ad
Deshabhimani

രാജ്യത്തിന് നാണക്കേടായി എൻടിഎ; വീഴ്ചകൾ തുടർക്കഥ, നീറ്റിന് പിന്നാലെ നെറ്റും

SFI protest ugc net exam

നെറ്റ്‌ പരീക്ഷ റദ്ദാക്കിയത്തിൽ എസ്എഫ്ഐ കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ (ഫോട്ടോ: ശരത് കൽപാത്തി)

വെബ് ഡെസ്ക്

Published on Aug 17, 2026, 02:44 PM | 1 min read

തിരുവനന്തപുരം: യുജിസി നെറ്റ് പരീക്ഷ വലച്ചത് ഒന്നര ലക്ഷത്തോളം വിദ്യാർഥികളെ. അതി​ഗുരുതര വീഴ്ചയെന്ന് ഒടുവിൽ സമ്മതിക്കേണ്ടി വന്നതോടെയാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുനഃപരീക്ഷ നിശ്ചയിച്ചത്. ഇം​ഗ്ലീഷ് ചോദ്യപേപ്പറിൽ 67 ചോദ്യങ്ങൾ മുൻവർഷത്തെ പരീക്ഷയിലേത് തന്നെയായിരുന്നു. 2024-25ലെ പരീക്ഷയിലെ ചോദ്യങ്ങൾ ഓപ്ഷൻപോലും മാറാതെ ഇക്കൊല്ലവും വന്നു. കൊമേഴ്സിലും പഴയ ചോദ്യങ്ങൾ ആവർത്തിച്ചു. സോഷ്യോളജിയിൽ ചില ചോദ്യങ്ങൾ എഐയിൽ നിർമിച്ചതും വൻ അബദ്ധമായി. പുനഃപരീക്ഷ അക്കാദമിക് കലണ്ടറിനെയും ബാധിക്കും.


ഉത്തര സൂചിക പുറത്തുവന്നതോടെ വ്യാപക പരാതിയും പ്രതിഷേധവുമായി വിദ്യാർഥികൾ രം​ഗത്തെത്തി. തുടർന്നാണ് അന്വേഷിക്കാൻ എൻടിഎ ആഭ്യന്തരസമിതിയെ വെച്ചത്. ഇംഗ്ലീഷ്, കൊമേഴ്‌സ് പുനഃപരീക്ഷകൾ സെപ്‌തംബർ 9നും സോഷ്യോളജി 10നും നടത്തുമെന്നാണ് അറിയിപ്പ്.


അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും പിഎച്ച്ഡി പ്രവേശനത്തിനുമായി 87 വിഷയങ്ങളിൽ ജൂൺ അവസാന വാരമാണ് എൻടിഎ പരീക്ഷകൾ നടത്തിയത്. ചോദ്യപേപ്പറുകളിൽ വലിയ അബദ്ധങ്ങൾ കടന്നുകൂടിയെന്ന പരാതി സ്ഥിരീകരിച്ചാണ് വീണ്ടും പരീക്ഷകൾ നടത്താൻ തീരുമാനിച്ചത്. വസ്തുതാപരമായ പിശകുകൾ, അക്ഷരത്തെറ്റുകൾ, വിവർത്തനത്തിലെ പിഴവ്‌, പുസ്തകങ്ങളുടെ പേരുകളിലെ അബദ്ധം, അവ്യക്തമായ ഉത്തരസാധ്യത, ചോദ്യങ്ങളുടെ ആവർത്തനങ്ങൾ തുടങ്ങിയ പരാതികളാണ് പ്രധാനമായും ഉയർന്നത്.


എൻടിഎ പിരിച്ചുവിടണം


എൻടിഎ നടത്തുന്ന പരീക്ഷകളിൽ ചോദ്യചോർച്ച ഉൾപ്പടെയുള്ള ഗുരുതര ക്രമക്കേട്‌ പതിവാണ്‌. തുടർച്ചായി വീഴ്ചകൾ വരുത്തിയിട്ടും ഏജൻസിയെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.


ക്രമക്കേടും അബദ്ധങ്ങളും ആവർത്തിക്കുന്ന സാഹചര്യത്തിൽ എൻടിഎ പിരിച്ചുവിടണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ഭാവി തകർക്കുന്ന എൻടിഎയുടെ വീഴ്ചയ്ക്കെതിരെ എസ്എഫ്ഐ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home