Deshabhimani

നോവൽ–10

പ്രണയരാഷ്ട്രം

പടം
avatar
അശോകൻ ചരുവിൽ-

Published on Nov 14, 2026, 02:21 PM | 8 min read

​​​അനാഥൻ


നോക്കുന്നേടത്തെല്ലാം കടൽ. തലൈമന്നാറിലെത്തിയപ്പോൾ സജിത ആശ്ചര്യപ്പെട്ടു. കടൽ മാത്രമല്ല വെയിലും. പിന്നെ ആളെ പറത്തുന്ന മട്ടിലുള്ള കാറ്റും. മരങ്ങളെന്നു പറയാവുന്നത് കൂടുതലും പനകളാണ്. പനങ്കാടുകൾ. കാറ്റ് പനമ്പട്ടകളിൽ പ്രകമ്പനമുണ്ടാക്കുന്നു. കടൽപോലെ കരയും ഏതാണ്ട് വിജനമാണ്. ഇടയ്ക്ക് എവിടെന്നോ വലയും തോളിലിട്ട് ചില കടൽപ്പണിക്കാർ പ്രത്യക്ഷപ്പെടും. ​സേവ്യറിന്റെ മമ്മ ആഗ്നസ് ഫെർണാണ്ടസ് ഇപ്പോൾ തലൈമന്നാർ പിയറിനടുത്ത് സഹായമാതാവിന്റെ ആരാധനാലയത്തിലാണ്. അവിടെ കയറിച്ചെന്നപ്പോൾ അവർ സജിതയെ മുറുകെ പുണർന്നു. അവരുടെ കണ്ണീരു വീണ് അവളുടെ മുഖം നനഞ്ഞു: “എന്റെ ഉൽക്കണ്ഠകൾ ശമിച്ചു കുഞ്ഞേ. ഞാനിവനെ നിന്നെ ഏൽപ്പിക്കുന്നു.” ​കടൽത്തീരത്ത് മണൽ മാത്രമുള്ള ഒരു പറമ്പിൽ പുതിയ ഒരു പള്ളി പണിതുകൊണ്ടിരിക്കുന്നു. ചുറ്റും മാവും വേപ്പുമടക്കം മരങ്ങൾ വെച്ചുപിടിപ്പിക്കുന്നുണ്ട്. അവ വളർന്നാൽ ഭാവിയിൽ അവിടെ തണൽ ഉണ്ടാകും. ഒരു ചർച്ച് നേരത്തേ ഇവിടെ ഉണ്ടായിരുന്നു. 2009–ലെ ആക്രമണത്തിൽ അതു പാടെ തകർന്നു. “കല്ലിന്മേൽ കല്ലുശേഷിക്കാതെ തകർന്നു” എന്നാണ് അവിടത്ത യുവ വൈദികൻ ഫാദർ അരുൾ ആന്റണി പറഞ്ഞത്. ടാർപോളിൻ കൊണ്ട് നിർമിച്ച ഒരു താൽക്കാലിക ഷെഡ്ഡിലാണ് ഇപ്പോൾ ആരാധന നടക്കുന്നത്. തൊട്ടപ്പുറത്ത് പുരോഹിതനും സഹായികൾക്കും താമസിക്കാനുള്ള ക്വാർട്ടേഴ്സുകൾ പണികഴിഞ്ഞിട്ടുണ്ട്. അതിലൊന്നിൽ ആഗ്നസും സഹപ്രവർത്തകരും കഴിയന്നു. ജർമൻ പ്രവാസി മിഷന്റെ സഹായത്തോടെയുള്ള സമാശ്വാസപ്രവർത്തനമാണ്. കാലത്തു തന്നെ അവർ പുറത്തിറങ്ങും. ദ്വീപിലെ അവശേഷിക്കുന്ന വീടുകളിൽ കയറിയിറങ്ങും. ജീവിക്കാനുള്ള പ്രേരണയാണ് എല്ലാവർക്കും വേണ്ടത്. ​ഒട്ടുമിക്ക വീടുകളിലും ആൾപാർപ്പില്ല. ആളുകൾ ഉള്ള വീടുകളിലും നിശ്ശബ്ദതയാണ്. കുട്ടികൾ പോലും മൗനത്തിലാണ്. ആരും കളിക്കുന്നത് കാണുന്നില്ല. വീട്ടമ്മമാർ കാലത്തെഴുന്നേറ്റ് ഭക്ഷണമുണ്ടാക്കുന്നു. കുഞ്ഞുങ്ങൾക്കുള്ള സ്‌കൂൾ യൂണിഫോം കഴുകിയുണക്കുന്നു. സ്‌കൂളുകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയിട്ട് കുറച്ചു നാളുകളായി. കലാപത്തിൽ തകർന്ന പാത പുനർനിർമിച്ചതുകൊണ്ട് മെഡവാച്ചി ജങ്‌ഷനിൽ നിന്നുള്ള ട്രെയിൻ ശബ്ദമുണ്ടാക്കിക്കൊണ്ട് കടന്നുപോകും. പിന്നെ മാന്നാർ ടൗണിൽ നിന്നു ബസ്സുകൾ വരും. ബസ്സുകളിൽ പാട്ടുണ്ട് എന്നതാണ് ഏക ആശ്വാസം.

