രാഷ്ട്രപതി കേരളത്തിൽ; ശബരിമല ദർശനം നാളെ

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
തിരുവനന്തപുരം: ശബരിമല ദർശനം ഉൾപെടെ നാലുദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി. വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്ര സഹമന്ത്രി ജോർജ് കുരിയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. രാഷ്ട്രപതി ഇന്ന് രാജ്‌ഭവനിൽ തങ്ങും.
രാഷ്‌ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് പൊലീസ് ആവശ്യമായ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിൽ എഡിജിപി എസ് ശ്രീജിത്തിനാണ് ഏകോപന ചുമതല. ബുധനാഴ്‌ചയാണ് ശബരിമല ദർശനം. രാവിലെ 9.20ന് തിരുവനന്തപുരത്തുനിന്ന് ഹെലികോപ്‌റ്ററിൽ പുറപ്പെട്ട് 10.20ന് നിലയ്‌ക്കൽ ഹെലിപാഡിലെത്തും. റോഡു മാർഗം പമ്പയിലും തുടർന്ന് ശബരിമലയിലും എത്തും 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും. വൈകിട്ട് 5.30ന് രാജ്‌ഭവനിൽ മടങ്ങിയെത്തും.
വ്യാഴം രാവിലെ 10ന് രാജ്‌ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ അർധകായ പ്രതിമ അനാച്ഛാദനംചെയ്യും. 12.20ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട് 4.15ന് പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്‌ഘാടനംചെയ്യും. രാത്രി കുമരകം താജ് റിസോർട്ടിൽ തങ്ങും. വെള്ളി പകൽ 12.10ന് എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത് 1.20ന് കെച്ചി നേവൽ ബേസിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നാവികസേനയുടെ പ്രത്യേക വിമാനത്തിൽ ഡെൽഹിയിലേക്ക് മടങ്ങും.










0 comments