മലപ്പുറത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; വിദ്യാർഥികൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് പരിക്ക്

മലപ്പുറം : കിഴിശ്ശേരി മുണ്ടപ്പറമ്പിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് പരിക്കേറ്റു. വിളയിൽ-എടവണ്ണപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന 'റോഡ് കിംഗ്' ബസും, കൊണ്ടോട്ടി-അരീക്കോട് റൂട്ടിലോടുന്ന 'ഇഖ്റ' ബസുമാണ് കൂട്ടിയിടിച്ചത്.
ബസ് ഡ്രൈവർമാരിൽ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ മുണ്ടംപറമ്പ് കോളേജ് ജംങ്ഷന് സമീപം രാവിലെ ഏകദേശം 8.30 ആണ് അപകടം നടന്നത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസുകളിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റ് യാത്രക്കാരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തെത്തുടർന്ന് മേഖലയിൽ അല്പനേരം ഗതാഗത തടസ്സമുണ്ടായെങ്കിലും പോലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.









0 comments