പടംചിത്രീകരണം: സുനിൽ അശോകപുരം

ഇടിമുഴക്കം പോലെ തമിഴ് പാട്ടുകൾ അന്തരീക്ഷത്തിൽ അലയടിക്കും. ബസ് കടന്നുപോകുമ്പോൾ മാത്രം നിശ്ശബ്ദത കീറിമുറിക്കപ്പെടും. ​റോഡുകളെല്ലാം തകർന്നു കിടക്കുകയാണ്. കടകൾ ചിലതൊക്കെ തുറന്നു കണ്ടു. പക്ഷേ നിശ്ശബ്ദമായിട്ടാണ് ഇടപാടുകൾ. ചായക്കടയുടെ ചില്ലലമാരകളിൽ പരിപ്പുവടയും ഉള്ളിവടയും ഇടിയപ്പവും നിർവികാരഭാവത്തിൽ കാത്തിരിക്കുന്നു. ​ഇടയ്ക്കൊരു വാക്ക് പാറി വീഴും. ഒരു കുട്ടി വന്ന് ചോദിക്കും. “രെണ്ട് തേങ്കായാപ്പം കൊടുങ്ക മാമാ.” ​ആഗ്നസിനോടും കൂട്ടുകാരോടും വീട്ടമ്മമാർ പറയും: “കുഞ്ഞുങ്ങളെ ഓർത്ത് ജീവിക്കുന്നു ചേച്ചീ. അവരെ പരിപാലിച്ച് വളർത്തുന്നതിന് നമ്മുടെ ജീവൻ കിടക്കേണ്ടതല്ലേ? ഭാവി എന്തെന്ന് ആർക്കറിയാം? നമ്മുടെ കാലത്ത് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല. ഈ കുഞ്ഞുങ്ങളുടെ വിധി നല്ലതായെങ്കിലോ? അതുവരെ അവരെ കൊണ്ടെത്തിക്കണ്ടേ?” ​പിയറിലേക്കുള്ള തിരിവിൽ റോഡുവക്കത്ത് പനമ്പട്ടകൾ കൊണ്ടുണ്ടാക്കിയ ചെറിയ റെസ്റ്റോറന്റിലേക്ക് കയറുമ്പോൾ ആഗ്നസ് സജിതയോട് അടക്കത്തിൽ പറഞ്ഞു: “ഇത് എന്റെ കളിക്കൂട്ടുകാരി അന്ന എന്നു വിളിക്കുന്ന കാതറിൻ ഫെർണാണ്ടസ് നടത്തുന്ന ഭക്ഷണശാലയാണ്. അവളോട് മക്കളെക്കുറിച്ചൊന്നും ചോദിക്കരുത്. അവൾ തകർന്നുപോകും.” ​കുറച്ച് ടൂറിസ്റ്റുകൾ എത്തിയതുകൊണ്ട് ആ കടയിൽ നല്ല തിരക്കുണ്ട്. ഉത്സാഹിയായ വൃദ്ധയാണ് അന്ന. പാവാടയും ടോപ്പും തൊപ്പിയും ധരിച്ച് കടയിലെമ്പാടും പാഞ്ഞു നടക്കുന്നു. ചിരിച്ച് സംസാരിക്കുമ്പോഴും ഏറെ ചുളിവുവീണ മുഖത്ത് എവിടെയോ നിരാശ പതുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അവർ പറഞ്ഞു: ‘‘ആഗ്‌നസ്, നിന്റെ മകനും മരുമകളും വന്ന കാര്യം ഞാൻ അറിഞ്ഞിരുന്നു. നിനക്ക് സന്തോഷമായല്ലോ. ​നിന്റെ കൂട്ടുകാരിയെ എനിക്ക് ഇഷ്ടമായി സേവ്യർ. നല്ല മനസ്സുള്ളവളാണെന്ന് കണ്ടാൽ തന്നെ നിശ്ചയിക്കാം. നല്ല മീൻ കിട്ടുന്ന ദിവസം അത് പാചകം ചെയ്ത് ഞാൻ നിങ്ങളെ വിരുന്നിനുവിളിക്കും. മടിക്കാതെ വരണം.” കാറ്റുകൊണ്ട് വരണ്ട ചുണ്ടുകളിൽ ചിരിവരുത്തി അന്ന പറഞ്ഞു. ​പുറത്തിറങ്ങിയപ്പോൾ ആഗ്നസ് പറഞ്ഞു: “മേയ് 18 അടുത്തുവല്ലോ. എല്ലാവരും സങ്കടങ്ങൾ ഒളിപ്പിച്ച് വെച്ച് കാത്തിരിക്കുകയാണ്, കൊല്ലപ്പെട്ട