മതസൗഹാർദം സംരക്ഷിക്കുക എസ്‌എൻഡിപിയുടെ 
മുഖ്യകടമ

pinarayi vijayan
വെബ് ഡെസ്ക്

Published on Apr 12, 2025, 01:00 AM | 1 min read

ചേർത്തല: മതസൗഹാർദം സംരക്ഷിക്കുക എസ്‌എൻഡിപിയുടെ മുഖ്യകടമയാണെന്നും ആ ഉത്തരവാദിത്വം മുൻനിർത്തി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായതിന്റെ 30-ാം വാർഷികാഘോഷത്തിൽ സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവിദ്വേഷവും ജാതീയ ഉച്ചനീചത്വവും ഉയർത്തി കേരളത്തെ പിന്നിലേക്കു നടത്തി രാഷ്ട്രീയലാഭം കൊയ്യാൻ ചിലർ ശ്രമിക്കുകയാണ്‌.


ഭക്ഷണത്തിന്റെയും വസ്‌ത്രത്തിന്റെയും പേരിൽപ്പോലും ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. കെട്ടടങ്ങിയ വർഗീയതയുടെ അംശങ്ങൾ ഒരു മറയുമില്ലാതെ പുറത്തുവരുന്നു. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന ഗുരുവചനം ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോയ നാടാണിത്. ആ നാട്ടിൽ ഇന്ന് ചിലർ ജാതി പറയുന്നതിൽ അഭിമാനംകൊള്ളുന്നു. ഉന്നതകുലജാതനായില്ലെന്ന്‌ പരിതപിക്കുന്നു. അടുത്ത ജന്മം പൂണൂൽധാരിയായി ജനിക്കണമെന്നും പറയുന്നു. അപരമത വിദ്വേഷം ഉൽപ്പാദിപ്പിച്ച് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം തകർക്കാൻ രാജ്യത്തിന്റെ പല ഭാഗത്തും കലാപം സൃഷ്ടിക്കുന്നു. മതപരമായ ആഘോഷങ്ങളെ അക്രമത്തിനുള്ള അവസരമാക്കുന്നു. ഹോളി ആഘോഷവേളയിൽ പലയിടത്തും ന്യൂനപക്ഷങ്ങളും ദളിതരും അക്രമത്തിന് ഇരകളായി. അക്രമികളെ ചില ഭരണാധിപന്മാർ സംരക്ഷിക്കുന്നതും കാണേണ്ടിവന്നു. ഗുരുദേവന്റെ ഭേദചിന്തയില്ലാത്ത ദർശനത്തെ ഏറ്റുവാങ്ങിയ നമ്മുടെ നാട് വ്യത്യസ്‌തമായി. രാജ്യത്തിന്റെ പല ഭാഗത്തും ഹോളി ആഘോഷത്തിന്റെ ഭാഗമായി മസ്‌ജിദുകൾ ഷീറ്റ് വച്ച് മറച്ചു. എന്നാൽ കേരളത്തിൽ പൊങ്കാല മസ്‌ജിദിന്റെ മുറ്റത്തും നോമ്പുതുറ അമ്പലമുറ്റത്തും നടന്നു. ഇതാണ് മതനിരപേക്ഷ കേരളത്തിന്റെ കരുത്ത്‌– മുഖ്യമന്ത്രി പറഞ്ഞു.


എന്തിനെയും 
ചിലർ വക്രീകരിക്കുന്നു


ചിലർക്ക്‌ തെറ്റിദ്ധാരണ പരത്താനുള്ള അവസരം നൽകാതെ വെള്ളാപ്പള്ളി നടേശൻ ശ്രദ്ധയും അവധാനതയും പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹത്തിന്റെ ചില പരാമർശങ്ങളെപ്പറ്റി നിർഭാഗ്യവശാൽ ചില വിവാദങ്ങൾ ഉയർന്നു. അദ്ദേഹം ഏതെങ്കിലും മതത്തിന് എതിരായ നിലപാട് സ്വീകരിച്ച ചരിത്രമുള്ളയാളല്ല എന്ന് അദ്ദേഹത്തെ അറിയുന്നവർക്ക് അറിയാം. എന്നാലും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം പ്രസംഗത്തിന്റെ ഭാഗമായി വന്നു. തന്റെ പ്രസംഗം ഒരു രാഷ്ട്രീയപാർടിക്ക് എതിരെയാണെന്ന് അദ്ദേഹം തന്നെ വിശദമാക്കി. 
 ആ രാഷ്ട്രീയപാർടിയെ സംരക്ഷിക്കാനുള്ളവരാണ് അത് വിവാദമാക്കിയത്. എന്തിനെയും വക്രീകരിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home