print edition ഇതോ ഇൻഡോർ മാതൃക? മഴക്കാലപൂർവ ശുചീകരണം സ്‌തംഭിച്ചു


സ്വന്തം ലേഖകൻ
Published on Jun 03, 2026, 01:57 AM | 1 min read
തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണം സ്‌തംഭിച്ചതോടെ ജനങ്ങൾ നേരിടുന്ന ദുരിതം നിയമസഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം. കൃത്യമായ ആസൂത്രണത്തോടെ നടത്തേണ്ടിയിരുന്ന മഴക്കാലപൂർവ ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ പൂർണമായി സ്‌തംഭിച്ചതായി സജി ചെറിയാൻ എംഎൽഎ ശ്രദ്ധ ക്ഷണിക്കലിൽ ചൂണ്ടിക്കാട്ടി. ഭരണവീഴ്‌ചയും ഭരണമുന്നണിയുടെ രാഷ്ട്രീയ അലംഭാവവുമാണ് ഇതിൽ തെളിയുന്നത്. ജനങ്ങളെ പകർച്ചവ്യാധിയുടെ പിടിയിലേക്ക് വലിച്ചെറിയുകയാണെന്ന് ശ്രദ്ധക്ഷണിക്കലിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരം മലിനജലത്തിൽ മുങ്ങിയത് ബിജെപി ഭരിക്കുന്ന കോർപറേഷന്റേയും സംസ്ഥാന സർക്കാരിന്റെയും കെടുകാര്യസ്ഥതയുടെ ഫലമാണ്. കിഴക്കേകോട്ട, തമ്പാനൂർ, പഴവങ്ങാടി, പട്ടം എന്നിവിടങ്ങളിൽ വെള്ളംകയറി. വിമാനത്താവളത്തിലേക്കുള്ള പ്രധാനപാതകൾ വെള്ളത്തിനിടയിലായി. ആമഴയിഴഞ്ചാൻ തോടിന്റെ കരിങ്കൽഭിത്തി പൊളിച്ചുമാറ്റിയശേഷം പുനർനിർമിക്കാത്തതിനാൽ പഴവങ്ങാടിയിൽ ക്ഷേത്രപരിസരത്തും വീടുകളിലും വെള്ളം കയറി. ഇതാണോ ഇൻഡോർ മാതൃകയെന്നും അദ്ദേഹം ചോദിച്ചു.
കൊച്ചി കോർപറേഷനിൽ കാനകൾ മുതൽ കായൽ മുഖംവരെയുള്ള ശുചീകരണത്തിൽ വീഴ്‌ചയുണ്ടായി. പകർച്ചവ്യാധിയുടെ ഭീതിയിലാണ് കേരളം. അപകടകരമായ മരച്ചില്ലകൾ നീക്കിയിട്ടില്ല. സ്‌കൂളുകൾക്ക് സമീപത്തെ വൈദ്യുത ലൈനുകളിൽ ഇൻസ്‌റ്റലേഷൻ നടത്തിയിട്ടില്ല. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാതെയാണ് 70 ശതമാനം സ്‌കൂളുകളും തുറന്നത്. എൽഎസ്‌ജിഡി ബിൽഡിങ് വിഭാഗവും പിഡബ്ല്യുഡിയും തമ്മിൽ തർക്കം തുടരുക യാണ്.
ഹൈക്കോടതി അടക്കം രൂക്ഷമായി വിമർശിക്കുന്ന സ്ഥിതിയുണ്ടായി. പ്രശ്‌നപരിഹാരത്തിന് മുഴുവൻ വകുപ്പുകളെയും ഏകോപിപ്പിച്ച് അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് ജില്ലകളിലെ കാര്യങ്ങൾ വിലയിരുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി കെ എം ഷാജിയും മറുപടി പറഞ്ഞു.











0 comments