print edition പ്രിയദർശിനി പദ്ധതി; പൊതുഗതാഗത–സ്വകാര്യ ബസ് മേഖലകളിലെ പ്രതിസന്ധി പരിഹരിക്കണം: സിഐടിയു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കെഎസ്ആർടിസി സൗജന്യ യാത്രാപദ്ധതി സ്ത്രീശാക്തീകരണത്തിന് സഹായകരമാണെങ്കിലും, കൃത്യമായ സാമ്പത്തിക ബദൽ സംവിധാനങ്ങളില്ലാത്തത് പൊതുഗതാഗത–സ്വകാര്യ ബസ് മേഖലകളെ പ്രതിസന്ധിയിലാക്കിയെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി.
പദ്ധതി തുടങ്ങി 12 ദിവസം പിന്നിടുമ്പോൾ സ്വകാര്യ ബസ് വ്യവസായത്തിന് 25 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. സർവീസ് നടത്തുന്ന 11,936 ബസുകളിൽ ഓരോന്നിനും പ്രതിദിനം 1500 രൂപമുതൽ 4000 രൂപവരെ വരുമാന നഷ്ടമുണ്ട്.
പ്രതിസന്ധി താങ്ങാനാകാതെ എണ്ണൂറിലേറെ ബസുകൾ സർവീസ് നിർത്താൻ സർക്കാരിന് ജി- ഫോം സമർപ്പിച്ചു. നാലായിരത്തോളം ബസുകൾകൂടി ഇതിന് തയ്യാറെടുക്കുകയാണ്. ഒരുകാലത്ത് 30,000-ത്തിലധികം ബസുകളുണ്ടായിരുന്ന സ്ഥാനത്താണ് ഈ തകർച്ച.
ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം നികുതി ഇളവ് പ്രതിസന്ധി മറികടക്കാൻ അപര്യാപ്തമാണ്. സംസ്ഥാനത്തെ 15 ലക്ഷത്തിലധികം വരുന്ന ഓട്ടോ–-ടാക്സി തൊഴിലാളികളുടെ ദൈനംദിന വരുമാനത്തെയും ബാധിച്ചിട്ടുണ്ട്.
ഓർഡിനറി ബസുകളിൽ യാത്ര സൗജന്യമാക്കിയതു വഴി കെഎസ്ആർടിസിക്കുണ്ടാകുന്ന വൻ സാമ്പത്തിക ബാധ്യതയും ബജറ്റ് വിഹിതത്തിനുപുറത്തുള്ള നഷ്ടവും സർക്കാർ പൂർണമായും സബ്‌സിഡിയായി നികത്തേണ്ടതുണ്ട്.
കോർപറേഷൻ ജീവനക്കാരുടെ ശമ്പളവും പെൻഷനും കൃത്യസമയത്ത് വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഒപ്പം തകർച്ചയിലായ സ്വകാര്യ ബസ് വ്യവസായത്തിനും ഓട്ടോ–-ടാക്സി തൊഴിലാളികൾക്കുമായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.










0 comments