മക്കളുടെ ഫോട്ടോ പള്ളിപ്പറമ്പിലെ മണലിൽ നിരത്തിവെച്ച് നെഞ്ചത്തടിച്ച് കരഞ്ഞ് നിലവിളിക്കാൻ. അന്നാണ് മുള്ളിവായ്ക്കൽ റിമംബറൻസ് ഡേ. നെഞ്ചുതകരുന്ന വിധമുള്ള നെഞ്ചത്തടിയാണ് കുഞ്ഞേ. ഞങ്ങൾ വികസിപ്പിച്ചെടുത്ത ഒരു കലാപ്രകടനം എന്നു വേണമെങ്കിൽ പരിഷ്‌കാരികൾക്ക് വിളിക്കാം. ചെമ്പുപാത്രത്തിൽ ചുറ്റിക കൊണ്ട് തട്ടും പോലെ അത് പ്രതിധ്വനിക്കും. നിലവിളിയാണെങ്കിൽ അലർച്ച പോലെ. കൊല്ലപ്പെട്ട മക്കൾക്കു വേണ്ടി പാവം മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് വേറെന്ത് ചെയ്യാനാവും?” ​​ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശപ്രവർത്തനങ്ങളും ചെറിയ മട്ടിൽ ഉണ്ട്. പക്ഷേ ഒന്നും അത്ര ഫലവത്താവുന്നില്ല. കൊല്ലപ്പെട്ടവരേക്കാൾ സംഘർഷത്തിനിടയിൽ കാണാതായവരെക്കുറിച്ചാണ് വേവലാതി ഏറെ. എന്നെങ്കിലും അവർ വന്ന് വാതിലിൽ മുട്ടിവിളിക്കുമോ? പക്ഷേ മുട്ടിവിളിക്കുന്നത് പട്ടാളക്കാരാണ്. സേനയുടെ നിരന്തരമായ ഇടപെടൽ ജീവിതം ദുസ്സഹമാക്കുന്നു. കടലിലെ മത്സ്യബന്ധനം നേവിയുടെ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ്. പലപ്പോഴും അധ്വാനിച്ച് ശേഖരിച്ച മത്സ്യം മുഴുവൻ അവർ കൊണ്ടുപോകും. ​ആഗ്നസ് സജിതയോട് പറഞ്ഞു: “കുഞ്ഞേ നീ കരുതും, ഇക്കാണുന്ന വിജനതയും നിശ്ശബ്ദതയും ഇവിടത്തെ സ്വാഭാവികപ്രകൃതിയാണെന്ന്. അല്ല. ഉറക്കെ സംസാരിച്ച് കലമ്പലുണ്ടാക്കുന്നവരായിരുന്നു ഞങ്ങൾ. പ്രത്യേകിച്ച് സ്‌ത്രീകൾ.

പടംചിത്രീകരണം: സുനിൽ അശോകപുരം

ഉണങ്ങിനിൽക്കുന്ന ഈ മരങ്ങൾക്കും പനകൾക്കും അപ്പുറത്ത് ഒരു കാലമുണ്ടായിരുന്നു. സ്ഥലവും. അവിടെയാണ് ഞാൻ ഓടിക്കളിച്ചത്. വേനൽക്കാലമായാൽ ഇങ്ങനെ വെയിൽ മാത്രമല്ല, ഓരോ പള്ളിയിലും മാറി മാറി പെരുന്നാളുണ്ടാകും. പിന്നെ മധുക്ഷേത്രത്തിലെ ഭരണി. ഘോഷയാത്രകൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇന്ന് ഒരാളെ കാണണമെങ്കിൽ എത്രദൂരം നടന്നുപോകണം?” ​സജിത മേഴ്‌സിക്കെഴുതി: “ഞാനും സേവ്യറും മമ്മയും ഇന്നലെ ലോറൻസ് പുണ്യവാളന്റെ കൊടിയുയർത്ത് തിരുന്നാളിന് പോയി. പുരോഹിതൻ കൊടിയുയർത്തിയപ്പോൾ എല്ലാവരും ചേർന്ന് പാട്ടുകൾ പാടി. കുട്ടികളും അമ്മമാരും മുത്തശ്ശിമാരും അപ്പൂപ്പന്മാരും ചേർന്ന്. ലയിച്ചു