ഹൃദ്രോഗികളെയടക്കം വലിച്ചിഴച്ചു; കുടിയൊഴിപ്പിക്കലിന്റെ പേരിൽ മലയിടംതുരുത്തിൽ പൊലീസ് അതിക്രമം

പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കുന്ന പൊലീസ്
കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാര്യത്ത് കാവ് നഗറിൽ കുടിയൊഴിപ്പിക്കലിന്റെ പേരിൽ പൊലീസ് അതിക്രമം. കുടിയൊഴിപ്പിക്കലിനെതിരെ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധിച്ച നാട്ടുകാർക്കുനേരെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി.
പട്ടികജാതി വിഭാഗത്തിൽപെട്ട എട്ട് കുടുംബങ്ങൾ മൂന്ന് തലമുറകളായി താമസിക്കുന്ന പ്രദേശത്തുനിന്നാണ് ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിയത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി ചുമതലപ്പെടുത്തിയ അഡ്വക്കേറ്റ് കമീഷന്റെ നേതൃത്വത്തിലുള്ളവർ ബുധൻ രാവിലെ പ്രദേശത്ത് എത്തി കുടിയൊഴിപ്പിക്കൽ നടപടി ആരംഭിച്ചു. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് ബലംപ്രയോഗിച്ച് ഇവരെ മാറ്റാൻ ശ്രമിക്കുകയായിരുന്നു.
അഡ്വക്കേറ്റ് കമീഷൻ ഓരോ വീടുകളിലും കയറി പരിശോധന നടത്തുകയും ഒഴിപ്പിക്കൽ നടപടി ആരംഭിക്കുകയും ചെയ്തു. പൊലീസിന്റെ ബലപ്രയോഗത്തെ സമരക്കാർ ചെറുത്തു. ഹൃദ്രോഗികളടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് വീട്ടിൽനിന്നും വലിച്ചിഴച്ചു. എന്നിട്ടും പിന്മാറാതെ വന്നതോടെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
നേരത്തെ 14 തവണയാണ് പ്രദേശവാസികളെ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിയത്. സിപിഐ എം നേതൃത്വവും കുന്നത്തുനാട് എംഎൽഎയായിരുന്ന പി വി ശ്രീനിജിനും ചേർന്ന് പട്ടികജാതി കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ പ്രതിരോധം തീർത്തിരുന്നു.
പട്ടികജാതി കുടുംബങ്ങൾ 1976 മുതൽ തുടങ്ങിയതാണ് നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടം. തലമുറകളായി താമസിക്കുന്ന സ്ഥലത്തുനിന്ന് ഇവരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കമ്പലം കണ്ണാട്ട് വീട്ടിൽ ശങ്കരൻനായർ കോടതിയിൽ നൽകിയ കേസിനെ തുടർന്നാണ് നടപടി.











0 comments