ad
Deshabhimani

എസ്ബിഐ നിയമനം: കേരളത്തെ ഒഴിവാക്കിയതില്‍ വന്‍ അട്ടിമറി, ചെയർമാന് കത്തയച്ച് ബ്രിട്ടാസ്

john brittas mp
വെബ് ഡെസ്ക്

Published on Aug 17, 2026, 03:20 PM | 1 min read

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ധനകാര്യ സ്ഥാപനമായ എസ്ബിഐ നിയമനത്തിൽ കേരളത്തെ ഒഴിവാക്കിയ നടപടിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ ചെയർമാന് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി.


എസ്ബിഐയിലെ ക്ലറിക്കൽ കേഡറിൽ വരുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) എന്ന തസ്തികയിലേക്ക് ഈ വർഷം 7,680 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എന്നാൽ കേരളത്തിൽ ഒരു ഒഴിവ് പോലുമില്ല. ഈ മാസം പതിനൊന്നിനാണ് ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചത്. കേരളത്തെ ഒഴിവാക്കിയതിലൂടെ വൻ അട്ടിമറിയാണ് നടന്നിരിക്കുന്നതെന്ന് ചെയർമാൻ ചല്ല ശ്രീനിവാസുലുവിന് അയച്ച കത്തിൽ ബ്രിട്ടാസ് പറയുന്നു.


ഏറ്റവും കൂടുതൽ അഭ്യസ്തവിദ്യർ അപേക്ഷിക്കുന്ന നിയമനത്തിൽ കേരളത്തെ ഇപ്രകാരം പാടെ അവഗണിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും എസ്ബിഐ ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. 'മുൻവർഷങ്ങളിലെ നിയമനങ്ങളിലും കേരളത്തോട് അവഗണന ഉണ്ടായിരുന്നുവെങ്കിലും പേരിനെങ്കിലും ചില ഒഴിവുകൾ നീക്കിവെച്ചിരുന്നു. ഉദാഹരണമായി ഇതേ തസ്തികയിലേക്ക് 2024-ൽ അപേക്ഷ ക്ഷണിച്ചപ്പോൾ 426 ഒഴിവുകൾ കേരളത്തിന് നീക്കിവെച്ചിരുന്നു. 2025-ൽ അത് കുറഞ്ഞുവെങ്കിലും 247 ഒഴിവുകളെങ്കിലും കേരളത്തിനായി നൽകിയിരുന്നു. എന്നാൽ ഈ വർഷം അത് പൂജ്യമാണ്. കഴിഞ്ഞ വർഷം 5,180 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോഴാണ് 247 എണ്ണം കേരളത്തിന് വേണ്ടി മാറ്റിവെച്ചത്. ഈ വർഷം ദേശീയതലത്തിൽ ഒഴിവുകളുടെ എണ്ണം 7,680 ആയി ഉയർന്നിട്ടും കേരളത്തിന് ഒരു ഒഴിവ് പോലും നൽകിയിട്ടില്ല എന്നത് ഈ വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്ന്' ബ്രിട്ടാസ് വ്യക്തമാക്കി.


ആഗസ്ത് 31 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. കേരളത്തെ പൂർണമായും ഒഴിവാക്കിയത് അത്ഭുതപ്പെടുത്തുന്നതാണെന്നും കേരളത്തിലെ ഒഴിവുകൾ സംബന്ധിച്ച് എസ്ബിഐ പുനരവലോകനം നടത്തണമെന്നും കത്തിൽ എംപി ചെയർമാനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ എത്രയും വേഗം , തിരുത്തൽ വിജ്ഞാപനം (പുതിയ നോട്ടിഫിക്കേഷൻ) പുറത്തിറക്കി കേരളത്തിലുള്ളവർക്കും അപേക്ഷിക്കാൻ അവസരമൊരുക്കുന്നതിന് വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home