പാടുക എന്ന് കേട്ടിട്ടില്ലേ? അങ്ങനെയുള്ള പാട്ട്. പാടുമ്പോൾ ചിലർ കരയുന്നുണ്ടായിരുന്നു. ആഗ്നസ് മമ്മ പറഞ്ഞു: പാടുമ്പോൾ പണ്ട് നമുക്കൊപ്പം കൂടിയിരുന്നു പാടിയവരെ ഓർമവരികയാണ്? അവരിപ്പോൾ എവിടെയാണ്?” ​ആഗ്നസിനൊപ്പം സജിതയും സേവ്യറും ജാഫ്‌ന പട്ടണത്തിലേക്ക് യാത്രചെയ്തു. അവിടന്ന് പിന്നെ കൂരിക്കടുവാനിലെ ഫെറിയിലേക്ക്. ബസ്സിലായിരുന്നു നീണ്ടയാത്ര. ബസ്സിൽ പതിവുപോലെ വലിയ വോള്യത്തിൽ പാട്ടുവെച്ചിരുന്നു. യാത്രക്കാർ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നോ എന്തോ? ഓർമകളിൽ പെട്ടതുപോലെ കണ്ണടച്ചിരിക്കുകയായിരുന്നു എല്ലാവരും. റോഡിന്റെ ഇരുഭാഗത്തും കടലാണ്. വീതികുറഞ്ഞ വഴിയിൽ എതിർവശത്തു നിന്നു വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ ഇടമില്ല. ​“വല്ലാതെ പേടിച്ചുപോയി അമ്മേ.” സജിത എഴുതി:- “കടലിലൂടെ ബസ്സിൽ സഞ്ചരിക്കുന്നതുപോലെയാണ് തോന്നുക. ഓളങ്ങൾ ബസ്സിന്റെ അടുത്തുവരെ വന്നു മുട്ടുന്നുണ്ടായിരുന്നു. ജാഫ്‌നയിൽ ഞങ്ങൾ രണ്ടു വീടുകളിലായി മൂന്നുദിവസം താമസിച്ചു. പിന്നെ അവിടന്ന് ബോട്ടിൽ ദ്വീപുകളിലേക്ക് പോയി. ഞങ്ങൾക്ക് കിട്ടിയത് ചെറിയൊരു ബോട്ടാണ്. വലിയൊരു നാടൻവഞ്ചിപോലെ. മോട്ടോർ ഘടിപ്പിച്ചിട്ടുണ്ടെന്ന് മാത്രം. നല്ല വെയിലും. ലൈഫ് ജാക്കറ്റോ മറ്റ് സുരക്ഷിതത്വമോ ഒന്നുമില്ല. ശരിക്കുള്ള ഇരിപ്പിടങ്ങളുമില്ല. കുറേപേർ തോണിപ്പടികളിൽ ഇരുന്നു. ബാക്കിയുള്ളവർ നിന്നു. എത്രയോ കുഞ്ഞുങ്ങളുണ്ട്. തിരകളിൽപ്പെട്ട് ബോട്ട് ചാഞ്ചാടി. പേടി തോന്നിയപ്പോൾ ഞാൻ കുഞ്ഞുങ്ങളെ നോക്കി ആശ്വസിച്ചു. അവർ പേടിക്കുന്നില്ലല്ലോ. ചില കുഞ്ഞുങ്ങളുടെ കയ്യിൽ കളിക്കോപ്പുകളുണ്ട്. ചിലരുടെ കയ്യിലെ കൂടകളിൽ തത്തപോലുള്ള വളർത്തുപക്ഷികൾ. എത്ര ശ്രദ്ധയോടെയാണ് അവരത് കയ്യിൽ വെച്ചിരിക്കുന്നത്. ആർക്കും ആശങ്കയും പരിഭ്രമവും ഇല്ല. മുതിർന്ന ചിലരുടെ കയ്യിൽ വെളുത്ത ആമ്പൽ പൂക്കളുണ്ടായിരുന്നു. ഫെറിയിൽ നിന്ന് വാങ്ങിച്ചവയാണത്. ആഗ്‌നസും പൂക്കൾ വാങ്ങിയിരുന്നു.” ​കടലിലൂടെ അവർ ആദ്യം ചെന്ന ദ്വീപിൽ രണ്ട് ആരാധനാലയങ്ങൾ ഉണ്ടായിരുന്നു. ഒന്നൊരു ബുദ്ധവിഹാരവും മറ്റൊന്ന് ഹിന്ദുക്ഷേത്രവും. രണ്ടിടത്തും നാഗാരാധന ഉണ്ടായിരുന്നു. ആഗ്നസ് രണ്ടിടത്തും പ്രാർഥിച്ചു. കയ്യിലെ വെള്ളാമ്പൽ പൂക്കൾ അപ്പോഴേക്കും വെയിൽ കൊണ്ടു വാടിയിരുന്നു. എങ്കിലും അവ ബുദ്ധവിഹാരത്തിൽ സമർപ്പിച്ചു. തൊട്ടു തന്നെയായിരുന്നു ക്ഷേത്രം. കടുത്ത ചായങ്ങളിൽ കുളിച്ച വലിയൊരാലയം. ആഗ്നസ് സജിതയോട് പറഞ്ഞു: “ഞങ്ങൾ കടൽപ്പണിക്കാർ എല്ലാ മതങ്ങളുടേയും ദൈവങ്ങളെ ആരാധിക്കും. ദൈവത്തെ മാത്രമല്ല; ചെകുത്താനെയും ആശ്രയിക്കും. കരകാണാത്ത കടലല്ലേ? ആരാണ് ആശ്രയത്തിനെത്തുക എന്ന് പറയാനാവില്ലല്ലോ.” ​പിന്നീട് പോയ ദ്വീപിൽ ആൾപാർപ്പ് തീരെ കുറവാണ്. അവിടെ ഒരുപറ്റം കാട്ടുകുതിരകൾ മേയുന്നുണ്ടായിരുന്നു. ആളുകളെ കണ്ടപ്പോൾ അവ പുൽമൈതാനത്തുകൂടെ നിരയൊപ്പിച്ച് പാഞ്ഞുപോയി. വിജനമായ കടൽത്തീരത്ത് ഒരു പള്ളി ചില ഭാഗങ്ങൾ തകർന്ന രൂപത്തിൽ കണ്ടു.

പടംചിത്രീകരണം: സുനിൽ അശോകപുരം

അവിടെ പുരോഹിതരോ സഹായികളോ ആരാധനക്കാരോ ഇല്ല. സദാ കാറ്റു വിശുന്നതു കൊണ്ടായിരിക്കണം പള്ളിമുറ്റവും പരിസരവും വൃത്തിയായി കിടന്നു. എന്നാൽ അൾത്താരയിൽ നിറയെ കരിയിലകൾ കൂടിക്കിടക്കുകയാണ്. തൊട്ടപ്പുറത്ത് സെമിത്തേരി. നിരനിരയായി കുരിശുകൾ നിൽക്കുന്നു. തകർന്നു തുടങ്ങിയ കല്ലറകളാണ്. ഇത് മരണശുശ്രുഷയ്ക്ക് വേണ്ടി മാത്രമുള്ള ദേവാലയമായിരിക്കുമോ? ​പള്ളിയിലേക്ക് കടക്കുന്ന സമയത്ത് ആഗ്നസ് പറഞ്ഞു: “നിങ്ങൾ കടൽത്തീരത്തേക്ക് നടന്നോളൂ. ഞാനിവിടെ കുറച്ചുസമയം ഇരിക്കട്ടെ.” ​“മമ്മ, അകത്ത് പാമ്പോ മറ്റോ ഉണ്ടോ എന്ന് സൂക്ഷിക്കണേ!” സേവ്യർ വിളിച്ചു പറഞ്ഞു. ​അവിടത്തെ പ്രകൃതി പോലെ കടലും ശാന്തമായിരുന്നു. അലകൾ പോലെ ദുർബലമായ തിരകൾ. നീലനിറത്തിൽ തെളിഞ്ഞ ജലം. പക്ഷേ സന്ദർശകർ ആരുമില്ല. എന്നോ ഒരുകാലത്ത് ഇതൊരു പ്രധാനപ്പെട്ട ടൂറിസ്റ്റ് ബീച്ച് ആയിരുന്നിരിക്കണം. ബീച്ചിലേക്കുള്ള വഴിയും പടവുകളും പണ്ടെന്നോ കല്ലുകെട്ടി ഭദ്രമാക്കിയിട്ടുള്ളതാണ്. ഇപ്പോൾ സിമന്റടർന്ന് എല്ലാം നശിച്ചു കാണപ്പെട്ടു. ധാരാളം ഇരിപ്പിടങ്ങളുണ്ട്. എല്ലാം കേടുപറ്റിയത്. ചിലത് പാടെ തകർന്നിരുന്നു. ചിലതിനെ വള്ളിച്ചെടികൾ പടർന്നുകയറി മറച്ചു. സന്ദർശകർക്ക് വെയിലു കൊള്ളാതിരിക്കുന്നതിനുള്ള കുടകളിൽ ചിലതെല്ലാം ബാക്കിയുണ്ട്. ​സേവ്യർ പറഞ്ഞു: “അന്ന് ഞാൻ ശ്രീലങ്കയിലേക്ക് ആദ്യം വന്ന സമയത്തും