print edition പിഎസ്‌സി റാങ്ക് പട്ടിക നീട്ടൽ തട്ടിപ്പ് ; ആയിരത്തിലധികം ഒഴിവുകൾ പൂഴ്‌ത്തി


സ്വന്തം ലേഖകൻ
Published on Sep 04, 2026, 01:30 AM | 1 min read
തിരുവനന്തപുരം : പിഎസ്‍സി റാങ്ക് പട്ടികകളുടെ കാലാവധി യുഡിഎഫ് സർക്കാർ തുടർച്ചയായി നീട്ടുന്നത് കെഎഎസ്, സിപിഒ, എൽഡിസി ഉൾപ്പെടെയുള്ള സുപ്രധാന ഒഴിവുകൾ പൂഴ്‌ത്തിയശേഷം. സർക്കാർ അധികാരത്തിൽ വന്നശേഷം വിവിധ തസ്‌തികകളിലായി ആയിരത്തിലധികം തസ്‌തികയിലെ ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്തിട്ടുമില്ല.
സെൻസസ് ഡ്യൂട്ടി, ബിഎൽഒ ചുമതല, സ്ഥലംമാറ്റ നടപടികളിലെ കാലതാമസം തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് 18 അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസം നീട്ടാൻ സർക്കാർ തീരുമാനിച്ചത്. ഇതേ കാരണം മറ്റ് വകുപ്പുകളിലെ തസ്‌തികകൾക്കും ബാധകമാണ്. വരുദിവസങ്ങളിൽ കൂടുതൽ ഉദ്യോഗാർഥികൾ പ്രതിഷേധിച്ചാൽ അതും നീട്ടേണ്ടി വരും. ഇതോടെ നിലവിലെ നിയമനരീതികൾ തകരും.
നിലവിൽ നീട്ടിയ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ ഒരുമാസമായി സമരത്തിലായിരുന്നു. ഇൗ പട്ടികകളെല്ലാം സെപ്തംബർ, ഒക്‌ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്നവയാണ്. ചില ജില്ലകളിലെ റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കുന്നത് നവംബറിന് ശേഷമാണ്. സ്വാഭാവികമായും ഈ ജില്ലകളിൽ ഉള്ളവർക്ക് ആറുമാസം നീട്ടിക്കിട്ടിയില്ലെങ്കിൽ അത് നീതിനിഷേധവുമാകും.
റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന തസ്‌തികകളിൽ ഒഴിവുണ്ടെങ്കിൽ അവ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യാൻ ഇനിയും സമയമുണ്ട്. മുൻ വർഷങ്ങളിൽ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന അവസാന മണിക്കൂറുകളിലും പരമാവധിപേർക്ക് നിയമനം ഉറപ്പാക്കിയിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയ മേയിൽതന്നെ നൂറിലേറെ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി.
ലക്ഷ്യം നിയമന നിരോധനം
വിവിധ അധ്യാപക തസ്‌തികകളിലേക്കുള്ള പിഎസ്‍സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനുള്ള സർക്കാർ തീരുമാനം നിയമന നിരോധനം ലക്ഷ്യം വച്ചുള്ളതാണെന്ന് പിഎസ്‍സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 13 പ്രാവശ്യമാണ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയത്. റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളിൽ വരാവുന്ന മുഴുവൻ ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളായി മുൻകൂട്ടി റിപ്പോർട്ട് ചെയ്യുകയായിരുന്നു എൽഡിഎഫ് സർക്കാരിന്റെ രീതി. ഇത് കൃത്യമായി നടപ്പാക്കിയാൽ കാലാവധി ദീർഘിപ്പിക്കേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.










0 comments