ഓണമായിട്ടും നെൽ കർഷകർക്ക് പണം അനുവദിക്കാതെ സർക്കാർ; പാലക്കാട് പ്രതിഷേധം

പാലക്കാട്: ഓണമെത്തിയിട്ടും നെല്ലിന്റെ സംഭരണവില കിട്ടാത്തതിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി കർഷകർ രംഗത്ത്. കർഷകദിനമായ ചിങ്ങം ഒന്നിന് പാലക്കാട് ജില്ലാ സപ്ലൈകോ ഓഫീസിലെത്തിയ കർഷകർ, ഉദ്യോഗസ്ഥരെ ഉപരോധിച്ചു. കർഷക സമാജമെന്ന കോൺഗ്രസ് അനുഭാവ സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
നെല്ലെടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും രണ്ടാംവിള സംഭരിച്ചതിന്റെ തുക കർഷകരുടെ കൈകളിൽ പൂർണമായി എത്തിയിട്ടില്ല. സംസ്ഥാന വിഹിതം മാത്രംനൽകി യുഡിഎഫ് സർക്കാർ കർഷകരെ വഞ്ചിക്കുകയായിരുന്നു. ഈ തുകകൊണ്ട് പകുതി കർഷകരുടെ പണം നൽകാൻപോലും സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് കർഷകർ പ്രതിഷേധിച്ചത്.
മുൻ എൽഡിഎഫ് സർക്കാർ കേന്ദ്ര വിഹിതംകൂടി നൽകിയാണ് കർഷകർക്ക് മുഴുവൻ തുകയും നൽകിയിരുന്നത്. അഞ്ച് വർഷത്തിലധികം കേന്ദ്ര വിഹിതം കുടിശ്ശിക വന്നപ്പോഴും (ഏകദേശം 2000 കോടി) കർഷകരെ ബാധിച്ചിരുന്നില്ല. ഇതുകൂടാതെ യുഡിഎഫ് സർക്കാർ സഹകരണ സംഘങ്ങൾ വഴിയുള്ള നെൽ വില വിതരണവും അട്ടിമറിച്ചു. ഇതും കർഷകർക്ക് തിരിച്ചടിയായി.
വിപണിയിൽ പച്ചക്കറി വില ഉയരുന്നുണ്ടെങ്കിലും ഓണവിപണി ലക്ഷ്യമിട്ട് ജില്ലയിലെ മുതലമട, ചിറ്റൂർ, വടവന്നൂർ, നെന്മാറ മേഖലകളിൽ വൻതോതിൽ പച്ചക്കറി കൃഷി ഇറക്കിയ കർഷകർക്ക് അതിന്റെ നേട്ടം ലഭിക്കുന്നില്ല. സർക്കാർ മേഖലയിൽ ഹോർട്ടികോർപ്, വിഎഫ്പിസികെ വഴിയുള്ള സംഭരണം കാര്യക്ഷമമല്ലാത്തതാണ് കർഷകരെ വലയ്ക്കുന്നത്. ഇത്തവണത്തെ ബജറ്റിൽ വിഎഫ്പിസികെയ്ക്ക് പ്രവർത്തന ഫണ്ട് അനുവദിക്കാത്തതും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതും പ്രതികൂലമായി ബാധിച്ചു.
കർഷകർ പച്ചക്കറികൾ നേരിട്ട് ചന്തകളിൽ എത്തിക്കുമ്പോൾ ഇടനിലക്കാർ തുച്ഛമായ വില നൽകി ചൂഷണം ചെയ്യുന്നതും പതിവായിട്ടുണ്ട്. തേങ്ങയ്‌ക്ക് വിപണി വില 56 രൂപയുള്ളപ്പോൾ കർഷകർക്ക് 45 രൂപവരെയാണ് ലഭിക്കുന്നത്. വളം, കീടനാശിനി എന്നിവ ലഭിക്കുന്നതിന് സങ്കീർണമായ അഗ്രി സ്റ്റാക്ക് രജിസ്ട്രേഷൻകൂടി ഏർപ്പെടുത്തിയത് ദുരിതം ഇരട്ടിയാക്കുന്നു. കേന്ദ്രത്തിന്റെ ഈ പദ്ധതിക്കെതിരെ സംസ്ഥാന സർക്കാർ ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. ഓണക്കാലത്ത് ഡിമാൻഡ് കൂടുന്ന നേന്ത്രക്കായ, ചേന തുടങ്ങിയവയുടെ ഉയർന്ന വിപണിവിലയുടെ ഗുണം തമിഴ്നാട്, കർണാടക തുടങ്ങിയ അന്യസംസ്ഥാന ലോബികൾക്കാണ് ലഭിക്കുന്നത്.










0 comments