മമ്മ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നിരുന്നു. നിർബന്ധിച്ചിട്ട്. അന്നും ഈ പള്ളിയിൽ അവർ ഏറെ സമയം ചെലവഴിച്ചു.” ​സജിത പറഞ്ഞു: “മമ്മ ഇനി ജർമനിയിലേക്ക് തിരിച്ചു വരുന്നില്ല എന്ന് എന്നോടു പറഞ്ഞു. ഇനി കുറച്ചു കാലമല്ലേയുള്ളൂ. അതിവിടെ കഴിയണം. ഇപ്പോൾ സേവ്യറിന് നല്ലൊരു കൂട്ടു കിട്ടിയല്ലോ എന്ന് അവർ പറഞ്ഞു.” ​“കർശനമായ സ്വഭാവമാണ് മമ്മയുടേത്. ജർമനിയിലെ തമിഴ് കൂട്ടായ്മകളിൽ അവർ ആഗ്നസ് ടൈഗർ എന്നാണ് അറിയപ്പെടുന്നത്.” സേവ്യർ പറഞ്ഞു. “ജർമനിയിലേക്ക് തിരിച്ചുവരാൻ ഞാൻ അമ്മയെ പ്രേരിപ്പിക്കുകയില്ല. കഴിഞ്ഞ മുപ്പതുവർഷമായി ഞാൻ അവരെ കാണുന്നു. സ്വന്തം തീരുമാനത്തിൽ ഇടപെടാൻ അവർ ആരെയും അനുവദിച്ചിട്ടില്ല. കുറച്ചുകാലം അവർക്ക് ഈജിപ്തുകാരനായ ഒരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു. കുറച്ച് പ്രായമുള്ള മനുഷ്യനാണ്. ഏതാണ്ടൊരു റെഫ്യൂജി തന്നെ. എന്നോട് നല്ല സ്നേഹമായിരുന്നു. അയാൾ തന്റെ ജീവിതത്തിൽ ഇടപെടാൻ ശ്രമിച്ചപ്പോൾ മമ്മ അയാളെ ഒഴിവാക്കി. ​“മകൻ എന്ന നിലയിൽ എന്റെമേൽ തന്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ അവർ ശ്രമിച്ചിട്ടില്ല. എനിക്ക് സ്വയം ഗേൾഫ്രണ്ട്സിനെ തേടിപ്പിടിക്കാൻ കഴിയുന്നില്ലല്ലോ എന്നൊരാശങ്ക അവർക്കുണ്ടായിരുന്നു. എനിക്ക് ഏജ് കെയറിൽ ജോലി കിട്ടിയപ്പോൾ അവർ പറഞ്ഞു, നിനക്ക് ഒരു ജോലി കിട്ടിയിട്ട് ആത്മഹത്യ ചെയ്യാമെന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇപ്പോൾ തീരുമാനം മാറ്റുന്നു. എനിക്ക് കുറച്ചുകാലം കൂടി ജീവിക്കണം. ശ്രീലങ്കയിലേക്ക് തിരിച്ചു പോകണം. അവിടെ കുറച്ച് ജോലികൾ ചെയ്യാനുണ്ട്. ​“ശ്രീലങ്കയിലേക്കുള്ള മടക്കത്തെ ഞാൻ തടഞ്ഞില്ല. അവരെന്തിനാണ് പോകുന്നതെന്ന് എനിക്കറിയാമായിരുന്നു. 2009–ലെ യുദ്ധകാലം മുതൽ അവർ വളരെ അസ്വസ്ഥയായിരുന്നു. അവർക്കപ്പോഴും ശ്രിലങ്കൻ പാസ്പോർട്ടാണ്. അത് കാലഹരണപ്പെട്ടിരുന്നതുകൊണ്ട് ചില പ്രശ്നങ്ങളുണ്ടായി. പിന്നെ എമ്പസിയിൽ പോയി ബഹളംവെച്ച് അവരത് ശരിയാക്കി. ഞാനവരെ ഡ്യൂസൽഡോർഫ് എയർപോർട്ടിൽ കൊണ്ടുവിട്ടു. എയർപോർട്ടിൽ വെച്ച് അവർ പറഞ്ഞു: “എന്നെ ഓർത്ത് നീ വിഷമിക്കരുത്. അമ്മയുടെ ചിറകിൽ മക്കൾക്ക് കഴിയാം. മക്കളുടെ ചിറകിൽ അമ്മമാർക്കും അച്ഛന്മാർക്കും കഴിയാനാവില്ല.


