Deshabhimani

രേഖാമൂലം

ഒരു ‘രഹസ്യപുസ്‌തക’ത്തിന്റെ ചോർച്ചയും ചർച്ചയും

പടം
avatar
.ശ്രീകുമാർ ശേഖർ

Published on Nov 14, 2026, 02:53 PM | 3 min read

ഇന്റലിജൻസ് ബ്യൂറോയുടെ ഡയറക്ടർ ഹോറസ് വില്യംസൺ അയച്ച ആ കത്ത് 1935ൽ ബ്രിട്ടീഷ് പ്രവിശ്യകളിലെ ചീഫ് സെക്രട്ടറിമാർക്കെല്ലാം ലഭിച്ചിരുന്നു. ‘ഒരു പുസ്തകത്തിന്റെ ഏതാനും കോപ്പികൾ അയക്കുന്നു. പേര്: ഇന്ത്യ ആൻഡ് കമ്യൂണിസം. കത്തിൽ പറഞ്ഞിട്ടുള്ളവർക്ക് മാത്രം ഇത് കൈമാറണം’ ‐ ഇതായിരുന്നു കത്തുകളിലെ പൊതു ഉള്ളടക്കം. ​1934ൽ ഇന്ത്യയിലാകെ കമ്യൂണിസ്റ്റ് പാർടിയെ നിരോധിച്ചിട്ടും കമ്യൂണിസം വളരുന്നു എന്ന ഭീതിയിലായ ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ച വ്യത്യസ്തമായ പ്രചാരണ പരിപാടികളിൽ ഒന്നായിരുന്നു ഈ പുസ്തകം. 1933ൽ ജെ എഫ് കൗഗിൽ തയ്യാറാക്കിയ ആദ്യ പതിപ്പിന്റെ സമഗ്രവും വിപുലവുമായ പതിപ്പായിരുന്നു ഇത്. 1925ൽ ഇന്ത്യയിൽ പാർടി ഘടകം രൂപപ്പെട്ടപ്പോൾ തന്നെ സമാനമായ ഒരു രേഖ സർക്കാർ തയ്യാറാക്കിയിരുന്നുവെങ്കിലും അതിൽ പ്രാഥമിക വിവരങ്ങൾ മാത്രമാണുണ്ടായിരുന്നത്. ​വലിയ തയ്യാറെടുപ്പോടെയാണ് പുസ്തകം ഇറക്കിയത്. 396 പേജുള്ള പുസ്തകം "അതീവ രഹസ്യം' (Confidential) എന്ന വിഭാഗത്തിൽപെടുത്തിയ രേഖയായിരുന്നു.

പടം‘രഹസ്യപുസ്‌തക’ത്തിലെ വിവരങ്ങൾ ഉൾപ്പെടുത്തി ‘സ്റ്റേറ്റ്സ്‌മാൻ’ ദിനപത്രത്തിൽ വന്ന വാർത്ത

