കഥ
തെയ്യത്തിര

മിഥുൻ കൃഷ്ണ.
Published on Nov 14, 2026, 02:34 PM | 11 min read
വൈകുന്നേരമായാൽ മാന്പറക്കുന്നിറങ്ങി വരുന്ന വെയിലിന് ഉണങ്ങാത്ത മുറിവിന്റെ കടുംനിറമാണ്. പച്ചിലപ്പാമ്പുകൾ ഇഴയുന്ന റബ്ബർ തോട്ടങ്ങൾക്കും, മണ്ണിൽ വേരുകൾ ആഴ്‌ത്തിനിൽക്കുന്ന കൂറ്റൻ ഈട്ടിമരങ്ങൾക്കും ഇടയിലെ അവളുടെ വീട്, പകൽവെളിച്ചത്തിൽ മനോഹരമായ പെയിന്റിങ് പോലെ തോന്നും. കുന്നിൻചെരുവിൽ ഒരൊറ്റപ്പെട്ട ദ്വീപുപോലെ. ചുവരുകളിൽ ദൈവങ്ങളുടെ ചിത്രങ്ങളില്ല. അലമാരകളിൽ കരിങ്കണ്ണന്മാരായ കാരണവന്മാരുടെ ഫോട്ടോകളോ, മഞ്ഞിച്ച കടലാസിലെ കത്തുകളോ ഉണ്ടായിരുന്നില്ല. കൊച്ചിറ്റയ്‌ക്കും തെയ്യത്തിരയ്‌ക്കും ഇടയിൽ പടർന്നു പന്തലിച്ച മൗനം മാത്രമായിരുന്നു ആ വീടിന്റെ ആധാരം. സൂര്യൻ മാന്പറ മലനിരകൾക്ക് പിന്നിൽ മറയുന്നതോടെ കാടിന് മറ്റൊരു ഗന്ധം വരും. അത് പച്ചിലകളുടെയോ കാട്ടുപൂക്കളുടെയോ അല്ല, മണ്ണിൽ ഉറങ്ങിക്കിടക്കുന്ന പഴയ ചോരപ്പുഴയുടെ ഗന്ധമാണ്. കാലമത്രയും ആ മണ്ണിൽ ഒളിപ്പിച്ചുവെച്ച പഴയൊരു സങ്കടം പൊടിതട്ടിയെടുത്തതുപോലെ ആ ഗന്ധം അവിടെയാകെ പടർന്നു. വേരുകൾ അറുത്തുമാറ്റപ്പെട്ടതറിയാതെ നിൽക്കുന്ന മരങ്ങൾക്കിടയിൽ, തെയ്യത്തിര തന്റെ ഉള്ളിലെ ശൂന്യതയെ തൊട്ടറിഞ്ഞു. വെയിൽ മായുമ്പോൾ താൻ പ്രാണനെപ്പോലെ സ്‌നേഹിച്ചതെല്ലാം അന്യമായി മാറുന്നു. ഓരോ കരിയിലയനക്കത്തിലും കേൾക്കുന്നത് ഓർമകളുടെ വിലാപമാണ്.
ചിത്രീകരണം: കെ സുധീഷ്
മിണ്ടാൻ മറന്നുപോയ വാക്കുകൾ കാറ്റിൽ തങ്ങിനിന്ന് ശ്വാസം മുട്ടിച്ചു. തണ്ണിക്കുണ്ടുംചാലിലെ ഇരൂൾമരങ്ങൾക്കിടയിലെ നിഴലുകൾക്ക് മനുഷ്യരൂപം കൈവരുന്ന നേരത്ത്, ഓരോ ഇലയനക്കവും ആരോ പിന്നിൽ വന്നു നിൽക്കുന്നതുപോലെ തോന്നിപ്പിക്കും. പാഠപുസ്‌തകത്തിലെ പരന്പരവൃക്ഷത്തിലെ ബന്ധുക്കളുടെയും മറ്റും പേരിന് മുകളിലെ കള്ളികളിൽ തെയ്യത്തിര വെറുതെ ചോദ്യചിഹ്നങ്ങൾ വരച്ചുചേർത്തു. അവരേക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ കൊച്ചിറ്റ അടുക്കളയിലെ കരിപുരണ്ട പുകയിലേക്ക് മുഖംതിരിച്ചു. "മ്മള് ഇട്ടേച്ചു പോന്ന ഇടങ്ങളെപ്പറ്റി എന്തിനാ മോളെ ഇപ്പൊ ഓർക്കുന്നേ? ചെകഞ്ഞാൽ നീറുകയേയുള്ളൂ.' കൊച്ചിറ്റ അടുപ്പിലേക്ക് ഉൗതി. അതുകേട്ടപ്പോൾ തെയ്യത്തിരയുടെ നെഞ്ചിന്റെ ഇടതുഭാഗത്ത് വിങ്ങലുണ്ടായി. വേരുകൾ അറുത്തുമാറ്റപ്പെട്ട ഒരു മരത്തിന്റെ നീറ്റൽ. പണ്ട് നടന്നതൊക്കെയും മറക്കാൻ ശ്രമിക്കുമ്പോഴും, മുറിയിലെ ഓരോ കോണിലും പഴയ ഓർമകൾ നിലവിളികളായി പതുങ്ങി ഇരിപ്പുള്ളതുപോലെ ആണ് കൊച്ചിറ്റയുടെ പെരുമാറ്റം. രാത്രി പാറാട്ടുപാറയെ മൂടുന്ന കോടമഞ്ഞിന്റെ തണുപ്പിൽ തെയ്യത്തിര ഉണർന്നത് നെഞ്ചിൽ ആരോ പഴുപ്പിച്ച കമ്പികൊണ്ട് വരയുന്നത് പോലെ തോന്നിയപ്പോഴാണ്. കഴുത്തിന് താഴെ തീകൊണ്ട് എഴുതുംപോലെ. നിലവിളിച്ചുപോയി. ചോരയോ പൊള്ളലോ? ഭയപ്പാടോടെ നെഞ്ചിൽ കൈവച്ചു. മുറിവുകളില്ല. ഉള്ളിന്റെയുള്ളിൽനിന്ന് തൊലിപ്പുറത്തേക്ക് അടയാളങ്ങൾ തിണർത്തുവരുന്ന അസാധ്യമായ ഒരനുഭവം. കുളിമുറിയിലെ പഴയ കണ്ണാടിക്ക് മുന്നിൽ വിറച്ചുനിന്നു. തവിട്ടുനിറമുള്ള കഴുത്തിന് താഴെ, അതുവരെ കാണാത്ത വക്രരേഖകൾ ചുവന്ന തഴമ്പുകളായി തെളിഞ്ഞുവരുന്നു. സോപ്പിട്ട് ഉരച്ചു കഴുകിയപ്പോൾ തൊലി ചുവന്നു തടിച്ചു. പാടുകൾ മായുന്നില്ല. പുലർച്ചെയായപ്പോഴേക്കും വലതു കൈത്തണ്ടയിൽ കനലിൽ തൊട്ടതുപോലെ ഒരു തഴമ്പ്. ആശങ്കയോടെ അതിൽ വിരലോടിച്ചു. എന്താണ് തനിക്ക് സംഭവിക്കുന്നത്? ഉറക്കപ്പായിൽ ഏതെങ്കിലും ജീവികളുടെ മുകളിൽ കിടന്നുപോയതാണോ..? പായയും തലയണയും മുട്ടിവിരിച്ചിട്ടുനോക്കി. ഒരു ഉറുന്പിനെപോലും കാണുന്നില്ല. നേരം വെളുത്തതും ഇളവെയിലേറ്റുവാങ്ങിയ ഇടവഴികളിലൂടെ അവൾ കൊച്ചിറ്റയുടെ അമ്മ കുഞ്ഞാച്ചിയുടെ അടുത്തേക്ക് കുതിച്ചു. ആ മണ്ണിലെ ഏറ്റവും പഴയ താമസക്കാരിയാണവർ. പാറാട്ടുപാറയുടെ ഓരോ കല്ലിന്റെയും മുള്ളിന്റെയും കഥകൾ നെഞ്ചിലേറ്റിയ തണൽമരം. കുഞ്ഞാച്ചിയുടെ മുഖത്ത് വരച്ചിട്ട ചുളിവുകളിൽ നാടിന്റെ ഇന്നലെകളുടെ സ്‌പന്ദനങ്ങളും വിസ്‌മൃതിയിലാണ്ട അനേകം ഓർമകളും ഒളിഞ്ഞുകിടപ്പുണ്ട്. തെയ്യത്തിരയുടെ കൈത്തണ്ടയിലെ ചുവന്ന തഴമ്പുകൾ കണ്ട കുഞ്ഞാച്ചിയുടെ കയ്യിൽനിന്നും മുറുക്കാൻചെല്ലം താഴെ വീണു. അവർ ആ പാടുകളിൽ സൂക്ഷിച്ചുനോക്കി, വിരലോടിച്ചു വിതുമ്പി. ഭൂതകാലത്തിന്റെ കനലുകൾ മാന്പറക്കുന്നിനെ വിഴുങ്ങിയ രാത്രികളിൽ, ലോകം മായ്ച്ചുകളയാൻ വെമ്പിയ ജനതയുടെ അതിജീവന ചരിത്രം സ്വന്തം ഉടലിലേക്ക് മുറിപ്പാടുകളായി ചേർത്തുവച്ചവരുടെ വിലാപം കുഞ്ഞാച്ചിയുടെ കണ്ണിൽ തെളിഞ്ഞുവന്നു. "ഈ ചോന്നപാടുകൾ മായില്ല മോളെ. അത് ഉടലിൽനിന്ന് ഉടലിലേക്ക് പടരുന്ന ഒരു ശാപാണ്, അല്ലെങ്കിൽ ഒരു സാക്ഷ്യം.' കഥ അവിടെയാണ് അവസാനിക്കുന്നത്. അല്ലെങ്കിൽ, തുടങ്ങുന്നത്. തെയ്യത്തിര ഉറപ്പിച്ചു. കാറ്റിൽ ഇലകൾ തമ്മിലുരസുന്ന ശബ്ദം ആരോ രഹസ്യം മന്ത്രിക്കുന്നത് പോലെ. കൈത്തണ്ടയിലെ ചുവന്ന അടയാളം ഇപ്പോൾ വല്ലാതെ ചൂടുപിടിക്കുന്നുണ്ട്. "ഈ മണ്ണ് ചോര കുടിച്ചു വീർത്തതാ. അത് എത്ര കാലം മ്മള് ചവിട്ടിപ്പിടിച്ചാലും ഒരിക്കൽ പൊറത്തുവരും. മോളെ, അന്ന് എട്ടടി ദൂരം പാലിക്കാത്തവനെ തല്ലിക്കൊല്ലാൻ നടന്ന കണ്ടോത്ത് ജന്മി തീറ്റിപ്പോറ്റിയ കിങ്കരന്മാർ കൂരകൾ തേടി വന്നത് മ്മടെ ഒരു വിത്തുപോലും ഈ മണ്ണിൽ മുളയ്‌ക്കരുത് എന്ന വാശിയോടെയായിനു. ആ മോന്തിക്ക് മാമ്പറക്കുന്നിൽ നിന്നും ഒലിച്ചിറങ്ങിയത് റബ്ബർ പാലല്ല, ജീവന്റെ പശിമയുള്ള പച്ചച്ചോരയാണ്. മാമ്പറക്കുന്നിന്റെ മുകളിലേക്ക് ആക്രോശങ്ങളോടെ ഓറ് ഇരച്ചുകയറുമ്പോ, കാറ്റിനുപോലും മരണത്തിന്റെ മണായിനു.' കുഞ്ഞാച്ചിയുടെ നനഞ്ഞ കണ്ണുകൾ തെയ്യത്തിരയുടെ ഉടലിൽ തങ്ങിനിന്നു. "മീനാക്ഷി... ഇരുപത്തിയൊന്ന് വയസായിനു ഓക്ക്. അയ്യപ്പൻചാലിലെ തെളിനീരിനേക്കാൾ തെളിമയുള്ള ചിരീം പേറി നടന്നവൾ. അന്ന് ഓക്ക് പെറാൻ മാസം തെകഞ്ഞിന്.
