ad
Deshabhimani

മാനദണ്ഡം പാലിക്കാതെയാണ് മേയറെ തെരഞ്ഞെടുത്തത്; രഹസ്യവോട്ടെടുപ്പ് താൻ ആവശ്യപ്പെട്ടിരുന്നു: ദീപ്തി മേരി വർഗീസ്

deepthy mary varghese
വെബ് ഡെസ്ക്

Published on Jan 21, 2026, 06:35 PM | 2 min read

കൊച്ചി : കൊച്ചി മേയർ തെരഞ്ഞെടുപ്പ് വിവാദത്തിൽ വീണ്ടും തുറന്നടിച്ച് ദീപ്തി മേരി വർ​ഗീസ്. കൗൺസലർമാർക്ക് സു​ഗമമായി വോട്ട് ചെയ്യാൻ രഹസ്യവോട്ടെടുപ്പ് വേണം എന്ന് ഞാൻ അഭിപ്രായപ്പെട്ടിരുന്നുവെന്നും അത് അംഗീകരിച്ചില്ലെന്നും ദീപ്തി മേരി വർ​ഗീസ് പറഞ്ഞു. പാർടിയുടെ പല തീരുമാനങ്ങളും ഭൂരിപക്ഷ അഭിപ്രായം നോക്കിയല്ല എടുക്കാറ്. ഇവിടെ ഒന്നോ രണ്ടോ പേരാണ് തീരുമാനമെടുത്തത്. താൻ വേണ്ട, പകരം മറ്റൊരാൾ മതി എന്ന് അവർ തീരുമാനിച്ചെങ്കിൽ അതിനുള്ള കാരണവും അവർ പറയണമെന്നും ദീപ്തി തുറന്നടിച്ചു.


വോട്ടെടുപ്പ് നടക്കുന്നതിന് സുതാര്യമായ സംവിധാനം ഉണ്ടാകണമായിരുന്നു. 2010ൽ ഇത്തരത്തിൽ രഹസ്യ വോട്ടെടുപ്പ് നടത്തിയിരുന്നു. അതുപോലെ ഒരു പ്രക്രിയ ഇവിടെ നടന്നില്ല. കെപിസിസിയിൽ നിന്ന് ആരെങ്കിലും വരണം എന്നുള്ള മാനദണ്ഡവും നടന്നില്ല. കെപിസിസി ചില മാനദണ്ഡങ്ങൾ പറഞ്ഞിരുന്നു. ആ മാനദണ്ഡം പാലിക്കാതെ നടപടി ക്രമങ്ങൾ നടന്നു എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. ഒരു വ്യക്തിക്കെതിരെ പറഞ്ഞിട്ടില്ല. ഈ വിഷയം ഇപ്പോൾ നേതൃത്വത്തിന്റെ പരി​ഗണനയിലാണ്. അതിനാൽ കൂടുതലായി ഒന്നും പറയുന്നില്ല.


തെരഞ്ഞെടുപ്പ് ചാർജ് പ്രതിപക്ഷ നേതാവിനായിരുന്നു. ഞാൻ നയിക്കണം എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. കോർ കമ്മിറ്റി ഒരു തവണ ചേർന്നിരുന്നു. എന്നാൽ രണ്ടാമത് തീരുമാനം എടുക്കുന്നതിനായി പിന്നീട് കോർ കമ്മിറ്റി തീർന്നിരുന്നില്ല. തീരുമാനം ഉണ്ടായത് ഏതെങ്കിലും പ്രത്യേക യോ​ഗത്തിലല്ല. എല്ലാ കാര്യത്തിലും കെപിസിസിക്ക് മാനദണ്ഡമുണ്ട്. ചിലപ്പോൾ അതിൽ വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട്. പാർടി നേതൃത്വമാണ് പിന്നീട് അതിൽ നടപടിയെടുക്കേണ്ടത്.


​ഗ്രൂപ്പ് പ്രവർത്തനമോ ക്യാമ്പയിനോ ഞാൻ നടത്തിയില്ല. പാർടിയുടെ ഉന്നത നേതൃത്വത്തിൽ ഉള്ളവരുണ്ടെങ്കിൽ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ മുൻ​ഗണന നൽകണമെന്ന് തീരുമാനമുണ്ടായിരുന്നു. അതിനാൽ തനിക്ക് മുൻ​ഗണന ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ അതുണ്ടായില്ല. ഏറ്റവുമധികം വോട്ട് കിട്ടിയത് ഷൈനി മാത്യുവിനാണ് എന്നാണ് ഡിസിസി പ്രസിഡന്റ് അവകാശപ്പെട്ടത്. ഒരേ പോലെ വോട്ട് വന്നാൽ മാത്രമേ ടേം അടിസ്ഥാനം ആകണ്ടത് എന്ന് പറഞ്ഞിരുന്നു. എന്നാൽ കുറവ് വോട്ട് കിട്ടിയ വ്യക്തിയാണ് ഇപ്പോൾ മേയറായത്.


തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടിയോ സ്ഥാനലബ്ധിക്കുവേണ്ടിയോ ഏതെങ്കിലും മതത്തെയോ ജാതിയേയോ സ്വാധീനിക്കുന്നതോ ആ സ്വാധീനമാണ് ആ സ്ഥാനത്ത് എത്തിച്ചതെന്നോ പറയുന്നുണ്ടെങ്കിൽ അത് കോൺ​ഗ്രസിന്റെ നയമല്ല. മേയർ തെരഞ്ഞെടുപ്പിൽ സമുദായം സംബന്ധിച്ച ചർച്ച വന്നത് എങ്ങനെയാണെന്ന് തനിക്ക് അറിയില്ലെന്നും ദീപ്തി മേരി വർ​ഗീസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ സ്ഥാനാർഥിത്വത്തിന് താൻ അനർഹയല്ലെന്നും ദീപ്തി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home