ad
Deshabhimani

print edition കുട്ടനാട്ടിൽ പ്രതിഷേധം ഉയരുന്നു: ഗ്രൂവൽ സെന്ററുകളില്ല, 
പതിനായിരങ്ങള്‍ ദുരിതത്തിൽ

kuttanad rain
വെബ് ഡെസ്ക്

Published on Aug 04, 2026, 01:31 AM | 1 min read

ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവിൽ പ്രളയക്കെടുതിയിൽ വലഞ്ഞ​ കുട്ടനാട്ടിൽ ഗ്രൂവൽ സെന്ററുകള്‍ (കഞ്ഞിവീഴ്‌‍ത്ത് കേന്ദ്രങ്ങള്‍) തുറന്നില്ല. ഇതോടെ തലവടി പഞ്ചായത്തിൽ വീടുകളിൽ കഴിയുന്ന പതിനയ്യായിരത്തിലധികം ആളുകൾ ദുരിതത്തിലായി. കുട്ടനാട്ടിൽ ഏഴ് ക്യാമ്പ്‌ മാത്രമാണുള്ളത്. ഇരുന്നൂറിൽ താഴെ ആളുകളാണ് ഇവിടെയുള്ളത്.


വെള്ളക്കെട്ട് ദുരിതത്തിലായാലും വളര്‍ത്തുമൃഗങ്ങളെയടക്കം പരിപാലിക്കേണ്ടതിനാൽ പലരും വീടുകളിൽതന്നെ തുടരും. ഇത്തരം സാഹചര്യത്തിൽ പ്രദേശത്തെ ആളുകള്‍ചേര്‍ന്ന് സമീപത്തെ ഉയര്‍ന്നയിടങ്ങളിൽ സമൂഹ അടുക്കള ഉണ്ടാക്കി ഭക്ഷണം പാകം ചെയ്‌‍ത് കഴിക്കും. ഇതിനുള്ള ഭക്ഷ്യധാന്യം സപ്ലൈകോ വഴിയാണ് നൽകിയിരുന്നത്. എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗ്രൂവൽ സെന്ററിലെ കൺവീനര്‍മാര്‍ കുടുംബങ്ങളുടെ വിവരങ്ങളും റേഷൻ കാര്‍ഡും വില്ലേജ് ഓഫീസര്‍ക്ക് നൽകിയാൽ ഉടൻ തന്നെ സപ്ലൈകോവഴി ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോള്‍ പഞ്ചായത്ത് വഴി വിവരം ആലപ്പുഴ ജോയിന്റ് ഡയക്ടറുടെ ഓഫീസിലെത്തി അവിടെനിന്ന് അംഗീകരിച്ച് വരണം. കുട്ടനാട് മേഖല വെള്ളത്തിലായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടി തുടങ്ങിയിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ ദ്രോഹനടപടിയിൽ പ്രദേശത്ത് കടുത്ത രോഷമുയര്‍ന്നിട്ടുണ്ട്.


തലവടി തെക്കൻ പ്രദേശം പൂര്‍ണമായും വെള്ളത്തിലാണ്. തുറന്ന നാമമാത്ര ക്യാമ്പുകളിൽ കുറച്ചുകുടുംബങ്ങള്‍ മാത്രമാണുള്ളത്. ബാക്കിയുള്ളവര്‍ പലരും വീടിന്റെ രണ്ടാംനിലയിലും മറ്റുമായി കഴിയുകയാണ്. വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമായി മാറ്റാൻ വേണ്ട നടപടി അധികൃതരെടുത്തിട്ടില്ല. സ്വന്തംനിലയിൽ ഇവയെ മാറ്റാൻ കഴിയുന്നവര്‍ മാത്രമേ ക്യാമ്പുകളിലെത്തിക്കുന്നുള്ളൂ. പ്രായമായവരടക്കമുള്ള വീടുകളിൽ മരുന്ന് അടക്കമുള്ള സഹായങ്ങളെത്തുന്നില്ലെന്നും പരാതിയുണ്ട്. ക്യാമ്പുകളിൽ പോകുന്നവര്‍ക്ക് മാത്രമെ സഹായം ലഭിക്കുന്നുള്ളൂ.


​ഒരു സഹായവും കിട്ടിയില്ല - സ്‍മിത സുകു (മണപ്പുറത്ത്, തലവടി)


മൂന്ന് നാലുദിവസമായി വെള്ളത്തിൽ കഴിയുകയാണ്. മൂന്നാം വാര്‍ഡ് മുഴുവൻ വെള്ളത്തിലാണ്. ഓടിപ്പോയി സാധനങ്ങള്‍ വാങ്ങാൻ പറ്റുന്നില്ല. എന്തെങ്കിലും സഹായം ലഭിച്ചാൽ എവിടെയെങ്കിലും കരപറ്റുള്ളിടത്ത് ഞങ്ങള്‍ കഞ്ഞിവയ്‍ക്കുമായിരുന്നു. അതിന് ഇതുവരെ പ‍ഞ്ചായത്തിൽനിന്നൊരു സഹായവും ലഭിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home