ad
Deshabhimani

print edition ബ്രേക്ക്‌ പൊട്ടി 
‘പ്രിയദർശിനി’; കട്ടപ്പുറത്തെ വണ്ടികളിൽ മരണയാത്ര

KSRTC

പ്രതീകാത്മക ചിത്രം

avatar
എസ് കിരൺബാബു

Published on Jul 13, 2026, 12:00 AM | 2 min read

തിരുവനന്തപുരം: സ്‌ത്രീകൾക്ക് കെഎസ്‌ആർടിസി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി ഒരുമാസം പൂർത്തിയാകും മുമ്പേ അവതാളത്തിൽ. ആവശ്യത്തിന് ബസ്സുകളില്ലെങ്കിലും പരാതി ഒഴിവാക്കാൻ കാലപ്പഴക്കമുള്ള ബസ്സുകളിൽ യാത്രക്കാരെ തള്ളിക്കയറ്റി പലയിടത്തും മരണയാത്രയാണ് നടത്തുന്നത്. തിരക്ക് നിയന്ത്രിക്കാ‌നോ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനോ ഒരു സംവിധാനവും കൈക്കൈാള്ളുന്നില്ല.


സംസ്ഥാനത്ത് ഓർഡിനറി ബസ്സുകളുടെ ബ്രേക്ക് പൊട്ടുന്നതുൾപ്പെടയുള്ള അപകടങ്ങൾ പതിവാകുന്നു. ശനിയാഴ്‌ച വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽനിന്ന് ഹെയർപിൻ വളവ് ഇറങ്ങുന്നതിനിടെ പ്രിയദർശിനി ബസ്സിന്റെ ബ്രേക്ക് പൊട്ടിയിരുന്നു. 33സീറ്റുള്ള മിനി ബസ്സിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ 88യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ വനമേഖലയായ പത്തനംതിട്ട ഗവിയിലെ ഉൾക്കാട്ടിൽ ബ്രേക്ക് ഡൗണായ ബസ്സിലും അറുപതോളം യാത്രക്കാരുണ്ടായിരുന്നു.


കഴിഞ്ഞ ചൊവ്വാഴ്ച പാലക്കാട് വടക്കഞ്ചേരിയിൽ പ്രിയദർശിനി ബസ്സിലെ തിരക്കിനെ തുടർന്ന്‌ റോഡിലേക്ക് തെറിച്ച് വീണ് കണ്ടക്‌ടർക്ക് പരിക്കേറ്റിരുന്നു. 138 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. പഴക്കംചെന്ന വാഹനങ്ങളിൽ അമിതഭാരമാകുമ്പോൾ ബ്രേക്ക് പൊട്ടാനും അപകടത്തിൽപ്പെടാനും സാധ്യതയുണ്ട്‌. ഇക്കാര്യം ഉന്നയിച്ച് ജീവനക്കാർ കെഎസ്ആർടിസി ചീഫ് ഓഫീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പുതിയ ബസ്‌ നിരത്തിലിറക്കുമ്പോൾ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് വിഭാഗങ്ങളിൽ ദീർഘദൂര സർവീസുകൾക്കാണ് ഉപയോഗിക്കുക. 12വർഷത്തിന് ശേഷമേ ഓർഡിനറി വിഭാഗത്തിലേക്ക് മാറ്റുകയുള്ളൂ. ഇപ്പോൾ സൗജന്യയാത്ര അനുവദിച്ചിട്ടുള്ള ബസുകളിൽ ഭൂരിഭാഗവും 15വർഷം കഴിഞ്ഞവയാണ്.


​കണക്കിലും തട്ടിപ്പ്‌


​നിലവിൽ സ‍ൗജന്യയാത്രാ സൗകര്യം ലഭിക്കുന്നത് രണ്ടായിരത്തിൽ താഴെ ഓർഡിനറി ബസ്സുകളിൽ മാത്രമാണ്. കഴിഞ്ഞ മാസം 15ന് പ്രിയദർശിനി പദ്ധതി ആരംഭിക്കുമ്പോൾ സംസ്ഥാനത്ത് 3125ഓർഡിനറി ബസ്സുകൾ ഉണ്ടെന്നാണ് ഗതാഗത വകുപ്പിന്റെ അവകാശവാദം. ഇതെല്ലാം സർവീസ് നടത്തുന്ന ബസ്സുകളല്ലെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എണ്ണൂറിലേറെ ബസുകൾ കാലപ്പഴക്കം ചെന്നതും 500ഓളം ബസ്സുകൾ കട്ടപ്പുറത്തുമാണ്. നിയമസഭയിൽ ഗതാഗത മന്ത്രി നൽകിയ മറുപടിയിൽ പ്രിയദർശിനി പദ്ധതി ആരംഭിക്കുന്നതിന്‌ മുമ്പ് ജൂൺ ഒന്നിന് 2617 ഓർഡിനറി ബസുകൾ സർവീസ് നടത്തിയെന്നും പദ്ധതി നടപ്പാക്കിയ ശേഷം (ജൂൺ 16ന്) ഇത് 2601 ആയി കുറഞ്ഞെന്നും പറഞ്ഞു.


ശമ്പളമില്ല; ഡ്യൂട്ടിക്ക് എത്താതെ 
താൽക്കാലിക ജീവനക്കാർ


തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ആറായിരത്തോളം താൽക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതോടെ പലരും ജോലിക്ക് ഹാജരാകുന്നില്ല. ഇതോടെ ദീർഘദൂര സർവീസുകളടക്കം മുടങ്ങി. പലരും കടംവാങ്ങിയാണ് ഡ്യൂട്ടിക്കെത്തിയിരുന്നത്‌. താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാൻ ഒരു മാസം ഏകദേശം 12 കോടി രൂപയാണ് ആവശ്യം. എന്നാൽ ഇതുവരെ മൂന്ന് കോടിയോളം രൂപ മാത്രമേ അനുവദിച്ചിട്ടുള്ളൂ. 




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home