ചിത്രീകരണം: കെ സുധീഷ്
തീപ്പന്തങ്ങളും വാളുകളും കൂര വളഞ്ഞപ്പോ ഓള് ഓടിയത് താൻ വിശ്വസിച്ച മാന്പറക്കുന്നിലെ അമ്പലത്തിലേക്കാ. ദൈവം കാക്കൂന്നല്ല, ആടെയെങ്കിലും ആ കാലമാടന്മാരുടെ കൈകൾ വിറയ്‌ക്കുമെന്ന് ഓള് നിരീച്ചിട്ടുണ്ടാകും. പക്ഷേ...' കുഞ്ഞാച്ചിയുടെ ശബ്ദം ഇടറി. തെയ്യത്തിരയുടെ കഴുത്തിലെ ചുവന്ന പാട് വിങ്ങാൻ തുടങ്ങി. ഒരു പുരാതനമായ മുറിവ് ആരോ വീണ്ടും മാന്തിത്തുറന്നതുപോലെ. "ആ അമ്പലത്തിന്റെ തിരുമിറ്റത്ത് വെച്ച് ഓറ് ഓളെ...' കുഞ്ഞാച്ചിക്ക് വാക്കുകൾ തികയാതെ വന്നു. അന്ന് ആ കരിങ്കൽ തറയിൽ തെറിച്ച ചോരയുടെ കടുംനിറമാണ് ഓരോ വൈകുന്നേരവും മാമ്പറക്കുന്നിറങ്ങി വരുന്ന വെയിലിനെന്ന് തെയ്യത്തിരയ്‌ക്ക് തോന്നി. ആ ചുവന്ന പാട്, തലമുറകളായി തന്റെ ഉടലിലൂടെ കുതിച്ചുപായുന്ന നിലവിളിയുടെ ബാക്കിപത്രമാണ്. "ഓള് മരിക്കുന്നതിന് തൊട്ടുമുമ്പ് പെറ്റിട്ടാണ് പോയത്. "ഇതാർക്കും മായ്‌ക്കാനാകില്ല' എന്നവൾ വിളിച്ചു പറഞ്ഞിരുന്നൂത്രേ.' അത്രയും പറഞ്ഞ് കുഞ്ഞാച്ചി തെയ്യത്തിരയുടെ കൈ പിടിച്ചു. "കൊച്ചിറ്റ അത് നേരിട്ട് കണ്ടവളാണ്. മീനാക്ഷിയുടെ ശരീരം അയ്യപ്പൻചാലിലേക്ക് എറിയുന്നത് നോക്കി നിൽക്കാനേ കൊച്ചിറ്റയ്‌ക്ക് കഴിഞ്ഞുള്ളൂ. ഭയന്നിറ്റ് ഓള് ഓടിപ്പോയി. പക്ഷേ മീനാക്ഷീന്റെ അവസാനത്തെ അടയാളം ഓൾടെ തോളിൽ ചോരപ്പശിമയോടെ കിടന്നു. ആ സത്യം ലോകത്തോട് വിളിച്ചു പറയാൻ കൊച്ചിറ്റ ഭയന്നു. ഓള് സ്വന്തം മോളായി പോറ്റി. പക്ഷേ മൗനംകൊണ്ട് മൂടാൻ കഴിയാത്ത ഒന്നാണ് ചോരയുടെ ചരിത്രം.' കൊച്ചിറ്റ തന്റെ അമ്മയല്ലെന്ന സത്യം കനൽ കാട് പോലെ തെയ്യത്തിരയുടെ ഉള്ളിൽ ആളി വീണു. ഇത്രയും കാലം താൻ അനുഭവിച്ച സ്‌നേഹവും...? നെഞ്ചിന് ഭാരം വന്നു മുറുകി. കണ്ണുനീർ കാഴ്‌ചയെ മറയ്‌ക്കുമ്പോഴും, വീടിന്റെ ഉമ്മറത്ത് തന്നെയും കാത്തിരിക്കുന്ന കൊച്ചിറ്റയുടെ മുഖം ഉള്ളിൽ തെളിഞ്ഞു. "മോളെ, ഈ പാടുകൾ ഇനി മായൂല്ല,' കുഞ്ഞാച്ചി മന്ത്രിച്ചു. കുഞ്ഞാച്ചിയുടെ വാക്കുകൾ പിൻവിളിപോലെ അവിടെ തങ്ങിനിന്നു. തെയ്യത്തിരയുടെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞുപോയി. തന്റെ ശരീരത്തെക്കാൾ വലിയ ഭാരം ആ തഴമ്പുകൾക്ക് ഉണ്ടെന്ന് തോന്നി. മണ്ണിൽ അലിഞ്ഞുപോയ ഒരായിരം മനുഷ്യരുടെ അടക്കിപ്പിടിച്ച തേങ്ങലുകളുടെ ഭാരം. പോയകാലത്ത് ആജ്ഞകൾക്കും ചമ്മട്ടിയടികൾക്കും മുമ്പിൽ നിശ്ശബ്ദരായിപ്പോയവരുടെ വിലാപം സിരകളിൽ ഇരന്പിക്കൊണ്ടിരുന്നു. ദൂരെ നിന്നും, ഒഴുകിവന്ന ആ വിളി -– "പൊലേര്... പൊലേര്...' അതവളുടെ രക്തത്തിലേക്ക് പടർന്നു. ആ നിമിഷം, അതുവരെ കൂട്ടിനുണ്ടായിരുന്ന കാറ്റുപോലും റബ്ബർ മരങ്ങൾക്കിടയിലൂടെ എങ്ങോട്ടോ ഓടിമറഞ്ഞു. ചുറ്റുമുള്ള ലോകം പെട്ടെന്ന് നിശ്ശബ്ദമായതുപോലെ. തെയ്യത്തിരയുടെ ഉടലാകെ നീറി. മൗനം ഉടലിലൂടെ പൊട്ടിത്തെറിക്കാൻ പോവുകയാണ്. ഇരുട്ടിലേക്ക് നോക്കി. മീനാക്ഷിയുടെ ചിരിയും മരണക്കരച്ചിലും ഒരേ സമയം മുഴങ്ങി. കുഞ്ഞാച്ചിയുടെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ റബ്ബർ മരങ്ങൾക്കിടയിലൂടെയുള്ള കാറ്റിന്റെ ചൂളംവിളിയിൽ പഴയ അലർച്ചകൾ തെയ്യത്തിരയ്‌ക്ക് കേൾക്കാമായിരുന്നു. അമ്മ ഏൽപ്പിച്ച രഹസ്യരേഖ, തന്റെ ഈ ഉടൽ, അതിന് സാക്ഷ്യം പറയണം. അവൾ അയ്യപ്പൻചാലിനടുത്തേക്ക് നടന്നു. ഇതിലേക്കാണല്ലോ അന്ന് അവർ തന്റെ അമ്മയെ എറിഞ്ഞുകളഞ്ഞത്... അയ്യപ്പൻചാലിലെ ആഴങ്ങളിൽ, കലങ്ങിയൊഴുകുന്ന നീരൊഴുക്കിന് അമ്മയുടെ നിലവിളിയുടെ താളമാണോ? കാതോർത്തു. കഴുത്തിലെ ഷാൾ പതുക്കെ മാറ്റി ചുവന്ന തഴന്പിലൂടെ വിരലോടിച്ചു. ആ പാടിനുള്ളിൽ മീനാക്ഷിയുടെ ഭയം തണുത്തുറഞ്ഞ മുഖം. ഇത്രയും കാലം താനും കൊച്ചിറ്റയമ്മയും തമ്മിലുണ്ടായിരുന്ന മൗനത്തിന്റെ മതിൽക്കെട്ടുകൾ ഇപ്പോൾ തകർന്നു വീണിരിക്കുന്നു. തന്നെ സ്‌നേഹംകൊണ്ട് മൂടിയപ്പോഴും കൊച്ചിറ്റ ഭയന്നോടിയത് ഈ നീറുന്ന ഇന്നലെകളിൽ നിന്നായിരുന്നു. മണ്ണുരുകുന്ന ഉച്ചവെയിലിൽ തെയ്യത്തിര മീറങ്ങാട്ടെ പൊതുശ്മശാനത്തിലേക്ക് നടന്നു. വെള്ളിയോടൻ കണ്ടി ലക്ഷംവീട് കോളനിയിലെ ഒറ്റമുറികളിൽ ശ്വാസംമുട്ടി ജീവിച്ചുതീർത്ത മനുഷ്യർ ചെന്നടിഞ്ഞ ആ മണ്ണിൽ പതിയെ കുന്തിച്ചിരുന്നു. തലമുറകളുടെ ചൂട് ഇപ്പോഴും അതിൽ അവശേഷിക്കുന്നതായി തോന്നി. കൈത്തണ്ടയിലെയും കഴുത്തിലെയും തഴമ്പുകളിൽ തലോടി. തന്റെ സിരകളിലോടുന്നത് അവരുടെ കണ്ണുനീരാണെന്നും, താൻ ശ്വസിക്കുന്നത് ഈ മണ്ണിൽ അവർ ബാക്കിവെച്ചുപോയ നിശ്വാസങ്ങളാണെന്നും തിരിച്ചറിഞ്ഞ നിമിഷം ആ ശ്മശാനഭൂമി അവളെ ആഴത്തിൽ പൊതിഞ്ഞുപിടിച്ചു. തന്റെ വാരിയെല്ലുകൾക്ക് മുകളിൽ പുതിയൊരു ചൂട് പടരുന്നത് അവളറിഞ്ഞു. ഓരോ തഴമ്പും ചർമം പിളർന്ന് പുറത്തേക്ക് വരുമ്പോൾ, ശ്വാസം മുറിഞ്ഞു. ഇൗ നാടിന്റെ ഇന്നലെകളിൽനിന്നും വെട്ടിമാറ്റിയ മനുഷ്യർ, അനേകം വർഷത്തെ നിശ്ശബ്ദതയ്‌ക്ക് ശേഷം തന്റെ രക്തത്തിലൂടെ, മാംസത്തിലൂടെ വീണ്ടും ജീവൻ വയ്‌ക്കുകയാണോ? മണ്ണടിഞ്ഞുപോയവരുടെ നിലവിളികൾ ഉടലിൽ പുതിയ അടയാളങ്ങളായി വിരിയുന്നത് നോക്കിനിൽക്കെ, ആകാശം കൂടുതൽ ചുവന്നുതുടുത്തു. ആരൊക്കയോ പിന്നിലൂടെ വന്ന് തന്നെ നെഞ്ചോട് ചേർത്തുവയ്‌ക്കുന്നു. അദൃശ്യമായ കെട്ടിപ്പിടിത്തത്തിൽ വേദനയെല്ലാം അലിഞ്ഞുപോകുന്നു. കൊച്ചിറ്റയുടെ കെട്ടിപ്പിടിത്തം പോലെ ഇളംചൂട് നെഞ്ചിൽ പടർന്നപ്പോൾ വേഗം വീട്ടിലേക്ക് നടന്നു. ഓരോ ചുവടിലും അവൾ മുൻതലമുറകളുടെ കട്ടപിടിച്ച ചോരയുടെ പുളി അറിയുകയായിരുന്നു. വീടിന്റെ പടിവാതിൽക്കൽ തിരിച്ചെത്തുമ്പോഴേക്കും ദേഹത്തെ പാടുകൾക്ക് കൂടുതൽ കടുംനിറമായിരുന്നു. അടുക്കളയിലെ പുകമണത്തിനൊപ്പം വിറകുകൊള്ളികൾ എരിയുന്ന ശബ്ദം. കൊച്ചിറ്റയുടെ കൈകൾ ചിരവയിൽ ഒരു താളമായി മാറിമറിഞ്ഞു.
ചിത്രീകരണം: കെ സുധീഷ്
ഒരേ വേഗതയിൽ താഴേക്ക് വീഴുന്ന വെളുത്ത തേങ്ങാപ്പൂക്കൾക്കിടയിൽ കൊച്ചിറ്റ ചിന്തയിൽ മുഴുകിയിരിക്കുകയാണ്. തെയ്യത്തിര പതുക്കെ ചെന്ന് തോളിൽനിന്നും ഷാൾ അഴിച്ചുമാറ്റി തന്റെ കഴുത്തിന് താഴെയുള്ള ചുവന്ന തഴന്പ് അനാവൃതമാക്കി. വിരിഞ്ഞുനിൽക്കുന്ന ആ ചുവന്ന അടയാളങ്ങളിലേക്ക് കൊച്ചിറ്റയുടെ കണ്ണുവീണ നിമിഷം, ചിരവയുടെ താളം മുറിഞ്ഞു. തേങ്ങാമുറി തറയിലേക്ക് തെറിച്ചുപോയി കൈയ്യിൽ ചോര പൊടിഞ്ഞു. കൊച്ചിറ്റയുടെ മുഖം വിളറി. കണ്ണുകളിൽ ഭയം കട്ടപിടിച്ചു. ശ്വാസം തൊണ്ടയിൽ കുടുങ്ങി. എവിടെ നിന്നൊക്കെയാണോ മകളെ മാറ്റിനിർത്തിയത് അതിലേക്കുള്ള വാതിലുകൾ തുറക്കപ്പെടുകയാണ്. കണ്ണുനിറഞ്ഞു. തന്റെ അമ്മ കുഞ്ഞാച്ചി പറഞ്ഞത് സത്യമായി. എത്ര ഒളിപ്പിച്ച് വച്ചാലും അവളതറിയും. ഞാനും നീയും നമ്മുടെ പൂർവികരും താണ്ടിയ ദൂരം അറിയാതെ എങ്ങനെയാണ് അവൾ കടന്നുപോകുക? "അതിനെക്കുറിച്ച് മോള് ചിന്തിക്കണ്ട. വായ്‌പ്പുണ്ണ് പോലെ കണ്ടാൽ മതി..' വിറയ്‌ക്കുന്ന തണുത്ത കൈകൾ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് കൊച്ചിറ്റ തെയ്യത്തിരയുടെ കണ്ണുകളിൽ നോക്കി. "അമ്മ ഇനിയും ആരെയാണ് പേടിക്കുന്നത്. ഇത്രയും കാലം അമ്മ ഭയന്ന് ഓടിയത് ആരിൽനിന്നാണ്? സ്വന്തം ഇന്നലെകളിൽ നിന്നാണോ? സത്യം