കേരളത്തിന് ഇനി ജനകീയസേന ; മനുഷ്യ–വന്യജീവി സംഘര്‍ഷം കുറയ്‌ക്കാൻ തീവ്രയജ്ഞം

കോഴിക്കോട്
മനുഷ്യ–വന്യജീവി സംഘര്‍ഷം ലഘൂകരിക്കാൻ പൊതുജന പങ്കാളിത്തത്തോടെ തീവ്രയജ്ഞത്തിന് തുടക്കം. 45 ദിവസം നീളുന്ന പദ്ധതികളുടെ ഭാഗമായി പ്രാഥമിക പ്രതികരണ സേന(പിആർടി)യ്‌ക്ക് സംസ്ഥാനം രൂപംനൽകി. വന്യജീവികളിൽനിന്ന് ജീവനും സ്വത്തിനും സംരക്ഷണമൊരുക്കുകയാണ് പിആർടിയുടെ ദൗത്യം. കർമപദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ട് ഞായറാഴ്‌ച ഉദ്‌ഘാടനം ചെയ്‌തു.
നിയമ ഭേദഗതിയടക്കമുള്ള ആവശ്യങ്ങളോട് കേന്ദ്രം നിഷേധ സമീപനം സ്വീകരിച്ച പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ഇടപെടൽ. 3255 സന്നദ്ധ അംഗങ്ങൾ ഉൾക്കൊള്ളുന്ന 327 പിആർടികളാണ് സംസ്ഥാനം രൂപീകരിക്കുന്നത്. ഒമ്പത് പുതിയ ദ്രുത പ്രതികരണ സേന (ആർആർടി)യും നിലവിലുള്ള 28 എണ്ണവും പദ്ധതിയുടെ ഭാഗമാകും. സംസ്ഥാനത്തെ 275 പഞ്ചായത്തുകളിൽ വന്യജീവി ആക്രമണം ശക്തമാണ്. 30 എണ്ണത്തിൽ പ്രശ്‌നം തീവ്രമാണ്. 45 ദിവസം നീളുന്നതാണ് തീവ്രയജ്ഞം. മൂന്നുഘട്ടമായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ പഞ്ചായത്തുകളിൽ വനംവകുപ്പ് ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കും. തുടർന്ന് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പ്രശ്നപരിഹാരത്തിന് സംവിധാനമൊരുക്കും.
കേന്ദ്രസർക്കാരിന്റെ സമീപനം മാറ്റാൻ ആവശ്യപ്പെടുന്നതിനൊപ്പം പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സർക്കാർ ശക്തമായ ഇടപെടൽ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രത്യേക നിയമനിർമാണം നടത്തുമെന്ന് ചടങ്ങിൽ അധ്യക്ഷനായ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
കൃഷി പുനരുജ്ജീവനവും മനുഷ്യ–വന്യജീവി സംഘർഷ ലഘൂകരണവും മിഷൻ പ്രഖ്യാപനം, പ്രൈമറി റെസ്‌പോൺസ് ടീമുകളുടെ പ്രവർത്തനോദ്‌ഘാടനം, സർപ്പ രണ്ടാംഘട്ടം ഉദ്‌ഘാടനം, ഇക്കോ ടൂറിസം മൊബൈൽ ആപ്പ് പ്രകാശനം, ഗോത്രഭേരി രണ്ടാംഘട്ടം ഉദ്‌ഘാടനം, നാടൻ കുരങ്ങുകളുടെ ശാസ്‌ത്രീയ നിയന്ത്രണത്തിനുള്ള പദ്ധതി പുറത്തിറക്കൽ എന്നിവയും നടന്നു.
എന്താണ് പിആർടി
മനുഷ്യ–വന്യജീവി സംഘർഷം കൂടുതലുളളിടത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധസേനയാണ് പ്രാഥമിക പ്രതികരണ സേന. അടിയന്തരഘട്ടങ്ങളിൽ വനംവകുപ്പിന്റെ ദ്രുതപ്രതികരണ സംഘം (ആർആർടി) എത്തുംമുമ്പ് സംഘര്‍ഷം ലഘൂകരിക്കാൻ ഇടപെടുകയാണ് പ്രധാന ദൗത്യം. ജനജാഗ്രതാ സമിതി മുഖേനയാണ് സേന രൂപീകരിക്കുന്നത്. വാര്‍ഡുകളിലോ പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തിലോ രൂപീകരിക്കാം. ചുരുങ്ങിയത് അഞ്ചുപേരുണ്ടാകും.








0 comments