ad
Deshabhimani

print edition പിഎസ്‌സി പരീക്ഷാതട്ടിപ്പ്‌: 2പേർ കുറ്റക്കാർ, യുവതിക്ക്‌ 3വർഷം തടവ്‌

Kerala PSC Exam

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 01, 2026, 01:03 AM | 1 min read

കൊല്ലം: കോട്ടയത്തെ പിഎസ്‌സി യുപി സ്കൂൾ അധ്യാപക പരീക്ഷയിൽ വ്യാജ ഹാൾടിക്കറ്റുണ്ടാക്കി ആൾമാറാട്ടം നടത്തിയ കേസിൽ രണ്ടുപേർ കുറ്റക്കാരെന്ന്‌ കോടതി കണ്ടെത്തി. രണ്ടാം പ്രതി കൊല്ലം മയ്യനാട്‌ കാരിക്കുഴി ചിറ്റുവിലാകം സുനിൽ ദാസ്‌ (38), എട്ടാം പ്രതി മയ്യനാട്‌ താഴത്തുചേരിയിൽ കൂട്ടിക്കട കെഎൻആർ നഗർ 115 ദാറുസലാംവീട്ടിൽ ഷമീമ (43)എന്നിവരെയാണ്‌ കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതി രണ്ട്‌ ജഡ്‌ജി ലക്ഷ്‌മി ശ്രീനിവാസ്‌ കുറ്റക്കാരെന്നു കണ്ടെത്തിയത്‌.


ഷമീമയ്ക്ക്‌ മൂന്നുവർഷം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന്‌ സുനിൽ ദാസിനെതിരെ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചു. ഇയാൾ നേരിട്ട്‌ ഹാജരായശേഷം ശിക്ഷ വിധിക്കും. കേസിന്‌ ആസ്‌പദമായ സംഭവം നടന്നത്‌ 2010 മേയിലാണ്‌. കോട്ടയത്തുനടന്ന പരീക്ഷയിൽ ഉത്തരം പറഞ്ഞുകൊടുക്കാമെന്ന്‌ ഷമീമയെയും ഭർത്താവിനെയും ഒന്നാം പ്രതി പ്രകാശ്‌ലാൽ വിശ്വസിപ്പിച്ചു. തുടർന്ന്‌ രണ്ടാംപ്രതി സുനിൽ ദാസ്‌ വ്യാജ മേൽവിലാസത്തിൽ ഹാൾടിക്കറ്റ്‌ സംഘടിപ്പിച്ച്‌ ആൾമാറാട്ടം നടത്തി ചാത്തന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാഹാളിൽ കയറിപ്പറ്റി.


ഇവിടെനിന്ന്‌ ഇൻവിജിലേറ്റർ നൽകിയ ചോദ്യപേപ്പർ ജനൽവഴി പുറത്തേക്കിട്ടു. കൂട്ടുപ്രതികളിൽ ഒരാൾ ഇതെടുത്ത്‌ പ്രകാശ്‌ലാലിന്‌ കൊടുത്തു. തുടർന്ന്‌ പ്രതികൾചേർന്ന്‌ ഉത്തരങ്ങൾ കണ്ടെത്തി കോട്ടയം കാണക്കാരിയിലെ സ്കൂളിൽ പരീക്ഷ എഴുതിക്കൊണ്ടിരുന്ന എട്ടാംപ്രതി ഷമീമയ്ക്ക്‌ ഫോണിലൂടെ പറഞ്ഞുകൊടുക്കുകയായിരുന്നു. ഷമീമ ഫോണിൽ ഇയർഫോൺ ഘടിപ്പിച്ച്‌ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചായിരുന്നു തട്ടിപ്പ്‌.


ഒന്നാംപ്രതി മയ്യനാട്‌ ആക്കോലിൽ പ്രകാശ്‌ലാൽ, മൂന്നാംപ്രതി ഇരവിപുരം വാളത്തുംഗൽ ശ്രീശരവണ നഗർ 189ൽ രജീഷ്‌ എന്നിവർ വിചാരണകാലയളയിൽ ആത്മഹത്യചെയ്തു. നാലാംപ്രതി ഇരവിപുരം ആക്കോലിൽ വയലിൽ പുത്തൻവീട്ടിൽ അജിത്‌, അഞ്ചാംപ്രതി ഇരവിപുരം വാളത്തുംഗൽ മമതയിൽ അനീഷ്‌ ഗോപിനാഥ്‌, ഷമീമയുടെ ഭർത്താവും ഏഴാംപ്രതിയുമായ മയ്യനാട്‌ താഴത്തുചേരിയിൽ കൂട്ടിക്കട കെ എൻ ആർ നഗർ 115 ദാറുസലാംവീട്ടിൽ ഷാജി എന്നിവരെ കോടതി കുറ്റവിമുക്തരാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home