സുരക്ഷയ്‌ക്ക്‌ പുല്ലുവില ; ജീവനക്കാരെ 
കുറച്ച്‌ റെയിൽവേ

privatisation in railway
avatar
അഞ്‌ജുനാഥ്‌

Published on Mar 23, 2025, 02:00 AM | 1 min read


ആലപ്പുഴ : സ്വകാര്യവൽക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിൽ മെയിന്റനൻസ്‌, ഓപ്പറേഷണൽ വിഭാഗം ജീവനക്കാരെ കുറച്ച്‌ ദക്ഷിണ റെയിൽവെ. കമേഴ്‌സ്യൽ വിഭാഗം കൂടാതെ 8,761 തസ്‌തികകളാണ്‌ നിലവിലുള്ളത്‌. ഇതിൽ 1,407 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്‌. സുരക്ഷാ വിഭാഗത്തിൽ 18, ലോക്കോ പൈലറ്റ്‌, പോയ്ന്റ്സ്മാൻ , സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയവയിൽ 225, എൻജിനീയറിങ്‌ 492, മെക്കാനിക്കൽ 418, ഇലക്‌ട്രിക്കൽ 254 വീതം ഒഴിവുകളാണുള്ളത്‌. ഇതിൽ നിയമനം നടത്താനുള്ള നടപടി സ്വീകരിച്ചിട്ടില്ല. യാത്രക്കാരുടെ സുരക്ഷയടക്കമുള്ള കാര്യങ്ങളിൽ കടുത്ത ആശങ്കയുണർത്തുന്നതാണ്‌ റെയിൽവേയുടെ അലംഭാവം.


വളരെ പ്രധാനപ്പെട്ട മേഖലകൾ ഉൾപ്പെടുന്ന ‘കോർ’ വിഭാഗത്തിൽ സ്വകാര്യവൽക്കരണം പാടില്ലെന്നത്‌ വളരെക്കാലമായി റെയിൽവേ പിന്തുടർന്നിരുന്ന പ്രഖ്യാപിത നിലപാടായിരുന്നു. സുരക്ഷ, അറ്റകുറ്റപ്പണി, ഓപ്പറേഷണൽ തുടങ്ങിയവ കോർ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്‌. എന്നാൽ മോദി സർക്കാർ അധികാരമേറ്റതിനുശേഷം ഇതിന്‌ മാറ്റം വരുത്തി. 2024 ന്‌ ശേഷം സ്വകാര്യവൽക്കരണം കൂടുതൽ തീവ്രമായി. പുതിയ പദ്ധതികൾ പൂർത്തിയായാലും അവിടെ ആവശ്യത്തിന്‌ നിയമനങ്ങളില്ല. തിരുവനന്തപുരം ഡിവിഷനുകീഴിൽ നാഗർകോവിൽ–-തിരുനെൽവേലി, എറണാകുളം–കായംകുളം പാതകളുടെ ഇരട്ടിപ്പിക്കൽ പൂർത്തിയായെങ്കിലും ആവശ്യമായ ട്രാക്‌മാൻ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിച്ചിട്ടില്ല. ഇതിനായി തസ്‌തിക സൃഷ്‌ടിച്ചിട്ടില്ല.


ഓരോ റെയിൽവേ സോണിലും ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാൻ ‘ക്വാട്ട’ നിശ്‌ചയിച്ചിരിക്കുകയാണെന്ന്‌ ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയൻ (ഡിആർഇയു) ഭാരവാഹികൾ പറഞ്ഞു. കമേഴ്‌സ്യൽ വിഭാഗത്തിൽ മാത്രം പ്രതിവർഷം രണ്ടുശതമാനം ജീവനക്കാരെ കുറയ്‌ക്കാനാണ്‌ നിർദേശം. ഷൊർണൂർ–-എറണാകുളം പാതയിൽ ആധുനിക സിഗ്‌നലിങ്‌ സംവിധാനം പൂർത്തിയായാൽ അതിന്റെ പരിപാലനവും അറ്റകുറ്റപ്പണിയും എങ്ങനെയായിരിക്കുമെന്ന്‌ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർക്കുപോലും നിശ്‌ചയമില്ല. നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച്‌ ജോലി കൃത്യമായി നടത്താൻ ഡിവിഷണൽ റെയിൽവേ ബ്രാഞ്ച് മാനേജർമാർ ബുദ്ധിമുട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home