തടവുകാരുടെ വേതനം കൂട്ടിയത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ: ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് വലതുപക്ഷ മാധ്യമങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ ശമ്പളം പരിഷ്‌കരിച്ച സംസ്ഥാന സർക്കാർ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്ത് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ. വേതന വർധനവ് നടപ്പാക്കിയത് ഹൈക്കോടതി നിർദേശത്തിന്റെയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിൽ ആണ്. ഈ വസ്തുതകൾ നിലനിൽക്കെയാണ് മാധ്യമങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത്.
രാജ്യത്ത് തടവുകാർക്ക് കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം കർണാടകയാണ് എന്നതാണ് യാഥാർഥ്യം. കർണാടക സർക്കാർ നൽകുന്ന വേതന വർധനവ് ചൂണ്ടികാട്ടി ഒരു തടവുകാരൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൻമേൽ കോടതി പുറപ്പെടുവിച്ച നിർദ്ദേശത്തെ തുടർന്നാണ് വേതനം വർധിപ്പിച്ചത്.
എല്ലാ തടവുകാർക്കും ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാപരമായ തത്വമാണെന്നും മാനുഷികമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വേതനം നിർണയിക്കണമെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.
ജയിലുകളിൽ നിലവിൽ ആറ് വ്യത്യസ്ത വേതനമാണുണ്ടായിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ഇത് വിദഗ്ധ തൊഴിൽ, അർധ വിദഗ്ധ തൊഴിൽ, അവിദഗ്ധ തൊഴിൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കി ഏകീകരിച്ചു.
കർണാടക, ജാർഖണ്ഡ്, തമിഴ്നാട്, ന്യൂഡൽഹി എന്നിങ്ങനെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ തടവുകാരുടെ വേതനം വളരെ കുറവായിരുന്നു. ജയിൽ ചട്ടപ്രകാരം ഈ വേതനം തടവുകാരുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കായും ജയിലിലെ ക്യാന്റീൻ ആവശ്യങ്ങൾക്കും മോചനവിഹിതവുമായാണ് ഉപയോഗിക്കേണ്ടത്.










0 comments