പിഎസ്‌സി ശുപാർശ 408, നിയമനം 134 : ഡോക്ടർമാരെ നിയമിക്കുന്നില്ല


അഖില ബാലകൃഷ്ണൻ
Published on Aug 31, 2026, 01:23 AM | 2 min read
തിരുവനന്തപുരം:
ആരോഗ്യവകുപ്പിൽ അസി. സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ, പിഎസ്‌സി ശുപാർശ ചെയ്ത 408 ഒഴിവുകളിൽ 134പേർക്ക് മാത്രം നിയമനം നൽകി യുഡിഎഫ് സർക്കാർ. നിയമനം നടത്തിയതാകട്ടെ ശുപാർശക്രമം അട്ടിമറിച്ചും. നിയമിച്ചവരിൽ പകുതിപേരും ജോലിയിൽ പ്രവേശിച്ചിട്ടുമില്ല.
റാങ്ക് പട്ടികയിൽ മുന്നിലുണ്ടായിരുന്നവരെ അവഗണിച്ചാണ് പ്രത്യേക താൽപ്പര്യപ്രകാരം ചിലർക്ക് മാത്രം സ്വന്തം ജില്ലയിൽ നിയമനം നൽകിയത്. ഇവരിൽ പലരും ഉന്നതപഠനം ഉൾപ്പെടെയുള്ള കാരണങ്ങൾ പറഞ്ഞ് അവധിയിൽ പ്രവേശിച്ചു.
ദൂരെയുള്ള ജില്ലകളിൽ നിയമനം ലഭിച്ചവരിൽ ചിലർ ജോലിയിൽ പ്രവേശിച്ചിട്ടില്ല.
അസി. സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ പുതിയതായി 345, ജോലിക്ക് കയറാത്തവർക്ക് പകരം 21, ഭിന്നശേഷി വിഭാഗത്തിൽ 42 എന്നിങ്ങനെയാണ് ആരോഗ്യവകുപ്പ് പിഎസ്‌സിക്ക് ഘട്ടംഘട്ടമായി റിപ്പോർട്ട് ചെയ്ത ഒഴിവുകൾ. കഴിഞ്ഞവർഷം ഡിസംബറിൽ പിഎസ്‌സി പരീക്ഷ നടത്തി. ഏപ്രിലിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എൽഡിഎഫ് സർക്കാർ ഇടപെടലിൽ ഒരു മാസത്തിനുള്ളിൽ നിയമന ശുപാർശയായി. മെയ് 25ന് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പിഎസ്‌സി സെക്രട്ടറി കത്തയച്ചു. അന്ന് റിപ്പോർട്ട് ചെയ്‌ത, വിവിധ ജില്ലകളിലെ 395 ഒഴിവിലേക്ക് ഡോക്ടർമാരെ നിയമിച്ച് പട്ടിക തയ്യാറാക്കുന്നതിനിടെ മന്ത്രിയുടെ ഇടപെട്ട് ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റി. പിന്നീട്, മന്ത്രി ഓഫീസിന്റെ പ്രത്യേക ഇടപെടലിൽ നിയമനവും അട്ടിമറിച്ചു.
സംസ്ഥാനത്താകെ, സ്പെഷ്യൽ കേഡറിലുൾപ്പെടെ 800 ലധികം ഡോക്ടർമാരുടെ ഒഴിവാണുള്ളത്. ഡോക്ടർമാരുടെ ക്ഷാമം കൂടുതൽ നേരിടുന്നത് കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളാണ്. കാസർകോട് ജില്ലയിൽ അസിസ്റ്റന്റ് സർജൻ തസ്തികയിൽമാത്രം 113 ഒഴിവുകളുണ്ട്.
പാലക്കാട് ജില്ലയിൽ 87, കണ്ണൂരിൽ 70 - എന്നിങ്ങനെയാണ് അസിസ്റ്റന്റ് സർജന്റെ ഒഴിവ്. ഇടുക്കിയിൽ 41 ഒഴിവുണ്ട്.
ഒഴിവുകളെത്ര? അറിയില്ലെന്ന്
തിരുവനന്തപുരം:
ആരോഗ്യവകുപ്പിൽ എത്ര ഡോക്ടർമാരുടെ ഒഴിവുണ്ടെന്ന് അറിയില്ലെന്നും ഉണ്ടെങ്കിൽ അക്കാര്യംനേരിട്ട് ബോധിപ്പിക്കണമെന്നും മന്ത്രി കെ മുരളീധരൻ. സംസ്ഥാനത്ത് സ്പെഷൽ കേഡറിൽ മൂന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുള്ളപ്പോൾ ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം എങ്ങനെ നടപ്പാക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
‘പത്രവാർത്ത വായിച്ചല്ല ഒഴിവുകളുടെ എണ്ണം മന്ത്രി അറിയേണ്ടത്. നേരിട്ട് കണ്ട് അറിയിക്കണം ’’– മന്ത്രി പറഞ്ഞു.
ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യേണ്ടത് ആരോഗ്യവകുപ്പ് ആണെന്നിരിക്കെയാണ് വകുപ്പ് ചുമതലയുള്ള മന്ത്രിയുടെ നിരുത്തരവാദ മറുപടി. ഡോക്ടർമാരെ നിയമിക്കാതെ സ്പെഷ്യാലിറ്റി സേവനം അടിച്ചേൽപ്പിക്കുന്നതിനെതിരെ കെജിഎംഒഎ ഇറക്കിയ പ്രസ്താവനയാണ് മന്ത്രിയെ ചൊടിപ്പിച്ചത്. നിലവിലുള്ള ഡോക്ടർമാരെ പുനർവിന്യസിക്കാനാണ് മന്ത്രിയുടെ തീരുമാനം. നിയമനം ലഭിച്ച ഡോക്ടർമാർ അവധിയിൽ പ്രവേശിച്ചത് പരീക്ഷയായതുകൊണ്ടാണെന്നും മന്ത്രി ന്യായീകരിച്ചു.










0 comments