വല്ലപ്പോഴുമൊക്കെ നീ നമ്മുടെ തമിഴ് കൂട്ടായ്മകളിൽ പോകണം.” ​ബീച്ചിൽ നിന്ന് അവർ തിരിച്ചു ചെന്നപ്പോൾ ആഗ്നസ് പള്ളിക്കപ്പുറത്തുള്ള സെമിത്തേരിയിൽ നിൽക്കുകയായിരുന്നു. കല്ലറകൾക്കും കുരിശുകൾക്കും ഇടയിലൂടെ അവർ നടക്കുന്നു. കല്ലറകളിൽ മരണപ്പെട്ടവരുടെ പേരും ജനന മരണ തീയതികളും എഴുതിയിട്ടുണ്ട്. അതു വായിക്കാൻ ശ്രമിക്കുകയാണ്. അവർ പറഞ്ഞു: “കല്ലറകളിലെ എഴുത്ത് ഇങ്ങനെ മാഞ്ഞുപോകുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല.” ​പ്രിയപ്പെട്ട ഭാഷയായതുകൊണ്ട് അവർ തമിഴിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ സജിത ഏറെ സന്തോഷിച്ചു. ജാഫ്‌നയിൽ നിന്ന് തലൈമാന്നാറിലേക്കുള്ള ബസ്സിൽ മമ്മ സജിതക്കൊപ്പമാണ് ഇരുന്നത്. ബസ്സോടുമ്പോൾ അവർ അവളുടെ ചെവിയിൽ പറഞ്ഞു: “എനിക്ക് നിന്നെ നല്ല ഇഷ്ടമായി കുഞ്ഞേ. കുറേ കാലമെങ്കിലും നീ സേവിയറിന് കൂട്ടായി ഉണ്ടാകുമെന്നാണ് ഞാൻ വിചാരിക്കുന്നത്. എല്ലാ കാലത്തേക്കുമായി ഒരു കൂട്ട് എന്ന സംഗതിയില്ല. അങ്ങനെയായാൽ അത് തടവ് പോലെയാവും. സ്നേഹിക്കാൻ കഴിയുന്ന കാലത്തോളം ഒന്നിച്ച് പോകണം. ബന്ധങ്ങൾ ശിഥിലമായാൽ വിഷമിക്കാനൊന്നുമില്ല. എല്ലാ ബന്ധങ്ങളും ഇന്നല്ലെങ്കിൽ നാളെ തകരാനുള്ളതാണ്. ​“ഇവിടെ ഈ തലൈമന്നാറിൽ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. ലോറൻസ് എന്നാണ് അയാളുടെ പേര്. മത്സ്യത്തൊഴിലാളിയാണ്. കൗമാരകാലത്ത് ആരംഭിച്ചതാണ് ഞങ്ങളുടെ അടുപ്പം. രണ്ടു വീട്ടുകാർക്കും സമ്മതമായിരുന്നു. പിന്നീട് എന്റെ അപ്പയും അമ്മയും മരിച്ചശേഷം അയാൾ മാത്രമായിരുന്നു എന്റെ ഏക ബന്ധു. പക്ഷേ പെട്ടെന്നൊരു സാഹചര്യത്തിൽ എനിക്കയാളെ ഉപേക്ഷിച്ച് ഒളിച്ചോടേണ്ടി വന്നു. എനിക്ക് പിന്നീടൊരിക്കലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ല. കൗമാരകാലത്തെ പ്രണയിതാവിനെ പിന്നീടെന്നെങ്കിലും കാണുക എന്നത് ഹൃദയത്തെ പ്രകമ്പനം കൊള്ളിക്കുന്ന കാര്യമാണല്ലോ. അദ്ദേഹം മരിച്ചുപോയതായി അറിഞ്ഞു. തലൈമന്നാർ ലോറൻസ് പള്ളി സെമിത്തേരിയിലെ അദ്ദേഹത്തിന്റെ കല്ലറ ഞാൻ ആഴ്ചയിലൊരിക്കൽ ഇപ്പോൾ സന്ദർശിക്കുന്നുണ്ട്.” ​കുറച്ചുസമയം ആഗ്നസ് നിശ്ശബ്ദയായി ഇരുന്നു. പിന്നെ തുടർന്നു: “എനിക്കിപ്പോൾ നല്ല ആശ്വാസവും സമാധാനവും തോന്നുന്നു. കുറച്ചുകാലം ഇവിടെ ചെലവഴിക്കണം. തോറ്റമനുഷ്യരാണ് ഇവിടെയുള്ളത്. തോൽപ്പിച്ചവരുടെ കീഴിൽ അടങ്ങി ജീവിക്കുന്നതിൽപ്പരം അപമാനകരവും ദയനീയവുമായ സംഗതിയില്ല. എനിക്ക് എൽടിടിഇയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല കുഞ്ഞേ. വേലുപ്പിള്ള പ്രഭാകരനെ എനിക്ക് വെറുപ്പായിരുന്നു. സായുധവിപ്ലവം അതിന്റെ മക്കളേയും കൊല്ലുമെന്ന് പറയാറുണ്ടല്ലോ. അയാൾ എത്രപേരെയാണ് ഇല്ലാതാക്കിയത്? സഭാരത്നം, പത്മനാഭ, ഉമാമഹേശ്വരൻ എന്നിങ്ങനെ എത്ര പോരാളികൾ. മഹേശ്വരനെ പട്ടിണിക്കിട്ടാണ് അയാൾ കൊന്നത്. പക്ഷേ 2009–ൽ പ്രഭാകരന്റെ മകൻ പന്ത്രണ്ടു വയസുള്ള ബാലചന്ദ്രൻ എന്ന കുട്ടി കൊല്ലപ്പെട്ടതിന്റെ വാർത്താചിത്രങ്ങൾ കണ്ടപ്പോൾ എന്റെ മനസ്സു പതറി. രണ്ട് ചിത്രങ്ങളാണ് കണ്ടത്. ഒരു ഗോഡൗണിൽ ഇരുന്ന് മിട്ടായി നുണയുന്ന കുട്ടിയുടേത്. അടുത്ത ചിത്രത്തിൽ അവൻ നിലത്ത് വെടിയേറ്റു വീണ് മരിച്ചു കിടക്കുന്നു. ആ ചിത്രങ്ങൾ കാണുന്നതിന് മുമ്പുള്ളയാളല്ല ഇപ്പോൾ ഞാൻ! ​“തോറ്റ് തകർന്ന് ഇവിടെ ജീവിക്കുന്ന മനുഷ്യർക്കുവേണ്ടി കഴിയാവുന്ന എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.


