത്യേകം പ്രതിവസ്‌തു പരിശോധനയാണ് സാധാരണ നടത്തുന്നത്. എന്നാലിതില്‍ ഒരേ പരിശോധനാരീതിയാണ്. രക്തത്തില്‍ പ്രതിവസ്‌തുവിന്റെ ചെറിയ ലക്ഷണംപോലും തിരിച്ചറിയും.
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഇ ശ്രീകുമാറിന്റെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. പി എം അനിതയുടെയും മേല്‍നോട്ടത്തിലാണ് സ്യൂഡോ വൈറിയോൺ സാങ്കേതികവിദ്യ വികസിപ്പിച്ചത്. സ്പ്രിങ്ങർ നേച്ചറിന്റെ ബിഎംസി അന്താരാഷ്ട്ര ജേർണലിൽ പഠനവിവരം ഉടൻ പ്രസിദ്ധീകരിക്കും. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച നിപാ വൈറസ്- ലൈക്ക് പാർട്ടിക്കിൾ സാങ്കേതികവിദ്യക്ക് പുറമെയാണിത്.










0 comments