ഓണക്കിറ്റിൽനിന്ന് കശുവണ്ടി ഒഴിവാക്കിയത് അറിഞ്ഞില്ല: വന്നവഴി മറന്ന് മന്ത്രി ബിന്ദു കൃഷ്‌ണ

മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ഓണക്കിറ്റിൽ നിന്നും കശുവണ്ടി ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരംമുട്ടി വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കശുവണ്ടി പരിപ്പ് ഒഴിവാക്കിയത് താൻ അറിഞ്ഞില്ലെന്ന നിരുത്തരവാദപരമായ മറുപടിയാണ് മന്ത്രി മാധ്യമപ്രവർത്തകർക്ക് നൽകിയത്.
തെരഞ്ഞെടുപ്പ് സമയത്ത്, കശുവണ്ടി തൊഴിലാളിയുടെ മകളാണെന്ന് അവകാശപ്പെട്ട് ഫാക്ടറികൾ കയറിയിറങ്ങി വോട്ട് ചോദിച്ച നേതാവായിരുന്നു ബിന്ദു കൃഷ്‌ണ. അതേ നേതാവാണ് ഇന്ന് അധികാരത്തിലെത്തിയപ്പോൾ തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾ പൂർണമായും മറന്നത്.
കശുവണ്ടി തൊഴിലാളികളുടെ വയറ്റത്തടിച്ചുകൊണ്ടാണ് സർക്കാർ ഓണക്കിറ്റിൽ നിന്നും കശുവണ്ടി ഒഴിവാക്കിയത്. ഇതിലൂടെ നിരവധി തൊഴിലാളി കുടുംബങ്ങളെയാണ് സർക്കാർ ദുരിതത്തിലേക്ക് തള്ളിവിട്ടത്. കേരളത്തിന്റെ സ്വന്തം ബ്രാൻഡായ കശുവണ്ടിയെ വെട്ടിമാറ്റിയ യുഡിഎഫ് സർക്കാർ, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്ന കടലയുടെ തൂക്കം കൂട്ടാനും മറന്നിട്ടില്ല.
കശുവണ്ടി തൊഴിലാളികളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും സംരക്ഷിക്കാനായി കഴിഞ്ഞ വർഷങ്ങളിൽ എൽഡിഎഫ് സർക്കാർ മാതൃകാപരമായ പ്രവർത്തനമാണ് നടപ്പാക്കിയത്. അഞ്ചു വർഷത്തിനിടെ 970 ടൺ കശുവണ്ടിപ്പരിപ്പാണ് എൽഡിഎഫ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് വാങ്ങി ഓണക്കിറ്റിൽ ഉൾപ്പെടുത്തിയത്. ഇതിനായി ഏകദേശം 100 കോടി രൂപ ചെലവഴിച്ചു. 2021ലും 2022ലും 90 ലക്ഷം വീതം ഓണക്കിറ്റുകളിൽ കശുവണ്ടിപ്പരിപ്പ് നൽകി. ഇതിലൂടെ തൊഴിലാളികളുടെ തൊഴിലും വരുമാനവും ഉറപ്പാക്കാൻ ഇടത് സർക്കാരിന് സാധിച്ചിരുന്നു.










0 comments