അതിനുവേണ്ടി മരിക്കാനും. അനുകൂലമായ ഒരു തമിഴ് മൂവ്മെന്റ്‌ ഉണ്ടാവുകയാണെങ്കിൽ ഈ വാർധക്യത്തിലും സയിനഡ് കാപ്‌സ്യൂളുകൾ കഴുത്തിലണിഞ്ഞ് തോക്കുമായി മുന്നോട്ടുപോകാൻ ഞാൻ തയ്യാറാണ്.” ​സജിത അമ്പരപ്പോടെ അവരെ നോക്കി. ​“കുഞ്ഞേ, എനിക്ക് നിന്നോട് ഒരു രഹസ്യം പറയാനുണ്ട്. നീയത് പറ്റിയ അവസരം നോക്കി സേവ്യറിന് കൈമാറണം. മറ്റൊന്നുമല്ല. അവന്റെ ജന്മത്തെ സംബന്ധിച്ച് ഞാൻ മറച്ചുവെച്ച സംഗതിയാണത്. ഏതൊരു മനുഷ്യനും സ്വന്തം ജന്മത്തെക്കുറിച്ച് അറിയാൻ അവകാശമുണ്ട്. ​“തന്റെ അച്ഛൻ ആരെന്ന് അവന് അറിയില്ല. അതറിയണമെന്ന് അവൻ ആഗ്രഹിക്കുന്നുണ്ടാവില്ലേ? ഒരിക്കലും അവനെന്നോട് ചോദിച്ചിട്ടില്ല. സത്യത്തിൽ അവന്റെ അച്ഛൻ ആരാണെന്ന് എനിക്കുമറിയില്ല. അവനെ പ്രസവിച്ചത് ആരാണെന്നും അറിയില്ല. എന്നുവെച്ചാൽ ഞാൻ അവന്റെ ബയോളജിക്കൽ മദർ അല്ല.” ​ഒന്നും പറയാനാവാതെ സജിത ഇരുന്നു. അവളുടെ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു. ബസ് ഒരു മരുഭൂമിയിലൂടെയെന്നവണ്ണം സഞ്ചരിക്കുകയാണ്. ചതുപ്പുനിലങ്ങൾ, ഉപ്പുപാടങ്ങൾ, പനങ്കാടുകൾ. ചുടുകാറ്റ് വീശുന്നു. എന്തോ ഓർത്തു നിൽക്കുന്ന മട്ടിൽ ഒറ്റപ്പെട്ട മരങ്ങൾ. ​“അവൻ ഒരു അനാഥക്കുഞ്ഞാണ്. കലാപത്തിനിടയിൽ എന്റെ കയ്യിൽ വന്നുപെട്ടതാണ്.” ​“നെടുന്തീവിൽ കടൽത്തീരത്ത് നമ്മൾ സന്ദർശിച്ച ഒരു പള്ളി നീ ഓർക്കുന്നുണ്ടാവും. സെമിത്തേരിയിലെ കല്ലറകൾ ഞാൻ തിരഞ്ഞത്. അവിടത്തെ പഴയ വികാരി ഫാദർ എൽമോ ജയരസ എന്ന വൃദ്ധൻ എന്നെ ഏൽപ്പിച്ചതാണ് അവനെ. ഒരുപക്ഷേ അവന്റെ മാതാപിതാക്കൾ ആ സെമിത്തേരിയിൽ ഉറങ്ങുന്നുണ്ടാവും. ​(തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home