പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാവില്ല, ശക്തമായി ഉയർന്നുവരും: പിണറായി വിജയൻ

തിരുവനന്തപുരം : ജനാധിപത്യ സംരക്ഷണത്തിനായി നടത്തുന്ന ഒരു പ്രക്ഷോഭത്തെയും അടിച്ചമർത്താനോ ഇല്ലാതാക്കാനോ കഴിയില്ലെന്നും കൂടുതൽ ശക്തമായി പ്രക്ഷോഭങ്ങൾ ഉയർന്നുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരം ജന്തർ മന്തറുകൾ രാജ്യമെമ്പാടും ഉയർന്നുവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കി തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംരക്ഷണത്തിനായാണ് ഈ മാർച്ച് നടത്തുന്നത്. രാജ്യത്തിന്റെ ജനാധിപത്യവും രാജ്യത്തുള്ള ഭരണഘടന സ്ഥാപനങ്ങളും വലിയ ഭീഷണി നേരിടുന്ന കാലമാണിത്. ജനാധിപത്യ സംരക്ഷണത്തിൽ തെരഞ്ഞെടുപ് കമീഷന് വലിയ പങ്കുണ്ട്. എന്നാൽ അടുത്തകാലത്തായി കമീഷൻ ജനാധിപത്യ മൂല്യങ്ങളെ തകർക്കുകയാണ്. ആർഎസ്എസ് ബിജെപി അജണ്ടയനുസരിച്ചുള്ള കാര്യങ്ങളാണ് ചെയ്യുന്നത്.
ജനാധിപത്യത്തിന്റെ വലിയ സൗന്ദര്യം ഭരണാധികാരികളെ തീരുമാനിക്കാനുള്ള അധികാരം ജനങ്ങൾക്കാണ് എന്നതാണ്. ആ അധികാരം എടുത്തുകളയാനാണ് കമീഷൻ ശ്രമിക്കുന്നത്. ബിജെപിക്ക് അധികാരത്തിൽ തുടരാൻ വേണ്ടി ഭരണഘടന ജനങ്ങൾക്ക് ഉറപ്പുനൽകുന്ന വോട്ടവകാശം നിഷേധിക്കുന്നു. ഇതിനുവേണ്ടി തെരഞ്ഞെടുപ് കമീഷനെ ദുരുപയോഗം ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ കേന്ദ്രത്തിന്റെ വിശ്വസ്തനായി ആർഎസ്എസ്- ബിജെപി അജണ്ട നടപ്പാക്കുന്നു.
എസ്ഐആർ വഴി 13 കോടിയോളം പേരുടെ വോട്ടവകാശമാണ് ഇല്ലാതാക്കിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഏകാധിപത്യപരമായി കാര്യങ്ങൾ നടത്തി. മറ്റ് അംഗങ്ങൾ യോജിക്കാത്ത തീരുമാനങ്ങളുണ്ടായിട്ടും അവ നടപ്പാക്കി. ജനാധിപത്യം വലിച്ചെറിയപ്പെട്ടു. ജനാധിപത്യ തത്വങ്ങൾ കാറ്റിൽപ്പറത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ മാത്രം തീരുമാനമാണ് കമീഷന്റെ തീരുമാനമായി പുറത്തുവന്നത്. ജനാധിപത്യ വിരുദ്ധമായി പ്രവർത്തിച്ച് ജനങ്ങളുടെ വോട്ടവകാശം നിഷേധിച്ച ഗ്യാനേഷ് കുമാർ ആ സ്ഥാനത്തിരിക്കാൻ പാടില്ലെന്നാണ് രാജ്യമാകെ ഒന്നിച്ച് ആവശ്യപ്പെടുന്നത്. ഇതിനായുള്ള സമരത്തിന്റെ മുന്നിൽ വിദ്യാർഥികളും യുവാക്കളും അണിനിരക്കുന്നു എന്നുള്ളത് ജനാധിപത്യത്തിന്റെ ഭാവി സുരക്ഷിതമായിരിക്കും എന്ന ഉറപ്പ് നൽകുന്നു.
രാജി ആവശ്യപ്പെട്ട പ്രക്ഷോഭത്തെ കേന്ദ്രം ക്രൂരമായാണ് നേരിട്ടത്. ജന്തർ മന്തറിൽ പ്രക്ഷോഭം നടത്താൻ അനുവദിച്ചില്ല. പ്രതിഷേധങ്ങൾക്ക് അനുമതി നിഷേധിച്ചു. ഭരണ ഘടന ഉറപ്പുനൽകുന്ന അവകാശം ലംഘിച്ചു. രാജ്യം അതിക്രൂരമായ വിദ്യാർഥി - യുവജന വേട്ടയാണ് കണ്ടത്. വിദ്യാർഥികളെ തെരുവുകളിലൂടെ വലിച്ചിഴയ്ക്കുന്നതും തല തല്ലിപ്പൊളിക്കുന്നതും കണ്ടു.
ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരം ജന്തർ മന്തർ ഉയർന്നുവരും. ഒരു പ്രക്ഷോഭത്തെയും അടിച്ചമർത്താനോ ഇല്ലാതാക്കാനോ കഴിയില്ല, പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമായി ഉയർന്നുവരും. അതാണ് ചരിത്രം. ചരിത്രത്തിൽ ഇതിനുദാഹരണമായി ധാരാളം വിദ്യാർഥി യുവജന പ്രക്ഷോഭങ്ങളുണ്ട്. അവരുടെ പിൻമുറക്കാർ നടത്തുന്ന ഈ പ്രക്ഷോഭത്തിൽ വിദ്യാർഥികളും യുവജനങ്ങളും മാത്രമല്ല, എല്ലാ വിഭാഗങ്ങളും അണിനിരക്കും. ഗ്യാനേഷിന്റെ രാജി, വോട്ടവകാശം പുനസ്ഥാപിക്കുക, അക്രമം നടത്തിയ പൊലീസിനെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ നേടുന്നതുവരെ സമരം തുടരുമെന്നും പിണറായി വിജയൻ പറഞ്ഞു.









0 comments