print edition അടിയന്തര പ്രമേയ വിലക്ക്; അഴിമതി സ്ഥിരീകരിച്ചതിന്റെ തെളിവ്: സിപിഐ എം

തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തില്‍നിന്ന് പ്രതിപക്ഷത്തെ വിലക്കിയതിലൂടെ, മദ്യനികുതി ഇളവിലെ അഴിമതി സര്‍ക്കാര്‍ സ്ഥിരീകരിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തില്‍ നടന്ന ശതകോടികളുടെ അഴിമതിയാണ് വെളിച്ചത്തുവന്നത്. അടിയന്തര പ്രമേയ നോട്ടീസെങ്കിലും അവതരിപ്പിച്ചാല്‍, ഈ വിഷയത്തില്‍ യുഡിഎഫിലും, മന്ത്രിസഭയിലും നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം മറയില്ലാതെ പുറത്തുവരുമായിരുന്നു. ഇത് തടഞ്ഞ് സര്‍ക്കാരിനെ രക്ഷിക്കാനാണ് സ്‌പീക്കര്‍ ജനാധിപത്യവിരുദ്ധ നടപടി സ്വീകരിച്ചത്.
ഇന്ധനവില കുത്തനെ കൂട്ടിയപ്പോള്‍ അധിക വരുമാനത്തില്‍ നിന്നുള്ള നികുതി ഒഴിവാക്കി ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ തയ്യാറാകാത്ത യുഡിഎഫ് സര്‍ക്കാരാണ് കുത്തക കമ്പനിക്ക് മദ്യമൊഴുക്കാന്‍ 131 ശതമാനം നികുതിയിളവ് നല്‍കുന്നത്. പ്രതിപക്ഷനേതാവ് ഉന്നയിച്ച അഴിമതിയാരോപണം സഭാ ടിവിയില്‍നിന്ന് നീക്കി. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധത കേരളത്തിലും പകര്‍ത്താനാണ് യുഡിഎഫ് ശ്രമം. നിയമസഭയില്‍ വിലക്കിയാലും, വെട്ടിമാറ്റിയാലും കേരളത്തിന്റെ തെരുവുകളില്‍ ഈ ചോദ്യം നിരന്തരമായി ഉയരും. അധികാരമേറ്റെടുത്ത് ഒന്നര മാസത്തിനകം അഴിമതിയുടെ കൂടാരമായി യുഡിഎഫ് സര്‍ക്കാര്‍ മാറി. നാടിന്റെ നേട്ടങ്ങളെയാകെ തകര്‍ക്കുന്ന നടപടികള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും സെക്രട്ടറിയറ്റ് പ്രസ്‌താവനയില്‍ പ റഞ്ഞു.










0 comments