പടരുന്ന കമ്യൂണിസ്റ്റ്-‐തൊഴിലാളി മുന്നേറ്റങ്ങളെ നിരീക്ഷിക്കാനും അടിച്ചമർത്താനുമായി ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കും പൊലീസ് മേധാവികൾക്കും മാർഗനിർദേശങ്ങൾ നൽകുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ​കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉത്ഭവവും വളർച്ചയും, ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ വിദേശബന്ധങ്ങൾ, ഇന്ത്യയിലേക്ക് രഹസ്യമായി എത്തിയ നിരോധിത ലഘുലേഖകൾ, വിദേശ കമ്യൂണിസ്റ്റുകാരുടെ സഞ്ചാരവഴികൾ, റഷ്യയുടെ അതിർത്തി രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, പേർഷ്യ, ചൈന എന്നിവ വഴിയുള്ള സ്വാധീനശ്രമങ്ങൾ എന്നിവയെല്ലാം പുസ്തകം വിവരിക്കുന്നു. തൊഴിലാളി മുന്നേറ്റങ്ങൾ, ഗൂഢാലോചന കേസുകൾ, വിവിധ സംഘടനകളിലെ കമ്യൂണിസ്റ്റ് ‘നുഴഞ്ഞുകയറ്റം’ തുടങ്ങിയവയ്ക്കൊപ്പം മാർക്സിസ്റ്റ് പദാവലികൾ (Glossary), ഒളിപ്പോരുകളുടെ ശൈലികൾ, നിരോധിത പ്രസിദ്ധീകരണങ്ങളെയും പ്രവർത്തകരെയും കണ്ടെത്താനുള്ള മാർഗങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ​പുസ്തകം അതീവ രഹസ്യമായി പ്രമുഖർക്ക് മാത്രമാണ് കൈമാറിയതെങ്കിലും വിവരങ്ങൾ ചോർന്നു എന്ന സംശയം ഇന്റലിജൻസ് ബ്യൂറോയ്ക്കുണ്ടായി. ആഭ്യന്തര സെക്രട്ടറി മോറിസ് ഗാർണിയർ ഹാലറ്റ് ബ്രിട്ടീഷ് ചീഫ് സെക്രട്ടറിക്ക് 1935 മാർച്ച് 15ന് അയച്ച കത്തിൽ ഇങ്ങനെ വായിക്കാം: "...കമ്യൂണിസ്റ്റ് ഇന്റർനാഷണലിന് ഈ പുസ്തകത്തിന്റെ ഒരു നിരൂപണം ലഭിച്ചിട്ടുണ്ടെന്നും, ഇതിന്റെ ഒരു കോപ്പി കൈക്കലാക്കാൻ അവർ അതീവ താൽപ്പര്യം കാണിക്കുന്നുണ്ടെന്നും അടുത്തിടെ വിവരം ലഭിച്ച സാഹചര്യത്തിൽ, പുസ്തകം കൈവശം വെച്ചിരിക്കുന്ന എല്ലാവരും അത് സുരക്ഷിതമായി സൂക്ഷിക്കാൻ പ്രത്യേക മുൻകരുതലുകൾ എടുക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു.’ ​1936 ആയപ്പോഴേക്കും പുസ്തകത്തിലെ വിവരങ്ങൾ ചോർന്നത് വ്യക്തമായി. കൽക്കട്ടയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘സ്റ്റേറ്റ്സ്‌മാൻ’ പത്രത്തിൽ 1936 ജൂൺ 12-ന് വന്ന ലേഖനത്തിൽ പുസ്തകത്തിലെ രഹസ്യവിവരങ്ങൾ പലതും ഉൾപ്പെട്ടിരുന്നു. "Red Agents in Indian Villages', "Recruits from Terror', "armed uprising aimed' എന്നിങ്ങനെയുള്ള ഉപതലക്കെട്ടുകളോടെ ഇറങ്ങിയ ആ ലേഖനം അധികൃതരെ വല്ലാതെ ചൊടിപ്പിച്ചു. ബംഗാൾ സർക്കാരിനോട് വിശദീകരണം തേടലും അന്വേഷണങ്ങളും ഫയലുകളിൽ കാണാം. പത്രത്തിന്റെ പത്രാധിപർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ നിന്നുതന്നെ പുസ്തകം അയച്ചിരുന്നു എന്ന് ഒടുവിൽ വ്യക്തമായി. ഇത്തരം പുസ്തകങ്ങൾ മേലിൽ റിവ്യൂവിന് നൽകുകയോ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകർക്ക് കൈമാറുകയോ ചെയ്യരുത് എന്ന ശാസനയോടെയാണ് ആ വിഷയം അവസാനിച്ചത്. ഇത്തരം വാർത്തകൾ കമ്യൂണിസ്റ്റ് പ്രവർത്തകർക്ക് കൂടുതൽ ആവേശം പകരാനും അടിച്ചമർത്തലിന്റെ വഴികളെപ്പറ്റി ധാരണയുണ്ടാക്കാനും ഇടവരുത്തും എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ ഭയം. ​1934ലെ നിരോധനത്തിന് ന്യായീകരണം ഒരുക്കൽ കൂടിയായിരുന്നു ഈ പുസ്തകം. ഇതിനായി പല കുറുക്കുവഴികളും സ്വീകരിച്ചിരുന്നു. സർക്കാർ പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പ് കൽക്കട്ടയിൽ നിന്നുള്ള ‘ദ വിപ്പ്’ പത്രത്തിൽ പത്രാധിപർ ആർ എസ് ശർമ്മ ഇതേ പേരിൽ ലേഖനപരമ്പര എഴുതിയിരുന്നു. ഇത് പിന്നീട് സർക്കാർ ചെലവിൽ ലഘുലേഖയായി അച്ചടിക്കുകയും ചെയ്തു. ഇതിനായി ചെലവഴിക്കേണ്ട തുകയെക്കുറിച്ച് ചർച്ച ചെയ്യുന്ന ഫയലുകൾ നാഷണൽ ആർക്കൈവ്സിൽ കാണാം.

പടം‘രഹസ്യപുസ്‌തക’ത്തിന്റെ വിവരങ്ങൾ കമ്യൂണിസ്‌റ്റ്‌ ഇന്റർനാഷണലിനു ചോർന്നുകിട്ടിയെന്ന ഫയൽക്കുറിപ്പ്‌

ബ്രിട്ടീഷ് രാജാവിൽ നിന്ന് ‘നൈറ്റ്’ പദവി നേടിയ, കടുത്ത ബ്രിട്ടീഷ് പക്ഷപാതിയായിരു ന്നു കൽക്കട്ടയിൽ പ്രവർത്തി ച്ചിരുന്ന തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശിയായ ആർ എസ് ശർമ്മ. മലയാളി യും കൽക്കട്ടയിലെ പ്രശസ്ത മാധ്യമപ്രവർത്തകനുമായിരുന്ന കെ പി തോമസ് തന്റെ ‘മോഡേൺ സ്റ്റുഡന്റ്’ എന്ന പ്രസിദ്ധീകരണത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ രചനകൾ പ്രചരിപ്പിക്കാൻ പ്രതിമാസ സഹായമായി പണം ആവശ്യപ്പെടുന്ന കത്തും മറ്റൊരു ഫയലിലുണ്ട്. ​കൊളോണിയൽ ഭരണാധികാരികളുടെ കണ്ണിലൂടെ മുൻവിധിയോടെ തയ്യാറാക്കിയതാണെങ്കിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ ഇന്ത്യൻ തൊഴിലാളിവർഗ- കമ്യൂണിസ്റ്റ് ചരിത്രവും രഹസ്യ പ്രവർത്തനങ്ങളും മനസ്സിലാക്കാനുള്ള പ്രാഥമിക ചരിത്രരേഖയായി ‘ഇന്ത്യ ആൻഡ് കമ്യൂണിസം’ പിൽക്കാലത്ത് മാറി. നാഷണൽ ബുക്ക് ഏജൻസി ഇത് 1977ൽ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home