വിളിച്ചുപറയാൻ മണ്ണടിഞ്ഞുപോയ അമ്മാമ്മമാർ എന്നെ ഏൽപ്പിച്ച അവസാനത്തെ രഹസ്യരേഖയാണിത്. ഓരോ പാടിലും വിരിയുന്ന ഈ നോവുകൾ എന്റെ ഉടലിൽ തുന്നിച്ചേർത്ത വംശലിപികളാണ്. ഇനി ഇത് മൂടിവയ്‌ക്കാൻ കഴിയില്ല'– തെയ്യത്തിരയ്‌ക്ക് വിറച്ചു. കൊച്ചിറ്റ തന്റെ കനംകുറഞ്ഞ സാരിത്തലപ്പ് സാവധാനം വകഞ്ഞുമാറ്റി. വലതു തോളിൽനിന്ന് കൈത്തണ്ടവരെ പടർന്നു കിടക്കുന്ന അടയാളം തെയ്യത്തിരയ്‌ക്ക് കാട്ടിക്കൊടുത്തു. ചർമത്തിനടിയിൽനിന്നും ഉയിർത്തെഴുന്നേറ്റ ഒരു വലിയ തിണർപ്പായിരുന്നു അത്. തന്റെ ഉടലിൽ ഇപ്പോൾ പൂത്തുനിൽക്കുന്ന അതേ ചുവന്ന നിറമാണല്ലോ അതിനും. തെയ്യത്തിര അതിലേക്ക് സാകൂതം നോക്കി. അതേ വേദനയുടെ രേഖാചിത്രം. വർഷങ്ങളായി അമ്മ അത് സാരിത്തുമ്പിനുള്ളിൽ ഒളിപ്പിച്ചുവച്ചു. ജീവിതത്തിൽനിന്നും ആട്ടിയോടിച്ച ജനതയുടെ ബാക്കിപത്രമായി അത് തന്റെ ഉടലിലെ പാടുകളുമായി നിശ്ശബ്ദമായി സംവദിക്കുന്നു. "അമ്മയിത് ആരോടും പറഞ്ഞില്ലേ?' തെയ്യത്തിര ആ പാടുകളിലൂടെ വിരലോടിച്ചു. "ഇല്ല. പറഞ്ഞാൽ എന്നെയും അവർ...' കൊച്ചിറ്റ മുഴുമിപ്പിച്ചില്ല. തെയ്യത്തിര വിറയ്‌ക്കുന്ന കൈകളോടെ ദേവൻ സമ്മാനിച്ച ഡയറി തുറന്നു. തഴമ്പുകൾ വിരിഞ്ഞ കൈത്തണ്ടയിലെ വിരലുകൾ പതുക്കെ ചലിച്ചു. "ഞാൻ തെയ്യത്തിര. ഭൂമിയിൽ നിന്നും തുടച്ചുനീക്കാൻ പലരും ശ്രമിച്ചിട്ടും, അതിജീവിക്കുന്ന ഒരു ജനതയുടെ ഉടലിൽ ശേഷിക്കുന്ന അക്ഷരങ്ങളിൽ ഒന്ന്. ഇപ്പോൾ എന്റെ ശരീരം തന്നെ പുസ്‌തകമാണ്. മറവിക്ക് മായ്‌ക്കാൻ കഴിയാത്ത ചോരയും മാംസവും കൊണ്ടാണ് അത് എഴുതപ്പെട്ടിരിക്കുന്നത്.' തെയ്യത്തിരയുടെ തല പുകഞ്ഞുകൊണ്ടിരുന്നു. ദേവനെ കാണണം എന്ന് തോന്നി. തന്റെ ദേവദത്തൻ. അവൻ ചിന്തിക്കുന്നത് തനിക്ക് വായിച്ചെടുക്കാൻ കഴിയുമെന്ന് അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവർക്കിടയിൽ വാക്കുകൾ പലപ്പോഴും അതിഥികൾ മാത്രമാണ്. തിരക്കേറിയ ഒരിടത്ത് നിൽക്കുമ്പോഴോ, ജനലിലൂടെ പെയ്യുന്ന മഴ നോക്കി ഇരിക്കുമ്പോഴോ തെയ്യത്തിര ദേവന്റെ കണ്ണുകളിലേക്ക് നോക്കും. ഒരു തരിമ്പുപോലും ചുണ്ടനക്കാതെ, അവന്റെ ഉള്ളിൽ വിരിയുന്നത് അവൾക്ക് തൊട്ടറിയാം. മനസ്സിന്റെ ഏതോ കോണിൽ അവൻ കരുതിവെച്ച രഹസ്യങ്ങൾ തെയ്യത്തിര ഒരു പുസ്‌തകം പോലെ തുറക്കും. ഈ മാന്പറക്കുന്ന് മലഞ്ചെരുവിൽ, കറുത്ത വാവിന്റെ തലേന്നുള്ള രാത്രികളിൽ കാട് ശ്വാസമടക്കി നിൽക്കുമ്പോൾ, അവന്റെ ചിന്തകൾ അവളുടെ ഉള്ളിലേക്ക് പടരുന്നത് ഒരു തണുത്ത നീരുറവ പോലെയാണ്. കാട്ടുപോത്തുകൾ മേയുന്ന ഈ മലഞ്ചെരുവിലേക്ക് ദേവദത്തനെ ക്ഷണിക്കേണ്ടിയിരുന്നില്ല എന്നവൾക്ക് ഒരുനിമിഷം തോന്നി. ഒന്നും അറിഞ്ഞു കൊണ്ടല്ലല്ലോ എന്നവൾ സമാധാനിച്ചു. ഒരു വർഷമായി പ്രണയിക്കുന്നു. പക്ഷേ, കണ്ടോത്തെ ദേവദത്തന് അറിയില്ല, തന്റെ ഉള്ളിലെ ഈ മിടിപ്പ് ഒരു ശാപമാണെന്ന്. "ദേവാ നീ... നല്ല വെടിപ്പുള്ള ചെക്കനാണല്ലോടാ?' കുഞ്ഞാച്ചി മുറുക്കാൻ ചെല്ലം തുറന്നുകൊണ്ട് ചോദിച്ചു. അവരുടെ ചുണ്ടുകളിൽനിന്ന് ഇറ്റുവീഴുന്ന വെറ്റിലച്ചോരയ്‌ക്ക് വല്ലാത്തൊരു കടുപ്പമുണ്ടായിരുന്നു. "കുഞ്ഞാച്ചി,' തെയ്യത്തിര ശബ്ദം താഴ്‌ത്തി. "ഓനെ ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ...' അവൾ ദേവദത്തന്റെ തോളിലേക്ക് ചേർന്നുനിന്നു. "എനിക്ക് അന്നേ തോന്നി, തെയ്യക്കൂട്ടീടെ കണ്ണ് പിഴയ്‌ക്കില്ലെന്ന്. എന്റെ കെട്ടിയോൻ തുപ്പൻ, മൂപ്പരും ഇതേപോലെ ഒരിനമായിരുന്നു.' കുഞ്ഞാച്ചി കണ്ണുകളടച്ചു. മാന്പറക്കുന്നിന്റെ ചരിത്രത്തിൽ തുപ്പൻ എന്ന പേര് വെറുമൊരു പേരല്ല, ഭീതിയായിരുന്നു. കുഞ്ഞാച്ചിയുടെ വാക്കുകൾ മലഞ്ചെരുവിലെ കാറ്റുപോലെ വന്യമായി. "ആൾക്കാര് പറയും, എന്റെ തുപ്പൻ വലിയ വേട്ടക്കാരനാണെന്ന്. അയാൾ പുലിയെയും നരിയേയും കൊന്നെന്ന്. പക്ഷേ സത്യാവസ്ഥ അതല്ല. ആകാശത്ത് നക്ഷത്രങ്ങളില്ലാത്ത രാത്രികളിൽ മാന്പറക്കാട് ശ്മശാനമൂകമാകും. തുപ്പന്റെ ഉള്ളിലെ പ്രതികാരം ഉണരും. മൂപ്പര് വേട്ടയാടിയത് മൃഗങ്ങളെയല്ല, കാട്ടിൽ വേട്ടക്കിറങ്ങിയ തന്പ്രാക്കളെയായിരുന്നു. ജന്മികളെ ആയിരുന്നു. ഇലയനക്കം പോലുമില്ലാത്ത നിശ്ശബ്ദതയിൽ ഒളിഞ്ഞിരുന്ന്, ഇരയുടെ മേൽ ചാടിവീഴും. ജീവന്റെ തുടിപ്പോടെ അവരുടെ തൊലി ഉരിച്ചെടുക്കും. വേദനയിൽ പതറിപ്പോകുന്ന നിലവിളികൾ മാന്പറക്കാട്ടിലെ പാറക്കെട്ടുകളിൽ തട്ടി പ്രതിധ്വനിച്ച്, താഴ്‌വരയുടെ അങ്ങേയറ്റംവരെ ഭീതിയുടെ പുതപ്പായി പടരും. ചോരയുടെ മണം തളംകെട്ടി നിൽക്കുന്ന കാട്ടുപാതകളിലെ വന്മരങ്ങളുടെ കൊമ്പുകളിൽ ചോര വാർന്നുപോയി വിളറിവെളുത്ത ശവശരീരങ്ങൾ തലകീഴായി തൂങ്ങിക്കിടന്നു. കൈകളിൽ പുരണ്ട ചോരക്കറയുമായി, തുപ്പൻ വീട്ടിലേക്ക് മടങ്ങിത്തുടങ്ങുന്പോൾ മാന്പറക്കാട് താൻ സാക്ഷ്യംവഹിച്ച ആ വലിയ പാപത്തിന്റെ ഭാരത്താൽ വീർപ്പുമുട്ടുന്നുണ്ടാകും.' കുഞ്ഞാച്ചിയെ കേട്ട് ദേവദത്തൻ ചലനമറ്റുനിന്നു. മുറുക്കാൻ ചെല്ലത്തിൽനിന്ന് വെറ്റിലയെടുത്ത് ചുണ്ണാന്പ് തേച്ച് പിടിപ്പിച്ച് അവർ പറച്ചിൽ തുടർന്നു. "മൂപ്പരുടെ മരണംപോലും ഒരു കടങ്കഥയായിരുന്നെടാ...' കുഞ്ഞാച്ചിയുടെ തൊണ്ടയിൽനിന്ന് പുറപ്പെട്ട ആ ശബ്ദത്തിന് ഉണങ്ങിയ ഇലകൾ ചവിട്ടിമെതിക്കുന്ന കടുപ്പമുണ്ടായിരുന്നു. ബൾബിന്റെ മങ്ങിയ വെളിച്ചത്തിൽ അവരുടെ കണ്ണുകൾ ശൂന്യതയിലേക്ക് തുറിച്ചുനോക്കി. "പ്രാന്ത് മൂത്ത്, സ്വന്തം കാലിന്റെ തള്ളവിരൽ കുന്തിച്ചിരുന്ന് കടിച്ചു കീറി പച്ചച്ചോര കുടിക്കുന്നത് കണ്ടപ്പോഴാ... എന്റെ ഉള്ളിലെ പെണ്ണ് ചത്തുപോയത്. ഒരു പൊലച്ചക്ക് വെട്ടുകത്തികൊണ്ട് ഞാൻ മൂപ്പരെ തുണ്ടം തുണ്ടമാക്കുമ്പോൾ എന്റെ കൈകൾ വിറച്ചിരുന്നില്ല. കാടിന്റെ പലയിടങ്ങളിലായി അയാളെ കുഴിച്ചിട്ടു. എന്നിട്ടും...' കുഞ്ഞാച്ചി ഒന്ന് നിർത്തി, പുറത്തെ ഇരുട്ടിലേക്ക് നോക്കി പല്ലുകൾ കൂട്ടിയുരസി.
"എന്നിട്ടും ആ ബാധ തീർന്നില്ലടാ...' കുഞ്ഞാച്ചിയുടെ വിറയ്‌ക്കുന്ന വിരലുകൾ ദേവദത്തന്റെ കൈകളിൽ അമർന്നു. അവന്റെ സിരകളിൽ മഞ്ഞുറഞ്ഞു. ജനാലയ്‌ക്കപ്പുറം കാട് അമറുകയാണ്. കാറ്റിൽ ഉലയുന്ന മരച്ചില്ലകൾ വീടിന്റെ പഴകിയ മേൽക്കൂരയെ മാന്തുന്നു. ആരോ അകത്തേക്ക് വരാൻ വഴി തിരയുന്നതുപോലെ ആ ശബ്ദം മുറിയിലാകെ മുഴങ്ങി. ജനാലയുടെ വിടവിലൂടെ അരിച്ചെത്തിയ തണുത്ത കാറ്റിന് എന്തിന്റെയോ പഴകിയ മണമായിരുന്നു. ദേവദത്തൻ ശ്വാസമടക്കിപ്പിടിച്ചു. കുഞ്ഞാച്ചിയുടെ കണ്ണുകളിൽ അപ്പോഴും വെട്ടുകത്തിയുടെ തിളക്കം ബാക്കിയുണ്ടായിരുന്നു. ദേവൻ തെയ്യത്തിരയുടെ അടുത്തേക്ക് നീങ്ങിനിന്ന് അവളുടെ ചെവിയിൽ പറഞ്ഞു. "നിന്റെ കുഞ്ഞാച്ചിക്ക് ഇതെന്ത് പറ്റി? ഇത് വെറും കഥതന്നെയല്ലേ?' തെയ്യത്തിര ദീർഘമായി നിശ്വസിച്ചു. മറുപടി എന്നോണം മെല്ലെ തലയിളക്കി. അപ്പോഴും അവളുടെ ഉള്ള് പിടഞ്ഞുകൊണ്ടിരുന്നു. മാന്പറക്കാട്ടിൽ പെയ്യുന്ന മൂടൽമഞ്ഞ് വീടിനുള്ളിലേക്ക് അരിച്ചുകയറാൻ തുടങ്ങി. ഭക്ഷണമേശയ്‌ക്ക് ചുറ്റും പുകപറക്കുന്ന നേർച്ചക്കോഴിക്കറിയുടെ മണത്തിനൊപ്പം പതിവില്ലാത്തൊരു മൗനം തളംകെട്ടി നിന്നു. പാത്രങ്ങൾ മേശപ്പുറത്ത് വെക്കുമ്പോൾ കൊച്ചിറ്റയുടെ കൈകൾ നേരിയ തോതിൽ വിറച്ചു. പെട്ടെന്നാണ് വിളമ്പിക്കൊണ്ടിരുന്ന അവരുടെ ചലനങ്ങൾ നിലച്ചത്. ദേവദത്തൻ ഭയന്നുപോയി; കൊച്ചിറ്റയുടെ ശാന്തമായ കണ്ണുകളിൽ ഭീതിതമായ തിളക്കം, വിരലുകൾ മെല്ലെ മേശപ്പുറത്ത് താളമിടാൻ തുടങ്ങി. മരമേശയിൽ നഖങ്ങൾ തട്ടി ഉണ്ടാകുന്ന ശബ്ദം. കൊച്ചിറ്റയുടെ വിരലുകൾക്ക് വേഗത കൂടി. താളത്തിനൊപ്പം അവരുടെ ചുണ്ടുകൾ പുലമ്പിക്കൊണ്ടിരുന്നു. മാന്പറക്കാട്ടിലെ ആ പഴയ ഭീകരതയുടെ ആൾരൂപമായി കൊച്ചിറ്റ മാറുന്നത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. മേശപ്പുറത്തെ താളം ഭയാനകമായി. കൊച്ചിറ്റയുടെ ശബ്ദം പതുക്കെ മാറി, ആഴമേറിയതും വിറയാർന്നതുമായി. "എനിക്ക്... എനിക്ക് ഇവന്റെ തല വേണം! ഒരു താലത്തിൽ എനിക്ക് അത് വേണം!' കൊച്ചിറ്റയുടെ ശബ്ദം പ്രകമ്പനംകൊണ്ടു, നഖങ്ങൾ പെട്ടെന്ന് ചുവന്നു. "അമ്മേ...' കൊച്ചിറ്റ കസേരയിൽ ഇരുന്ന് മുറുക്കുകയായിരുന്ന കുഞ്ഞാച്ചിയെ നോക്കി അലറി. "ഈ ചെക്കന്റെ തല എനിക്ക് വേണംന്ന്! മ്മടെ അച്ഛനപ്പൂപ്പന്മാരുടെ തലയറുത്ത പോലെ ഇവന്റെയും തല എനിക്ക് വേണം', കൊച്ചിറ്റ ദേവനെ ചൂണ്ടി. ആ തണുത്ത മുറിയിൽ, മീറങ്ങാട്ടെ ശവപ്പറമ്പുകളിൽ അലയുന്ന തുപ്പന്റെ വന്യമായ ദാഹത്തോടെ വാക്കുകൾ കഠാര പോലെ തുളച്ചു. ദേവന്റെ നിഴൽ ഭിത്തിയിൽ വിറച്ചുകൊണ്ടിരുന്നു. കൊച്ചിറ്റയുടെ കൈകൾ തന്റെ ശിരസ്സ് അറുത്തെടുക്കാൻ വെമ്പുന്നത് വിശ്വസിക്കാനാവാതെ അവൻ തെയ്യത്തിരയുടെ പിന്നിൽ വിറങ്ങലിച്ചു നിന്നു. തെയ്യത്തിരയൊന്നും മിണ്ടുന്നുണ്ടായിരുന്നില്ല. തന്റെ തൊട്ടടുത്ത് ദേവദത്തന്റെ മരണം വിധിക്കപ്പെടുമ്പോഴും, ഒന്നും സംഭവിക്കാത്തതുപോലെ കുഞ്ഞാച്ചി വെറ്റിലയിൽ ചുണ്ണാന്പ് തെച്ചുകൊണ്ടിരുന്നു. കുഞ്ഞാച്ചിയുടെ നിശ്ശബ്ദത മരണത്തിന്റെ തണുപ്പിനേക്കാൾ ക്രൂരമായിരുന്നു, തുപ്പന്റെ കത്തിമുനയേക്കാൾ മൂർച്ചയുള്ളതായിരുന്നു. അപ്പോഴൊക്കെ തെയ്യത്തിര കൊച്ചിറ്റയ്‌ക്ക് വന്ന മാറ്റത്തെക്കുറിച്ച് അത്ഭുതം കൂറുകയായിരുന്നു. അടക്ക ചുരണ്ടുന്ന ശബ്ദം ദേവദത്തന്റെ മരണമണി പോലെ മുറിയിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. മലഞ്ചെരുവിലെ മരങ്ങൾ കാറ്റിലാടുമ്പോൾ പുറത്ത് ഇരുട്ടിന് കനം വെച്ചു. ദേവദത്തൻ വിറയ്‌ക്കുന്ന കൈകളോടെ തെയ്യത്തിരയെ ബലമായി പിടിച്ചു. തെയ്യത്തിരയുടെ ഉള്ളിലെ മീനാക്ഷി മാന്പറക്കാടിന്റെ ഇരുണ്ട വന്യത സിരകളിൽ ആവാഹിക്കുകയായിരുന്നു. നട്ടെല്ല് വിറച്ചുതുടങ്ങി. കണ്ണുകളിൽ ഇരുട്ട് പടർന്നു. സിരകളിൽ രക്തം തിളച്ചു. തനിക്ക് ചുറ്റുമുള്ള കാറ്റിൽ മീനാക്ഷിയുടെ മണം. ആ മണം അവൾ ഉള്ളിലേക്കാവാഹിച്ച് ദേവദത്തനെ മുറുകെ പിടിച്ചു, കൊച്ചിറ്റയെ നോക്കി അലറി. "തുപ്പാ നിർത്തൂ ! ഇവന്റെ തല നിനക്കുള്ളതല്ല, എനിക്ക് മാത്രമുള്ളതാണ്. ഇവന്റെ പൂർവികർ കൊന്നുതള്ളിയ നമ്മുടെ പൂർവികരുടെ ആത്മാക്കൾക്കായി ഇവന്റെ ചോര വീഴ്‌ത്തണം.' ഇന്നുവരെ കാണാത്ത തെയ്യത്തിരയുടെ ഭാവമാറ്റം. ദേവദത്തന്റെ ചിന്തകൾ അവളുടെ ഉള്ളിൽ അലറിവിളിച്ചു. "തെയ്യത്തിരേ... നിനക്ക് എന്തുപറ്റി?' അവൻ ചോദിച്ചുകൊണ്ടിരുന്നു. കൊച്ചിറ്റ വെട്ടുകത്തിയുമായി എഴുന്നേറ്റു. "ഇവന്റെ തലയറുക്കാൻ അച്ഛൻ എന്നോടാണ് സ്വപ്‌നത്തിൽ പറഞ്ഞത്! ഹഹഹ!' കൊച്ചിറ്റ പൊട്ടിച്ചിരിച്ചു. തെയ്യത്തിര മേശപ്പുറത്ത് ആഞ്ഞടിച്ചു. "ഈ കാടും മലഞ്ചെരിവും എന്റെയുമാണ്. ഇന്ന് ഇവിടെ എന്തുനടക്കണമെന്ന് തീരുമാനിക്കുന്നത് മീനാക്ഷിയാണ്!' തെയ്യത്തിരയുടെ ദേഹത്തെ ചുവന്നപാടുകൾ കൂടുതൽ ചുവന്നുതടിച്ചു. ജനാലകൾ ശക്തിയിൽ തുറന്നടഞ്ഞു. കാട്ടിൽ കുറുനരികൾ ഓരിയിടാൻ തുടങ്ങി. വിളക്കുകൾ അണഞ്ഞു. ഇരുട്ടിൽ കൊച്ചിറ്റയുടെയും തെയ്യത്തിരയുടെയും കണ്ണുകൾ വന്യതയോടെ തിളങ്ങി. ദേവൻ നിലവിളിയായി. "കുഞ്ഞാച്ചി എന്നെ രക്ഷിക്കണം' ദേവദത്തൻ കൈകൂപ്പി കേണു. അതിന് ചെവികൊടുക്കാതെ കുഞ്ഞാച്ചി വായിലെ മുറുക്കാൻ ചണ്ടി മുറ്റത്തേക്ക് തുപ്പി. "ഇത് എല്ലാ ചൈത്രത്തിലെ അമാവാസി രാത്രികളിലും ഉള്ളതാടാ. നീ സമാധാനപ്പെട്.' കുഞ്ഞാച്ചി കാപ്പി മൊത്തിക്കുടിച്ചു. "ആദ്യം തുപ്പനിലൂടെയാണ് പൂർവികർ തങ്ങളെ കൊന്നുതള്ളിയവരോട് കണക്ക് ചോദിച്ചിരുന്നത്. പിന്നീടത് കൊച്ചിറ്റയിലേക്കു പടർന്നു. ഇപ്പോഴിതാ തെയ്യത്തിരയിലേക്കും.' കുഞ്ഞാച്ചിയുടെ മുഖം ചുവന്നു. തെയ്യത്തിര ദേവനെ നോക്കി ക്രൂരമായി ചിരിച്ചു. അവളുടെ വിരലുകൾ അവന്റെ കഴുത്ത് മുറുക്കി. പെട്ടെന്ന് കൊച്ചിറ്റ കത്തിയുമായി തെയ്യത്തിരയ്‌ക്ക് നേരെയടുത്തു. മരണത്തിന്റെ തണുപ്പുള്ള ആ മുറിയിൽനിന്നും ദേവദത്തൻ ഉമ്മറത്തേക്ക് കുതിച്ചുപാഞ്ഞു. ശ്വാസം തൊണ്ടക്കുഴിയിൽ തടയുമ്പോഴും, പിന്നിൽനിന്നും നീളുന്ന ക്രൂരമായ കൈകളിൽനിന്ന് രക്ഷപ്പെടാനായി ഇരുട്ടിലേക്ക് ആഴ്‌ന്നിറങ്ങി. ഓട്ടത്തിനിടയിൽ, മണ്ണിൽ പൊന്തിനിന്ന വേരുകളിലും ആഴമറിയാത്ത മഴക്കുഴികളിലും അവൻ പലതവണ മറിഞ്ഞുവീണു. മുറിവേറ്റ കൈകാലുകളിൽനിന്ന് ചോര ഒലിച്ചിറങ്ങി. തോട്ടത്തിലെ കാറ്റിൽ ഒഴുകിവരുന്ന തെയ്യത്തിരയുടെ ഗന്ധം അവന്റെ ചിന്തകളെ മരവിപ്പിച്ചു. താൻ എത്ര ദൂരം ഓടിയാലും അവളിൽനിന്ന് മോചനമില്ലെന്ന് തിരിച്ചറിഞ്ഞു. ഓരോ ഇരൂൾമരത്തിന് പിന്നിൽനിന്നും അവളുടെ കണ്ണുകൾ തന്നെ പിന്തുടരുന്നുണ്ടെന്ന തോന്നൽ ദേവദത്തന്റെ ഹൃദയമിടിപ്പ് വേഗത്തിലാക്കി. "ദേവാ... ഓടിക്കോ... പക്ഷേ തുപ്പൻ കാട്ടിൽ വിരിച്ച കെണികൾ നീ കടക്കില്ല! ഈ മലഞ്ചെരുവ് മുഴുവൻ മീനാക്ഷിയുടെ കണ്ണുകളാണ്. നിനക്ക് ഒളിക്കാൻ ഇടമില്ല!' തെയ്യത്തിര പടിക്കൽനിന്ന് അലറി വിളിച്ചു. കൊച്ചിറ്റ മുകളിലിരുന്ന് തുപ്പന്റെ രൗദ്രഭാവത്തിൽ ഒച്ചവച്ചു. കുഞ്ഞാച്ചി സ്റ്റീൽ ഗ്ലാസിലെ കയ്‌പ്പുള്ള കാപ്പിയുടെ അവസാന തുള്ളിയും കുടിച്ചുതീർത്തു. ആ ഗ്ലാസ് കഴുകി വെക്കുമ്പോൾ ഉണ്ടായ ലോഹങ്ങളുടെ കിലുക്കം രാത്രിയുടെ നിശ്ശബ്ദതയിൽ മരണം മുഴക്കി. "അടുത്ത പ്രാവശ്യം മ്മക്ക് കണ്ടോത്ത് ജന്മീന്റെ പ്രധാന കയ്യാളായിരുന്ന നന്പീശന്റെ മോനെ വിളിക്കാം,’ കുഞ്ഞാച്ചി മാന്പറക്കുന്നിലെ കനത്ത ഇരുട്ടിലേക്ക് നോക്കി വളരെ ശാന്തമായി പറഞ്ഞു. "അവനാകുമ്പോൾ തുപ്പന് ഇഷ്‌ടപ്പെടും, നല്ല കൊഴുപ്പുള്ള മാംസമുണ്ടാകും; ഇവൻ വെറുമൊരു കൊടിച്ചിപ്പട്ടി. മെലിഞ്ഞുണങ്ങി.’ തെയ്യത്തിര ഉമ്മറത്തെ കൽത്തൂണിൽ ചാരിനിന്ന് ഇരുൾ പുതച്ച കാട്ടിലേക്ക് നോക്കി അട്ടഹസിച്ചു. ദേവദത്തന്റെ പേടിച്ചരണ്ട ചിന്തകൾ, അവന്റെ ഞരക്കവും വിറയലും. തന്റെ ഉള്ളിൽ അവൻ അനുഭവിക്കുന്ന മരണം അവൾക്ക് വല്ലാത്തൊരു ഉന്മാദം നൽകി. ഭയത്തിന്റെ ആഴം ആസ്വദിക്കുന്തോറും കണ്ണുകൾ കൂടുതൽ തീക്ഷ്‌ണമായി. വന്യമായ ആനന്ദം സിരകളിൽ പടർന്നു. മാന്പറക്കാട് വീണ്ടും ശ്‌മശാന മൂകതയിലേക്ക് മടങ്ങിപ്പോയി. മെല്ലെ മഞ്ഞ് പെയ്യാൻ തുടങ്ങി. ആ മഞ്ഞിന് തുപ്പൻ തൊലിയുരിച്ചെടുത്ത മനുഷ്യരുടെ പച്ചച്ചോരയുടെ നിറമുണ്ടോ? മീനാക്ഷിയുടെ ചോരക്കളി തുടരാൻ, അടുത്ത ഇരയെയും കാത്ത് തെയ്യത്തിര മാന്പറക്കാട്ടിലേക്ക് കണ്ണുറപ്പിച്ചു. വന്യമായ പകയോടെ, പുതിയ മാംസത്തിന്റെ പച്ചഗന്ധത്തിനായി കൊച്ചിറ്റയും. -








0 comments