Deshabhimani

വണ്ടിക്ക് ഫൈൻ വന്നോ? ക്ലിക്ക് ചെയ്യല്ലേ, പണി കിട്ടും

traffic fine fake
വെബ് ഡെസ്ക്

Published on Nov 14, 2026, 02:37 PM | 1 min read

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെയും സിസിടിവി പരിശോധനകളുടെയും പേരിൽ വ്യാജ എസ്എംഎസ് അയച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പെന്ന വ്യാജേനയാണ് ഇത്തരം സന്ദേശങ്ങൾ പൊതുജനങ്ങളുടെ ഫോണുകളിലേക്ക് എത്തുന്നത്.


വാഹനങ്ങളുടെ യഥാർഥ രജിസ്ട്രേഷൻ നമ്പറുകൾ ഉൾപ്പെടുത്തിയാണ് തട്ടിപ്പുകാർ സന്ദേശങ്ങൾ അയക്കുന്നത്. ട്രാഫിക് നിയമലംഘനം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും പിഴയടയ്ക്കാൻ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശങ്ങളിൽ ആവശ്യപ്പെടുന്നത്.


സംശയം തോന്നാത്തവിധം ഔദ്യോഗിക രൂപത്തിലാണ് ഇത്തരം സന്ദേശങ്ങൾ തയ്യാറാക്കുന്നത്. സന്ദേശത്തോടൊപ്പം റഫറൻസ് നമ്പറും ചുരുക്കിയ വെബ് ലിങ്കും നൽകും. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പേജിലേക്കാണ് ഉപയോക്താക്കൾ എത്തുന്നത്.


തുടർന്ന് പിഴയടയ്ക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നമ്പറുകൾ, സിവിവി, ഒടിപി തുടങ്ങിയ രഹസ്യവിവരങ്ങൾ നൽകാൻ ആവശ്യപ്പെടും. ഈ വിവരങ്ങൾ കൈമാറുന്നതോടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.


അപരിചിതമായ എസ്എംഎസ് ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് പിഴയടയ്ക്കരുതെന്ന് പൊലീസ് നിർദേശിച്ചു. വാഹനങ്ങൾക്ക് യഥാർഥത്തിൽ പിഴയുണ്ടോയെന്ന് ഔദ്യോഗിക പരിവാഹൻ അല്ലെങ്കിൽ ഇ-ചലാൻ വെബ്സൈറ്റുകൾ വഴി നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം. ബാങ്ക് വിവരങ്ങളോ ഒടിപിയോ കാർഡ് വിശദാംശങ്ങളോ മറ്റാരുമായും പങ്കുവയ്ക്കരുത്. സംശയാസ്പദമായ സന്ദേശങ്ങളിലെ ലിങ്കുകൾ തുറക്കുകയോ മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്യരുത്.


ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ പരാതി നൽകുക.


സൈബർ ഹെൽപ്പ്‌ലൈൻ നമ്പർ: 1930

ഔദ്യോഗിക സൈബർ ക്രൈം പരാതി പോർട്ടൽ: https://cybercrime.gov.in/home



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home