രാഷ്‌ട്രപതി നാളെയെത്തും; തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: രാഷ്ട്രപതിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ചുള്ള റിഹേഴ്സലുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പകൽ 11 മുതല്‍ ശംഖുംമുഖം-ആള്‍സെയിന്റ്സ്–ചാക്ക –പേട്ട–ജനറല്‍ ആശുപത്രി-ആശാന്‍ സ്ക്വയര്‍– മ്യൂസിയം– വെള്ളയമ്പലം– കവടിയാര്‍ റോഡിലും, ശംഖുംമുഖം–വലിയതുറ–പൊന്നറ–കല്ലുംമൂട്– ഈഞ്ചയ്ക്കല്‍–അനന്തപുരി ആശുപത്രി– മിത്രാനന്ദപുരം – എസ്പി ഫോര്‍ട്ട് –ശ്രീകണ്ഠേശ്വരം പാര്‍ക്ക് - തകരപ്പറമ്പ് മേല്‍പ്പാലം - ചൂരക്കാട്ടുപാളയം - തമ്പാനൂര്‍ ഫ്ലൈഓവര്‍ തൈക്കാട് -വഴുതയ്ക്കാട് - വെള്ളയമ്പലം റോഡിലും, വെള്ളയമ്പലം-മ്യൂസിയം–കോര്‍പറേഷന്‍ ഓഫീസ് -രക്തസാക്ഷി മണ്ഡപം–ബേക്കറി ജംഗ്ഷന്‍ –വിമന്‍സ്‍കോളേജ് റോഡിലും, കവടിയാര്‍ –കുറവന്‍കോണം -പട്ടം -കേശവദാസപുരം– ഉള്ളൂര്‍–ആക്കുളം –കുഴിവിള –ഇന്‍ഫോസിസ് –കഴക്കൂട്ടം– വെട്ടുറോഡ് റോഡിലുമാണ് നിയന്ത്രണം.
ശബരിമല ദർശനം ഉൾപെടെ നാലുദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു ചൊവ്വാഴ്‌ച കേരളത്തിലെത്തും. വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന് രാജ്‌ഭവനിൽ തങ്ങും. രാഷ്‌ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് പൊലീസ് ആവശ്യമായ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും. ശബരിമലയിൽ എഡിജിപി എസ് ശ്രീജിത്തിനാണ് ഏകോപന ചുമതല. ബുധനാഴ്‌ചയാണ് ശബരിമല ദർശനം. രാവിലെ 9.20ന് തിരുവനന്തപുരത്തുനിന്ന് ഹെലികോപ്‌റ്ററിൽ പുറപ്പെട്ട് 10.20ന് നിലയ്‌ക്കൽ ഹെലിപാഡിലെത്തും. റോഡു മാർഗം പമ്പയിലും തുടർന്ന് ശബരിമലയിലും എത്തും 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും. വൈകിട്ട് 5.30ന് രാജ്‌ഭവനിൽ മടങ്ങിയെത്തും.
വ്യാഴം രാവിലെ 10ന് രാജ്‌ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ അർധകായ പ്രതിമ അനാച്ഛാദനംചെയ്യും. 12.20ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട് 4.15ന് പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്‌ഘാടനംചെയ്യും. രാത്രി കുമരകം താജ് റിസോർട്ടിൽ തങ്ങും. വെള്ളി പകൽ 12.10ന് എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത് 1.20ന് കെച്ചി നേവൽ ബേസിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നാവികസേനയുടെ പ്രത്യേക വിമാനത്തിൽ ഡെൽഹിയിലേക്ക് മടങ്ങും.










0 comments