നിയമനമില്ല; സെക്രട്ടേറിയറ്റിന് മുന്നിൽ 21 മുതൽ ഉദ്യോഗാർഥികളുടെ പ്രക്ഷോഭം

എൽപിഎസ്ടിഎ സമരത്തിൽനിന്ന് ഫയൽ ചിത്രം
തിരുവനന്തപുരം: പിഎസ്‌സി നിയമനങ്ങൾ മരവിപ്പിച്ച് വഞ്ചിക്കുന്ന യുഡിഎഫ് സർക്കാർ നിലപാടിനെതിരെ അതിശക്തമായ പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ രംഗത്തുവരുന്നു. നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ ആഗസ്ത് 21 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുകയാണ്.
യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം പിഎസ്‌സി നിയമനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ നിലയാണ്. നിലവിലെ റാങ്ക് ലിസ്‌റ്റുകളിൽ നിന്ന് നിയമനം നടത്തുന്നില്ല. വകുപ്പുകൾ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുമില്ല. പുതിയ നിയമനങ്ങൾ സർക്കാരിന് ബാധ്യതയാകുമെന്ന ന്യായംപറഞ്ഞാണ് നിയമനം നടത്താതിരിക്കുന്നതും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതും. നിയമനങ്ങൾക്ക് തടസ്സമാകുന്ന തരത്തിൽ ഉത്തരവുകളും സർക്കുലറുകളും സർക്കാർ പുറപ്പെടുവിക്കുന്നതും ഉദ്യോഗാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിഎസ്‌സി നടത്തിയ നിയമനങ്ങളുടെ പേരിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാൻ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഗൂഢനീക്കങ്ങളുണ്ടായിരുന്നു. ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയും പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, വ്യാജ ആരോപണങ്ങൾക്ക് പിഎസ്‌സി കൃത്യമായ മറുപടി നൽകിയതോടെ ആ നീക്കം പാളി.
ജൂലൈ 30 ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയ റാങ്ക് ഹോൾഡേഴ്‌സ് കൂട്ടായ്മയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ 21 മുതൽ അനിശ്ചിതകാല പ്രക്ഷോഭം പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ ഓൾ കേരള പിഎസ് സി ഡ്രൈവർ റാങ്ക് ഹോൾഡേഴ്‌സ് കോ–ഓർഡിനേഷൻ കമ്മിറ്റി സമരത്തിനിറങ്ങും. സമരത്തിന്റെ ഭാഗമായി സിജെപി നേതാവ് അഭിജീത് ദീപകെയെ ക്ഷണിക്കുമെന്നും സമരസമിതി കോ-ഓർഡിനേറ്റർമാർ അറിയിച്ചു.










0 comments