ബഹുരാഷ്ട്ര കമ്പനികളെ വളർത്താനുള്ള ഉപകരണമായി കേന്ദ്രസർക്കാർ മാറി: തോമസ് ഐസക്

തൃശൂർ : ആഗോള ബഹുരാഷ്ട്ര കമ്പനികളെ വളർത്താനുള്ള ഉപകരണമായി കേന്ദ്രസർക്കാർ മാറിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പറഞ്ഞു. പൊതുമേഖലാ ബാങ്കുകൾ ഉൾപ്പടെ സ്വകാര്യവൽക്കരിക്കുകയും കോർപറേറ്റുവൽക്കരിക്കുകയുമാണ്. ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികളും വളരെ കുറഞ്ഞ നിരക്കിൽ കനേഡിയൻ കമ്പനിയായ ഫെയർഫാക്സിന് കൈമാറാൻ തീരുമാനിച്ചിരിക്കയാണ്. ഇത്തരം സന്ദർഭങ്ങളെ ജീവനക്കാരുടെ ചെറുത്തുനിൽപ്പ് മൂലമാണ് ഇന്ത്യൻ ധനകാര്യ മേഖല അതിജീവിച്ചത്. രാജ്യത്തെ രക്ഷിക്കാനുള്ള പുതിയ പോരാട്ടങ്ങൾക്ക് ബാങ്ക് ജീവനക്കാരുൾപ്പടെ അധ്വാനിക്കുന്ന എല്ലാ വിഭാഗങ്ങളും ഒന്നിക്കണം. കനറ ബാങ്ക് സ്റ്റാഫ് യൂണിയൻ ( ബിഇഎഫ്ഐ) 17–ാമത് അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യവ്യാപക ദ്വിദിന തൊഴിലാളി പണിമുടക്കും കർഷക പ്രക്ഷോഭങ്ങളും മൂലം ജനവിരുദ്ധ തീരുമാനങ്ങളിൽ നിന്ന് സർക്കാരിന് പിൻവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ രാജ്യത്ത് യുവാക്കൾ പുതിയ സമരാഗ്നി പടർത്തിയിരിക്കയാണ്. ജന്തർമന്തർ പോരാട്ടം ദേശീയ രാഷ്ട്രീയചരിത്രത്തിൽ വഴിത്തിരിവാണ്. ഇൗ സമരത്തിന് ഇടതുപക്ഷമാണ് ദിശാമുഖം പകർന്നത്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഒന്നിച്ച് ദില്ലിയിൽ സമരത്തെ മുന്നിൽ നിന്ന് നയിച്ചു. മറ്റു രാഷ്ട്രീയ പാർടികളേയും സമരമുഖത്ത് ഒന്നിപ്പിക്കാൻ ഇടപ്പെടൽ നടത്തി. ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്രപ്പരമായ ഇടപ്പെടലായി അത് മാറി. ഇടതുപക്ഷ പ്രസക്തിയും വർധിച്ചു.
കോർപറേറ്റ്വൽക്കരണത്തിന് എതിരെ തൊഴിലാളി വർഗ താൽപര്യങ്ങളുമായി ബദൽ നയങ്ങളുമായാണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്. ഇൗ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാനാവണം. കാലത്തിന് അനുസരിച്ച് സമരപ്രചാരണങ്ങൾ മാറണം. പരന്പരാഗത രീതികൾക്ക് പകരം ഡിജിറ്റൽ മാർഗങ്ങളും നവമാധ്യമങ്ങളും പ്രയോജനപ്പെടുത്തണം. ബാങ്ക് ജീവനക്കാർ ജെൻസിയെപ്പോലെ മൊബൈൽ ഫോൺ സമരായുധമാക്കണമെന്നും ഐസക് പറഞ്ഞു.








0 comments