സയ്യിദ് മുഷ്താഖ് അലി ട്രോഫി; ബിഹാറിനെ വീഴ്ത്തി സൗരാഷ്ട്ര, വൈഭവ് സൂര്യവംശിക്ക് 18 റൺസ്

വൈഭവ് സൂര്യവംശി| Photo:X
ഇൻഡോർ : സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വൈഭവ് സൂര്യവംശി നയിച്ച ബിഹാറിന് തോൽവിയോടെ തുടക്കം. എലൈറ്റ് ഗ്രൂപ്പ് ബിയിൽ സൗരാഷ്ട്ര അഞ്ച് വിക്കറ്റിനാണ് ബിഹാറിനെ തോൽപ്പിച്ചത്. ബിഹാർ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ സൗരാഷ്ട്ര മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ബിഹാറിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നായകൻ വൈഭവ് സൂര്യവംശിക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും 12 പന്തിൽ 18 റൺസെടുത്ത് പുറത്തായി. രണ്ട് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
38 റൺസെടുത്ത പൃഥ്വിരാജാണ് ബിഹാറിന്റെ ടോപ് സ്കോറർ. 27 പന്തിൽ നാല് സിക്സുൾപ്പെടെയാണ് താരം 38 റൺസെടുത്തത്. അൽതമിഷ് അഷ്റഫ് 20 പന്തിൽ 24 റൺസും നേടി. സൗരാഷ്ട്രയ്ക്കായി ചേതൻ സക്കറിയയും പ്രേരക് മങ്കാദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഹർവാൻഷ് പംഗാലിയയുടെ വെടിക്കെട്ട് ഇന്നിങ്സാണ് സൗരാഷ്ട്രയുടെ വിജയം അനായാസമാക്കിയത്. 11 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 33 റൺസെടുത്ത പംഗാലിയയാണ് ടോപ് സ്കോറർ.
റുചിത് അഹിർ (21), സിദ്ധാന്ത് റാണ (21) എന്നിവർ പുറത്താകാതെ നിന്നു. ബിഹാറിനായി സുരജ് കശ്യപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 21 പന്തുകൾ ബാക്കിനിൽക്കെയാണ് സൗരാഷ്ട്ര വിജയം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചേതൻ സക്കറിയയാണ് കളിയിലെ താരം.








0 comments