ഷാഫിക്കും ഡീനിനും വിളിവന്നു, വാഗ്ദാനം ചെയ്തത് ഉന്നതസ്ഥാനം; മന്ത്രിക്കോഴയിൽപെട്ട് കോൺഗ്രസ്

ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ്, വിദ്യ ബാലകൃഷ്ണൻ
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ പദവി വാഗ്ദാനം ചെയ്ത് കൂടുതൽ നേതാക്കൾക്ക് ഫോൺകോൾ എത്തിയതായി സൂചന. കോടികൾ പ്രതിഫലം ആവശ്യപ്പെട്ട്, എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണന് പുറമെ വടകര എംപി ഷാഫി പറമ്പിൽ, ഇടുക്കി എംപി ഡീൻ കുര്യാക്കോസ് എന്നിവർക്കും കോൾലഭിച്ചതായാണ് പരാതി. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി രാജ് കുമാർ ആണെന്ന പേരിലാണ് വിളിവന്നത്. സംഭവത്തിൽ രാജ് കുമാർ വയനാട് സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിദ്യയ്ക്ക് മന്ത്രിസ്ഥാനവും ഷാഫിക്കും ഡീനിനും ഉന്നത പദവികളും, ഇവരുടെ അടുപ്പക്കാർക്ക് മികച്ചസ്ഥാനങ്ങളുമാണ് വാഗ്ദാനം ചെയ്തത്. മൂന്നുകോടി രൂപയാണ് വിദ്യയോട് പ്രതിഫലമായി ചോദിച്ചത്. എംഎൽഎയുടെ പരാതി പ്രകാരം 9540575524 എന്ന വാട്‌സാപ്പിൽ ഫോൺ വിളിയെത്തിയത് ജൂലൈ ആറിനാണ്. ജില്ലയിലെ ഒരു എംപിയാണ് ഫോൺ നമ്പർ നൽകിയതെന്ന് പറഞ്ഞു. പണം നൽകിയാൽ മന്ത്രിപദം നൽകാമെന്നും അറിയിച്ചു. സംസാരം തുടർന്നപ്പോൾ എംഎൽഎ ഇവർക്ക് പണം നൽകാമെന്ന് സമ്മതിച്ചു. ഇക്കാര്യം എംപിയെ വിളിച്ച് അറിയിച്ചുവെന്നും ഹൈക്കമാൻഡിൽനിന്ന് വിളിച്ചയാൾക്ക് രണ്ട് എംഎൽഎമാരുടെ നമ്പർ നൽകിയെന്ന് എംപി പറഞ്ഞതായും വിദ്യ പറയുന്നു. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽനിന്ന് ഇത്തരമൊരു ഫോൺകോൾ ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചശേഷമാണ് പരാതി നൽകിയത്.
ഇതേ നമ്പരിൽനിന്നാണ് ഷാഫിക്കും ഡീനിനും വാട്സാപ്പ് കോൾ വന്നത്. ആൾമാറാട്ടം നടത്തി പണംതട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൾവന്നതെന്ന് രാജ്കുമാർ ചൊവ്വാഴ്ച നൽകിയ പരാതിയിൽ പറയുന്നു.
അതിനിടെ സംഭവം കോൺഗ്രസിൽ പുതിയ വിവാദത്തിനാണ് തിരികൊളുത്തിയത്. പരാതിക്കിടയാക്കിയ സംഭവം പാർടി നേതൃത്വത്തെയോ സർക്കാർ സംവിധാനങ്ങളെയോ അറിയിക്കാതെ വിദ്യ ബാലകൃഷ്ണൻ മൂടിവെച്ചതായി ആരോപണമുണ്ട്. സംഭവം നടന്ന് ആറുദിവസത്തിനുശേഷമാണ് എംഎൽഎ സിറ്റി പൊലീസ് മേധാവിക്ക് പരാതി നൽകിയത്. എന്നാൽ, ഇൗ വിവരം ജില്ല, സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടില്ല. വിഷയം പത്രത്തിൽ വായിച്ചാണ് അറിഞ്ഞതെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ പ്രതികരിച്ചു. പരാതി ലഭിച്ചിട്ടില്ലെന്നും കിട്ടിയാൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് കോൺഗ്രസിനുള്ളിലെ വിലയിരുത്തൽ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി അടുപ്പം പുലർത്തുന്ന ജില്ലയിലെ നേതാവായിട്ടും ഇക്കാര്യം അദ്ദേഹത്തെ അറിയിക്കാത്തതും ചർച്ചയായി. വിദ്യയുടെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. ഡൽഹി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.











0 comments