മന്ത്രിമാരുടെ യാത്ര, ഹെലികോപ്ടർ ധൂർത്തല്ലെന്ന് വ്യക്തമായി; വാടക കരാർ തുടരുമോ?, മറുപടി പറയാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തഭൂമിയിൽ മന്ത്രിമാർക്ക് അതിവേഗം പറന്നെത്താൻ സഹായകമായ സർക്കാർ വാടകക്കെടുത്ത ഹെലികോപ്‌ടറിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമില്ലാതെ മുഖ്യമന്ത്രി വി ഡി സതീശൻ. ദുരന്തമുഖത്ത് അടക്കം സഹായമാകാൻ അന്നത്തെ എൽഡിഎഫ് സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിന്റെ കരാർ പുതുക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഹെലികോപ്‌ടർ ധൂർത്താണെന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ഉൾപ്പെടെ ആരോപിച്ചത്.
കൃഷിമന്ത്രി ടി സിദ്ദീഖ്, റവന്യൂ മന്ത്രി എ പി അനിൽകുമാർ എന്നിവരാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ വാടകക്ക് എടുക്കുകയും പ്രതിപക്ഷത്തിന്റെ പഴി കേൾക്കുകയും ചെയ്‌ത ഹെലികോപ്‌ടറിൽ വയനാട്ടിലേക്ക് പറന്നത്. ഹെലികോപ്ടർ യാത്രയുടെ ചിത്രം ആദ്യം ഫെയ്സ്ബുക്കിൽ പങ്കുവെച്ച മന്ത്രി എ പി അനിൽ കുമാർ പിന്നീട് ചിത്രം നീക്കം ചെയ്തിരുന്നു.
അതേസമയം കഴിഞ്ഞ വയനാട് ദുരന്തക്കാലത്തും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഇൗ വാടക ഹെലികോപ്‌ടറിലാണ് യാത്ര ചെയ്‌തത്. അവയവ ദാനവുമായി ബന്ധപ്പെട്ടാണ് ഹെലികോപ്‌ടർ കൂടുതൽ ഉപയോഗിച്ചത്. 2020ലാണ് സർക്കാർ വിവിധ ആവശ്യങ്ങൾക്കായി ഹെലികോപ്‌ടർ വാടകക്ക് എടുത്തത്. പിന്നീട് 2023 മാർച്ചിൽ കരാർ ദീർഘിപ്പിച്ചു. ആഗസ്‌തിൽ ഇൗ കരാർ കാലാവധി കഴിയും. ഇവ നീട്ടണം എന്നാവശ്യപ്പെട്ട് ചുമതല വഹിക്കുന്ന സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്.











0 comments